വയനാട് - യാത്രാ നിരോധനവും വന്യജീവികളും




മലബാറിനെ കർണ്ണാടകയും തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന വയനാട് ജില്ലയുടെ പാരിസ്ഥിതികവും കാർഷികവുമായ തിരിച്ചടികൾ വർദ്ധിച്ചു വരുന്നു..വയനാട്ടിലൂടെയുള്ള യാത്രാ നിയന്ത്രണങ്ങൾ ജനങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കും എന്ന കാര്യത്തിൽ സംശയമില്ല. വയനാട്ടിലൂടെ കർണാടകത്തിലേക്ക് 3 റോഡുകളും തമിഴ്നാട്ടിലേക്ക് രണ്ട് റോഡുകളും ആണ് നിലവിലുള്ളത്. 
മാനന്തവാടി / കുട്ട, മാനന്തവാടി / ബാവലി, NH 766, തമിഴ്നാട്ടിലേക്ക് ചീരാൽ, പാട്ടവയൽ എന്നിവ.


വയലുകളുടെ നാടായ വയനാട്ടിൽ 37% വനങ്ങൾ മാത്രം ഇന്നവശേഷിക്കുന്നു. ജില്ലയിൽ ബന്ധിപൂർ, മുതുമല, നാഗർഹോള, B. R.മലകൾ, സത്യമംഗലം, സൈലന്റ് വാലി തുടങ്ങിയ സംരക്ഷിത വനങ്ങൾ(4 കടുവാ സങ്കേതങ്ങൾ )സ്ഥിതി ചെയ്യുന്നു. അതിൽ ദേശീയ പാതാപദവി ലഭിച്ചിട്ടുള്ള NH 766 ലൂടെയുള്ള  രാത്രി യാത്ര ,10 വർഷമായി നയന്ത്രിച്ചിരിക്കുന്നു.(രാത്രിയിൽ ഇരു വശങ്ങളിലേക്കുമായി രണ്ടു ബസ്സുകളും ആംബുലൻസ്സുകളും മാത്രം കടത്തിവിടുന്നുണ്ട്) 300 വർഷമായി നിൽക്കുന്ന റോഡ് വയനാടിന്റെ സാമ്പത്തിക രംഗത്ത് നിർണ്ണായകമാണ്. പാരിസ്ഥിതികമായ തിരിച്ചടികൾ  വിവിധ വിഭാഗം ജനങ്ങളെയും ഒപ്പം വന്യ ജീവികളെയും ബാധിച്ചു.അന്യം നിന്നു പോയ വന്യ ജീവികളുടെ എണ്ണം കുറവല്ല.അവശേഷിക്കുന്നവയ്ക്കാകട്ടെ ഭക്ഷണവും മറ്റും ഇല്ലാത്തതിനാൽ കാടിറങ്ങി കൃഷി നശിപ്പിക്കുന്ന സംഭവങ്ങൾ വർദ്ധിക്കുന്നു. 

 


താരതമ്യേന വാഹനങ്ങൾ കൂടുതലായി കടന്നു പോകുന്ന NH 766 കഴിഞ്ഞാൽ കുട്ട വഴിയുള്ള റോഡിനും 20 km നീളം കടുവാ സങ്കേതത്തിനുള്ളി ലുണ്ട്.കുട്ട വഴിയുള്ള റോഡിൽ മൃഗ സാന്നിധ്യം കൂടുതലാണെന്നു കാണാം.വയനാട്ടിലെ റോഡുകളിലൂടെ കടന്നു പോകുന്ന വാഹനങ്ങൾ മറ്റു ജില്ലകളുമായി താരതമ്യം ചെയ്താൽ  കുറവാണ്. കൂടുതൽ വാഹനങ്ങൾ കടന്നു പോകുന്ന NH 766 ലൂടെ രാത്രിയിൽ പരമാവധി ബസ്സുകളുടെ എണ്ണം 50 ഉം ചരക്കു ലോറികൾ 50 ഓളവും വരും. മറ്റു 4 റോഡുകൾ കൂടി കൂട്ടിയാൽ ആകെ വണ്ടികളുടെ എണ്ണം 400 കടക്കില്ല.വലിയ വാഹനങ്ങൾ  വേഗത കുറച്ചും സൂക്ഷിച്ചുമാണ് പൊതുവേ കടന്നു പോകുന്നത്. പലപ്പോഴും വന്യ ജീവികൾക്ക് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് സ്വകാര്യ വാഹനങ്ങളാണ്.എണ്ണമോ  നിയന്ത്രണമോ ഇല്ലാത്ത അവസ്ഥ വനം പരിസ്ഥിതി മന്ത്രാലയത്തെയും കോടതിയെയും വിഷയത്തിൽ ഇടപെടുവാൻ അവസരമൊരുക്കി.


5 റോഡുകളും കടന്നു പോകുന്നത് നിർണ്ണായകമായ വനത്തിലൂടെയായിട്ടും 300 വർഷം പഴക്കമുള്ള ദേശീയ പാതയിൽ ആദ്യം ഏർപ്പെടുത്തിയ രാത്രി നിയന്ത്രണം നീണ്ട്, റോഡ് അsച്ചിടൽ തീരുമാനത്തിലേക്ക് എത്തുമോ എന്ന ഭയം വയനാട്ടുകാരിൽ ജനിപ്പിച്ചു. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം മൗലിക അവകാശമാണ് എന്ന് കോടതിക്കു മറക്കുവാൻ കഴിയില്ല .ഒപ്പം തന്നെ വന്യജീവി സംരക്ഷണത്തെ ഗൗരവതരമായി കാണുന്ന സമീപനവും പ്രധാനമാണ്.

 


മനുഷ്യരുടെ സഞ്ചാര സ്വാതന്ത്ര്യത്തെ പൂർണമായി സംരക്ഷിക്കണം എന്ന് പറയുന്നത് തന്നെ വന്യജീവികൾക്ക് അവരുടെ അവസ്ഥയിൽ തുടരാൻ കഴിയുന്ന സാഹചര്യം കൂടി ഉണ്ടാക്കുന്ന തരത്തിലായിരിക്കണം. 8 ലക്ഷം വരുന്ന ജില്ലയിലെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെയും മലബാറിലെ മറ്റു ജില്ലകളിലെ കർണ്ണാടക / തമിഴ് നാട് യാത്രികരേയും ബാധിക്കുന്ന പ്രശ്നം ജനങ്ങളുടെ സാമ്പത്തിക രംഗത്തും തിരിച്ചടിയുണ്ടാക്കി.ഇതിനായി പരിഗണിക്കേണ്ട സമീപനത്തിൽ റോഡുകൾ ഉപേക്ഷിക്കാതെ എങ്ങനെ യാത്രയും ഒപ്പം വന്യജീവികൾക്കും സുരക്ഷിതമായ സാഹചര്യമുണ്ടാക്കാം എന്നതിനായിരിക്കണം മുഖ്യ ലക്ഷ്യം.


പാരിസ്ഥിതികമായ വൻ തിരിച്ചടി നേരിടുന്ന വയനാടിന്റെ ഭാവിയെ പരിഗണിച്ച് നിലവിലുള്ള റോഡുകളെ എങ്ങനെ വനത്തിന്റെ സ്വാഭാവികതയെ പരമാവധി  നിലനിർത്തി ഉപയോഗിക്കാം എന്ന വിഷയത്തിൽ അടച്ചിട്ടു കൊണ്ടുള്ള പരിഹാരം പ്രായോഗികമോ യുക്തിഭദ്രമോ അല്ല പകരം,


5 റോഡുകളിലൂടെയുള്ള രാത്രി യാത്ര പൊതു വാഹനങ്ങൾക്കു മാത്രം അനുവദിക്കുക. വാഹനങ്ങളുടെ പ്രകാശം, ശബ്ദം, പുക എന്നിവയെ പ്രകൃതിക്ക് ഇണങ്ങും വിധം ഉപയോഗിക്കൽ.അനുവദിക്കുന്ന വാഹനങ്ങളെ കോൺവേയായി മാത്രം കടത്തിവിടൽ,


Electrical വാഹനത്തിന് പ്രത്യേക പരിഗണന.


വനത്തിനുള്ളിൽ വാഹനങ്ങൾ പൂർണ്ണമായും വന ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിൽ കടത്തിവിടുക.

 


ആനത്താര, മറ്റു ജീവികളുടെ യാത്രാ പഥം എന്നിവയ്ക്ക് തടസ്സമുണ്ടാകാത്ത വിധം റോഡ്‌ ഘടന മാറ്റി എടുക്കൽ. 


വനത്തിനുള്ളിൽ മൃഗങ്ങൾക്ക് ആവശ്യമായ വിഭവങ്ങൾ ലഭ്യമാക്കൽ, അതിനായി വനത്തിന്റെ Canopy , ജല ലഭ്യതയും മറ്റും വർദ്ധിപ്പിക്കൽ.


വയനാടിന്റെ പാരിസ്ഥിതിക തകർച്ചയെ പരിഹരിക്കുവാൻ ഹ്രസ്വകാല ദീർഘകാല പദ്ധതികൾ .


വയനാട്, ഇടുക്കി മുതലായ പ്രദേശങ്ങളിൽ Ribbon Development നിരുത്സാഹപ്പെടുത്തുക.


കൈയ്യേറ്റം ഒഴിപ്പിക്കൽ, അനധികൃത നിർമ്മാണം ഒഴിവാക്കൽ.  


Carrying capacity പരിഗണിച്ചും പ്രകൃതിയെ പരിഗണിച്ചും മാത്രം  റോഡു നിർമ്മാണം, വാഹന നിയന്ത്രണം, Tourism പദ്ധതികൾ.

 


സംസ്ഥാനത്തെ വനത്തിനുള്ളിലൂടെയുള്ള റോഡുകൾക്കെല്ലാം/തീവണ്ടി പാത /  NH 766 അനുഭവത്തിന്റെ പശ്ചാത്തലത്തിൽ വന്യജീവികളുടെ സുരക്ഷയ്ക്കും  ഒപ്പം മനുഷ്യ സഞ്ചാരത്തിനും പരിഗണന നൽകുന്ന പദ്ധതികൾ ആവിഷ്ക്കരിക്കൽ.


വയനാടിന്റെ പ്രശ്നങ്ങൾ ഓരോന്നും രൂക്ഷമായിരിക്കെ പ്രകൃതി സൗഹൃദപരമായ വയനാടിനായി സമയബന്ധിതമായ പദ്ധതികൾ ഉണ്ടാകേണ്ടതുണ്ട്. അതിൽ റോഡുപയോഗത്തിലെ കോടതി ഇടപെടൽ  പ്രധാന വിഷയമായി തുടരുന്നു.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment