വികസനത്താൽ മുങ്ങി ചാവുന്ന കൊച്ചി




കേരളത്തിന്‍റെ സ്വപ്ന നഗരിയായി വാഴ്ത്തുന്ന കൊച്ചിയെ പറ്റി ഇന്നലെ ഹൈക്കോടതി പറഞ്ഞ വാക്കുകള്‍ ഒട്ടും അധികമായി പോയിട്ടില്ല എന്ന് കൊച്ചി കണ്ടവര്‍ക്കും കൊണ്ടവര്‍ക്കും മനസ്സിലാകും. ഇനിയും ആവർത്തിക്കുവാൻ സാധ്യതയുള്ള കുറ്റപ്പെടുത്തലുകൾ കോര്‍പ്പറേഷനെതിരെയും മറ്റ് അധികാര കേന്ദ്രങ്ങൾക്കെതിരെയും നീണ്ടു പോകേണ്ടതുണ്ട്. വന്‍ പദ്ധതികളെ പറ്റി വാചാലമാകുന്നവര്‍, കൊച്ചി പോലയുള്ള തീര പ്രദേശത്തിന്‍റെ, ദ്വീപ സമൂഹം കൊണ്ട് ശ്രദ്ധേയമായ നഗരത്തിന്‍റെ, പരിസ്ഥിതിയെ പരിഗണിക്കാതെ വരുമ്പോൾ അത് നാടിന്‍റെ സ്വൈര്യജീവിതത്തെ ബുദ്ധിമുട്ടിലാക്കും എന്ന് ഓരോ മഴക്കാലവും ആവര്‍ത്തിച്ചു തെളിയിക്കുന്നു. ആ ബുദ്ധിമുട്ടുകളുടെ വലിയ ഭാരം ചുമക്കേണ്ടവർ നഗരത്തിലെ സാധാരണക്കാരാണ്. (ചെറുകിട കച്ചവടക്കാർ, കൂലി പണിക്കാർ, കോളനിവാസികൾ മുതലായവർ). ഇന്നലത്തെ മഴ ആവർത്തിക്കുന്ന ദുരന്തത്തിന്റെ  തെളിവാണ്.


440 ച.കി.മീ.വിസ്തൃതിയുള്ള കൊച്ചി നഗരത്തിന്‍റെ ഇന്നത്തെ ജനസംഖ്യ 21.5 ലക്ഷമാണ്. പതിനാലാം നൂറ്റാണ്ടിലെ മഹാ പ്രളയം ശ്രുഷ്ട്ടിച്ച വേമ്പനാട് കായലും കൊച്ചിയും അനുബന്ധ ദ്വീപുകളും  പെരിയാര്‍ നദിയുടെ പിരിഞ്ഞാെഴുകലും ഈ കാലത്തെ വികസനത്തിന്‍റെ തിട്ടകളില്‍ തട്ടി തകരുന്നത്  ആസൂത്രകരിൽ ആശങ്ക ഉണ്ടാക്കുന്നില്ല.


തിരുവനന്തപുരം നഗരത്തെ ഓര്‍മ്മിപ്പിക്കും വിധം കൊച്ചിയിലെ ചെറുതും വലതുമായ 18  തോടുകള്‍ ഈ നഗരത്തിന്‍യും ഞരമ്പുകളായിരുന്നു. അവ ഒഴുകി എത്തുന്ന വേമ്പനാട്ട് കായലിന്‍റെ 70%വും നഷ്ടപെട്ടു. വികസനത്തിന്‍റെ പേരില്‍ കായല്‍ നശിക്കുമ്പോള്‍ സര്‍ക്കാര്‍ വിഷയത്തോട്  നിസ്സംഹത പുലര്‍ത്തി വരുന്നു. ലുലു മാള്‍ നിര്‍മ്മാണത്തില്‍ നടത്തിയ ഇടപ്പള്ളി തോട് കൈയേറ്റത്തിന് എല്ലാ പിന്തുണയും നല്‍കുവാന്‍ അധികാരികള്‍ക്കൊപ്പം രാഷ്ടീയ നേതാക്കളും മത്സരിച്ചു. ബോള്‍ഗാട്ടി ഭൂമി ഇടപാടിലെ ആരോപണങ്ങള്‍ (അപ്പുറം 26 ഏക്കര്‍ ഭൂമി ഇടപാടിൽ ലുലു ഉടമക്ക് നല്‍കിയ പിന്തുണ) മുതല്‍ മരട് വിഷയത്തിലും അഭിമാന പദ്ധതിയായ മെട്രോ നിര്‍മ്മാണത്തിലും പരിസ്ഥിതിയെ അവഗണിച്ചുള്ള നിലപാടുകള്‍ ഇപ്പോള്‍ കൊച്ചിയെ മുക്കി കൊല്ലുന്നു.


പെരിയാര്‍, ചിത്ര പുഴ, മുട്ടാര്‍ മുതലായ പുഴകളേയും തോടുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കൊച്ചി നഗരത്തിലെ 18 തോടുകള്‍/ കനാലുകള്‍ പരിപൂർണ്ണ തകര്‍ച്ചയെ അഭിമുഖീകരിക്കുകയാണ്. തേവര തോട്, തേവര-പേരണ്ടൂര്‍ തോട്, മാര്‍ക്കറ്റ് തോട്, ചിലവന്നൂര്‍ തോട്, ഇടപള്ളി തോട്, മുല്ലശ്ശേരി കനാല്‍, രാമേശ്വരം കനാല്‍, പണ്ടാര്‍ ചിറ തോട്, പള്ളിച്ചല്‍ തോട് പഴനി തോട് തുടങ്ങിയ നീരൊഴുക്കു കള്‍ നഗരത്തിന്‍റെ ആരോഗ്യകരമായ നിലനില്‍പ്പില്‍ പ്രധാനപെട്ട പങ്കു വഹിക്കുന്നു. 


ഇടപ്പള്ളി കനാല്‍, മുട്ടാര്‍ പുഴയെ ചിത്ര പുഴയുമായി ബന്ധിപ്പിക്കുന്നു. ചിലവന്നൂര്‍ കനാൽ പെരിയാറില്‍ എത്തുന്നുണ്ട്. കൊല്ലം-കോട്ടപ്പുറം കനാല്‍ കൊച്ചിയിലൂടെ കടന്നു പോകുന്നത് നഗരത്തിലെ കനലുകളെ മുഖാമുഖം കണ്ടുകൊണ്ടാണ്. വടക്കന്‍ പറവൂര്‍, ഉദ്യോഗ മണ്ഡല്‍, അമ്പല മുകള്‍ പ്രദേശത്തെ കായലുമായി ബന്ധിപ്പിക്കുന്ന  കനാലുകള്‍  ഒരു കാലത്ത് ഭാരങ്ങള്‍ കടത്തി വിടുവാനും യാത്രക്കും സഹായകരമായിരുന്നു.


നഗരത്തിലെ പ്രധാന തോടുകളുടെ അവസ്ഥയെ പറ്റി Kerala Shipping and Inland Navigation corporation നുവേണ്ടി  NATPAC നടത്തിയ പഠനത്തില്‍ നിന്നും തോടുകളുടെ വീതി കുറഞ്ഞതും തോടുകളിലേക്ക് അഴുക്കു ജലം ഒഴുക്കി വിടുന്നതും മാലിന്യങ്ങള്‍ തള്ളുന്നതും  അനിയന്ത്രിതമായി തുടരുന്നു എന്ന് കണ്ടെത്തി. തേവര-പേരണ്ടൂര്‍ തോട്ടിലേക്ക് 632 പൈപ്പുകളിലൂടെ ഒഴുകി ഇറങ്ങുന്ന മലിന ജലം കൊച്ചി തടാകത്തിനെ മലീമസമാക്കുകയാണ്. നഗരത്തിലെ 36% വെള്ളത്തിലും E-coli ബാക്റ്റീരിയത്തിന്‍റെ സാനിധ്യമുണ്ട്. കനലുകളുടെ  ഒഴുക്കു നിലച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. വെള്ളം അമ്ല ഗുണത്തില്‍ എത്തി.കറുത്ത നിറത്തിലുള്ള വെള്ളത്തിൽ  ജല ജീവികള്‍ക്ക് ജീവിക്കുവാന്‍ കഴിയാത്ത അവസ്ഥയാണ് .ഇന്ന്  അഴുക്കു ചാലായി മാറിയ തോടുകള്‍ ഒരു കാലത്ത് കുളി കടവുകള്‍ ആയിരുന്നു എന്ന് നഗരവാസികൾ ഓർക്കുന്നുണ്ട്.


കൊച്ചി നഗരത്തിലെ തോടുകള്‍ വൃത്തിയാക്കുവാന്‍  ആവിഷ്ക്കരിച്ച പദ്ധതിക്കായി 23.55 കോടി രൂപ മാറ്റി വെച്ചിട്ടുണ്ട് എന്ന് രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടും തോടുകളുടെ അവസ്ഥക്ക് ഒരു മാറ്റവും സംഭിച്ചിട്ടില്ല. കൊച്ചിയിലെ ജല യാത്ര മുതല്‍ കുടിവെള്ളം, ke തുകു ശല്യം മുതലായ വിഷയങ്ങള്‍ കൂടുതല്‍ ദുരിതപൂർവ്വമായി  തീർന്നിരിക്കെ, മെട്രോ നഗര പദ്ധതിയിൽ ഉൾപ്പെട്ട  നഗരത്തില്‍ ഏറ്റവും അവസാനത്തെ 24 മണിക്കൂര്‍ സമയത്തെ മഴയുടെ തോത് 100 മില്ലി മീറ്റര്‍ എത്തിയപ്പോള്‍ നഗരം സ്തംഭിച്ചത് അവിചാരിതമല്ല.


നഗരത്തിലെ പ്രധാന ജല യാത്രാ സംവിധാനത്തെ മെച്ച പെടുത്തുവാന്‍ ഉദ്ദേശിക്കുന്ന ജലമെട്രോ പദ്ധതി 76 km നീളത്തില്‍ 38 ജട്ടികളെ ബന്ധിപ്പിക്കുന്നു. എന്നാല്‍  പദ്ധതി വിജയത്തില്‍ എത്തിക്കുവാന്‍ 50 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടായിരുന്ന ഭാരം കയറ്റിയും ആളുകള്‍ ഉപയോഗിച്ചിരുന്ന സാഹചര്യത്തിലേക്ക് കനാലുകളെ  മടക്കി കൊണ്ടു വരുവാന്‍ ആസൂത്രങ്ങള്‍ ഉണ്ടാകാത്തത് നഗരം  ഇന്നനുഭവിക്കുന്ന വെള്ള കെട്ടും അഴുക്കു ചാലുകളുടെ അവസ്ഥയും കൈയേറ്റവും തുടരുവാനുള്ള പച്ചകൊടിയായി ധരിച്ചാലും തെറ്റില്ല.


പൊളിച്ചു നീക്കുവാൻ കോടതി നിർദ്ദേശിച്ച മരടിലെ ഫ്ലാറ്റുകൾക്കായി ജന പ്രതിനിധികളും ഉദ്യോഗസ്ഥരും മറ്റുള്ളവരും നടത്തിയ ഇടപെടലുകൾ കൊച്ചി നഗരത്തിന്റെ സുരക്ഷയേക്കാളും അവർക്കു പ്രധാനം മറ്റു ചില അജണ്ടകളാണെന്ന് ഓർമ്മിപ്പിക്കുന്നു. 


സുപ്രീം കോടതി ജഡ്ജിമാർ പ്രകടിപ്പിച്ച ആകുലതകൾ കേരളത്തിന്റെ സർക്കാരിന് കൊച്ചിയെ പറ്റി എന്തുകൊണ്ട് ഉണ്ടായില്ല എന്ന ചോദ്യത്തിനുള്ള ഭാഗികമായ ഉത്തരമാണ് ഇന്നലെ ഹൈക്കോടതി നൽകിയത്. മരട് വിഷയത്തിൽ തെറ്റുപറ്റിയ ഹൈക്കോടതി ,കൊച്ചിയെ പറ്റി പുതുതായി നടത്തിയ പരാമർശം കൊച്ചി നഗര സഭയുടെ വീഴ്ച്ചകൾ തിരുത്തുവാവൻ സഹായകമാകും എന്നു പ്രതീക്ഷിക്കാം. കൊച്ചി നഗരത്തെ വീർപ്പുമുട്ടിക്കുന്ന അനധികൃത നിർമ്മാണങ്ങൾ വരും ദിനങ്ങളിൽ പൊളിച്ചു മാറ്റുവാനും കനാലുകൾ ഒഴുകുവാനും അനുവദിച്ചാൽ മാത്രമേ നഗരം പഴയ പ്രതാപ കാലത്തേക്ക്  മടങ്ങി വരികയുള്ളൂ. അതിനായി ജനകീയ ഇടപെടലുകൾ ശക്തമായി ഉയർന്നു വരേണ്ടതുണ്ട്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment