സോഷ്യൽ മീഡിയയിൽ വൈറലായി റാസല്‍ ഖൈമയിലെ പിങ്ക് തടാകം




റാസല്‍ഖൈമ: റാസല്‍ ഖൈമയില്‍ പത്തൊമ്പതുകാരൻ കണ്ടെത്തിയ ഒരു പിങ്ക് തടാകമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വൈറലാകുന്നത്. അല്‍ റംസിലെ അല്‍ സറയ്യ തീരത്ത് നിന്ന് നൂറ്റമ്പത് മീറ്റര്‍ ഉള്ളിലേക്ക് മാറിയാണ് പിങ്ക് തടാകം കണ്ടെത്തിയിരിക്കുന്നത്. 19കാരനായ ഷാര്‍ജയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയായ അല്‍ ഫാര്‍സി എന്ന യുവാവാണ് പിങ്ക് തടാകം കണ്ടെത്തിയത്.


ഇയാളുടെ സുഹൃത്ത് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ക്യാമറയും ഡ്രോണും ഉപയോഗിച്ച്‌ തടാകത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം യുവാവ് സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചത്. പങ്കുവെച്ച ഉടനെ തന്നെ അത്ഭുത തടാകം കണ്ടവർ അത് കൂടുതൽ പേരിലേക്ക് പങ്കുവെക്കുകയായിരുന്നു. റാസല്‍ ഖൈമയിലെ അല്‍റംസിലെ ദ്വീപ് പ്രദേശത്താണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.


പിങ്ക് തടാകത്തിലെ വെള്ളം രുചിച്ച്‌ നോക്കിയില്ലെന്നും ചിലപ്പോള്‍ വിഷമായിരിയ്ക്കാന്‍ സാധ്യതയുണ്ടെന്ന് അല്‍ ഫാര്‍സി പറയുന്നു. തടാകത്തിലെ വെള്ളത്തിന്റെ നിറമാറ്റത്തിന്റെ കാരണം പുറത്തു കൊണ്ടു വരാന്‍ പഠനത്തിന് തയ്യാറെടുത്ത് പരിസ്ഥിതി സംരക്ഷണ വകുപ്പ് രംഗത്തെത്തിയിട്ടുണ്ട്. വെള്ളത്തിന്റെ സാമ്പിൾ പരിശോധനയും ശാസ്ത്രീയമായ വിശകലനത്തിനും ശേഷം മാത്രമേ എന്താണ് വെള്ളത്തിന് ഈ നിറം വരാന്‍ കാരണമെന്ന് പറയാന്‍ സാധിക്കുകയുള്ളൂവെന്ന് പരിസ്ഥിതി സംരക്ഷണ വികസന വകുപ്പ് ഡയറക്ടര്‍ ഡോ. സെയ്ഫ് അല്‍ ഗൈസ് അഭിപ്രായപ്പെട്ടു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment