കായല്‍ കയ്യേറ്റങ്ങള്‍ മുഴുവന്‍ നീക്കം ചെയ്യുക; നിയമലംഘനത്തിനെതിരെ പ്രതിഷേധ മാര്‍ച്ച്




കായല്‍ കയ്യേറ്റങ്ങള്‍ മുഴുവന്‍ നീക്കം ചെയ്യുക എന്ന ആവശ്യമുന്നയിച്ച് മരട് നഗരസഭ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുന്നു. നാളെ (05-10-2019 ശനിയാഴ്ച) രാവിലെ 10 മുതലാണ് പ്രതിഷേധ മാർച്ച്. പ്രതിഷേധ മാർച്ചിൽ സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി - സാമൂഹ്യ - രാഷ്ട്രീയ പ്രവർത്തകർ പങ്കെടുക്കുമെന്ന് പരിപാടിയുടെ കൺവീനർ എം. ജെ. പീറ്റര്‍ മരട് അറിയിച്ചു. 


മരടിലെ അനധികൃത നിർമാണം കണ്ടെത്തിയ അഞ്ച് ഫ്ലാറ്റുകൾ സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് പൊളിക്കാൻ തുടങ്ങുന്നതിന്റെ പശ്ചാത്തലത്തിലാണ് സമാന കയ്യേറ്റം നടത്തിയ മറ്റു കെട്ടിടങ്ങൾക്കെതിരെയും നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടക്കുന്നത്. അനധികൃത ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കണ മെന്ന സുപ്രീം കോടതി നിര്‍ദ്ദേശം, താമസക്കാരുടെ പാര്‍പ്പിടപ്രശ്നം ഉന്നയിച്ചുകൊണ്ട്, നടപ്പാക്കാതിരിക്കാന്‍ സര്‍വ്വകക്ഷികളും ചേര്‍ന്നു പരിശ്രമം നടത്തി. മുത്തങ്ങയിലെ നിസ്സഹായരായ ആദിവാസികളെ വെടിവെച്ചുകൊന്ന് വനഭൂമിയില്‍ നിന്നും ഓടിച്ചുവിട്ട, മൂലമ്പള്ളിയിലെ തദ്ദേശവാസികളെ വികസനത്തിന്‍റെ പേരില്‍ പാതിരാത്രിക്ക് ജെസിബി ഉപയോഗിച്ച് വീട് തകര്‍ത്തു ഇറക്കിവിട്ട രാഷ്ട്രീയ നേതൃത്വങ്ങളാണ് നിയമവിരുദ്ധമായി കായല്‍ കയ്യേറി നിര്‍മ്മിച്ച മണിമന്ദിരങ്ങളുടെ ഉടമകള്‍ക്കായി രംഗത്തുവന്നിരിക്കുന്നത്. 


ഇത് അംഗീകരിക്കാവുന്ന സമീപനമല്ല. സുപ്രീം കോടതിയുടെ ഉറച്ച നിലപാടില്‍ നാണം കെട്ടുപോയ സര്‍ക്കാര്‍ സ്വീകരിക്കുമെന്നു പറയുന്ന കാര്യങ്ങള്‍ ആത്മാര്‍ത്ഥമല്ല. ജലസ്രോതസ്സുകളിലുണ്ടായിട്ടുള്ള കയ്യേറ്റങ്ങള്‍ മുഴുവന്‍ നീക്കം ചെയ്യേണ്ടതും കൂട്ടുനിന്ന ഉദ്യോഗസ്ഥരേയും രാഷ്ട്രീയക്കാരേയും കേസെടുത്തു ശിക്ഷിക്കേണ്ടതുമാണെന്ന് പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന സംഘടനകൾ അറിയിച്ചു.


23-09-2019 ന് പെട്രോ ഹൗസില്‍ കൂടിയ കേരളത്തിലെ വിവിധ പരിസ്ഥിതി-രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ കണ്‍വെന്‍ഷന്‍ ഇക്കാര്യങ്ങളില്‍ ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തുകയും സമര പരിപാടികള്‍ക്ക് രൂപം നല്‍കുകയും ചെയ്തിട്ടുണ്ട്.
അതിന്‍റെ ഭാഗമായാണ് നാളെ പ്രതിഷേധം നടത്തുന്നത്. 


സി. ആര്‍ നീലകണ്ഠന്‍, കെ. ജി. ജഗദീശന്‍ (ഫോറം ഫോര്‍ ഡെമോക്രസി), ജോണ്‍ പെരുവന്താനം, പ്രൊ. കുസുമം ജോസഫ്, സി.എസ്. മുരളി (കേരള ദലിത് മഹാസഭ), കെ. സുനില്‍കുമാര്‍ (നവജനാധിപത്യ പ്രസ്ഥാനം), അഡ്വ. ജോണ്‍ ജോസഫ്, പ്രൊ. സീതാരാമന്‍, ഡോ. സി. എം. ജോയ്, ഫാ. പ്രശാന്ത് പാലക്കപ്പള്ളി (പ്രിന്‍സിപ്പാള്‍ എസ്.എച്ച്. കോളേജ്, തേവര), പി. എം. മാനുവല്‍ (ഫോറം ഫോര്‍ ഡെമോക്രസി), അഡ്വ. തുഷാര്‍ നിര്‍മ്മല്‍ സാരഥി (ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം), അഡ്വ. ഭദ്രകുമാരി, വി.ഡീ. മജീന്ദ്രന്‍ (നാഷണല്‍ അലൈന്‍സ് ഓഫ് പീപ്പിള്‍സ് മൂവ്മെന്‍റ്), വി. സി. ജെന്നി (ജനകീയ ജനജാഗ്രതാ പ്രസ്ഥാനം), ടി.എം. വര്‍ഗ്ഗീസ് (നവദര്‍ശനവേദി), വര്‍ഗ്ഗീസ് പുല്ലുവഴി (പരിസ്ഥിതി സംരക്ഷണ കര്‍മ്മസമിതി), ചെഷയര്‍ (അഴിമതി വിരുദ്ധ പ്രവര്‍ത്തകന്‍), നിപുണ്‍ ചെറിയാന്‍ (പീപ്പിള്‍സ് പൊളിറ്റിക്കല്‍ ഫ്രണ്ട്), ഫോജി ജോണ്‍ (എഎപി), അനില്‍ ജോസ് (ഹ്യുമന്‍ വെല്‍നെസ് സ്റ്റഡി സെന്‍റര്‍), ടി. സി. സുബ്രഹ്മണ്യന്‍ (സിപിഐ (എംഎല്‍) റെഡ് സ്റ്റാര്‍), പ്രേം ബാബു (സിപിഐ (എംഎല്‍) റെഡ് സ്റ്റാര്‍), പ്രസാദ് (സിപിഐ), എം. പത്മകുമാര്‍, കബീര്‍ ഷാ തുടങ്ങി നിരവധി പേർ നാളെ നടക്കുന്ന പ്രതിഷേധ പ്രകടനത്തിൽ പങ്കെടുക്കും.


പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് 9895561484, 8921258653, 9446104896 എന്ന നമ്പറുകളിൽ ബന്ധപ്പെടാം.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment