എന്തുകൊണ്ട് പുറക്കാമല സംരക്ഷിക്കപ്പെടണം ?




എന്തുകൊണ്ട് പുറക്കാമല സംരക്ഷിക്കപ്പെടണം ? 

മേപ്പയ്യൂർ ചെറുവണ്ണൂർ പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന കോഴിക്കോട് ജില്ലയിലെ സവിശേഷ പ്രാധാന്യമുള്ള മലയാണ് പുറക്കാമല.അവിടെ കരിങ്കൽ ഖനനത്തിന് ശ്രമങ്ങൾ ആരംഭിച്ചിട്ട് 12 വർഷങ്ങളായി.കോഴിക്കോടിൻ്റെ നെല്ലറ എന്നു വിശേഷിപ്പിക്കുന്ന കരുവോട് ചിറയും വിയ്യഞ്ചിറയും കണ്ടൻ ചിറയുമടങ്ങുന്ന നൂറു കണക്കിന് ഏക്കർ നെല്പാടങ്ങളുടെ കാവലാളാണ് ഈ മല.

 ആയിരക്കണക്കിന് മനുഷ്യർ ഇതിന് ചുറ്റും താമസിക്കുന്നുണ്ട്. തങ്ങളുടെ ആവാസ വ്യവസ്ഥയെ തന്നെ തകർക്കുന്നതാകും പുറക്കാ മലയിൽ ഖനനം നടന്നാൽ സംഭവിക്കുക എന്ന് തിരിച്ചറിഞ്ഞ് കൊണ്ടാണ് ജനങ്ങൾ സമര രംഗത്ത് ഇറങ്ങിയിരിക്കുന്നത് . 


അനധികൃതമായി സംഘടിപ്പിച്ച രേഖകൾ വെച്ച് കോടതിയെ പോലും തെറ്റിദ്ധരിപ്പിച്ച് സമ്പാദിച്ചിട്ടുള്ള ലൈസൻസുകളാണ് "നിയമാനുസൃത രേഖ " എന്ന വ്യാജേന കൊണ്ട് വന്ന് പുറക്കാമല തുരക്കാൻ പദ്ധതിയിടുന്നത്.


പുറക്കാമല സംരക്ഷണ സമിതി പ്രവർത്തകർക്ക് നേരെ നിരവധി കെട്ടിച്ചമച്ച കള്ളക്കേസുകൾ ഇതിനകം ക്വാറി മാഫിയാ സംഘങ്ങൾ കൊടുത്തിട്ടുണ്ട്.


സംരക്ഷണ സമിതിയുട സമരപ്പന്തൽ ഇരുട്ടിൻ്റെ മറവിൽ തകർത്തതും ഗുണ്ടാസംഘങ്ങളെ വിട്ട് സമിതി പ്രവർത്തകരെ കയേറ്റം ചെയ്തതും  ക്വാറി ഉടമകളാണ്.സാമൂഹ്യ വിരുദ്ധ പ്രവർത്തനം നടത്തുകയാണ് ക്വാറി അസോസിയേഷൻ.

പുറക്കാമയിലെ 29/3 റീസർവ്വേ നമ്പറിലുള്ള 2.45 ഏക്കർ സ്ഥലത്താണ് ഖനനത്തിന് ലൈസൻസ് നേടിയെടുത്തിരിക്കുന്നത്. ഈ സ്ഥലം യഥാർത്ഥത്തിൽ നീക്കേ ഭൂമിയായി അടയാളപ്പെടുത്തപ്പെട്ടതാണ്. 2015 ന് ശേഷം കേരളത്തിൽ നീക്കേ ഭൂമി നിയമപരമായി പതിച്ചു കൊടുത്തിട്ടില്ല എന്നാണ് അറിയുന്നത്.അങ്ങിനെയെങ്കിൽ ഈ ഭൂമി കൈവശപ്പെടുത്തുന്നതിൽ വഴിവിട്ട കളികൾ നടത്തിയിട്ടുണ്ട് എന്നു വ്യക്തം.അവിടെ ഖനനം ചെയ്യാൻ വരുന്നവരെ നിയമപരമായും ജനങ്ങളുടെ സംഘടിത ശക്തി ഉപയോഗിച്ചും നേരിടുകയും പ്രതിരോധിക്കുകയും ചെയ്യുമെന്ന ഉറച്ച തീരുമാനത്തിലാണ് ജനങ്ങൾ.


മേപ്പയ്യൂർ വില്ലേജിലെ 34/1 സർവ്വേ നമ്പറിലുള്ള സ്ഥലമായിരുന്നു 2013 ൽ ഖനനത്തിന് തീരുമാനിച്ചത് . അന്നും ഇവർ പറഞ്ഞത് കോടതി ഉത്തരവ് ഉണ്ട് എന്നായിരുന്നു.ഇതറിഞ്ഞ് ഓടിയെത്തിയ പരിസര വാസികളും നാട്ടുകാരും ചേർന്ന് പ്രതിരോധം തീർത്തതോടെ അവർക്ക് തിരിച്ചുപോകേണ്ടി വന്നു. അന്ന് വൈകിട്ട് തന്നെ മണപ്പുറം മുക്കിനടു ത്തുള്ള തട്ടാറമ്പത്ത് വീട്ടിൽ യോഗം ചേർന്നു.നൂറുകണക്കിന് ആളുകൾ യോഗത്തിൽ ഒഴുകിയെത്തി അന്ന് രൂപം കൊടുത്തതാണ് പുറക്കാമല സംരക്ഷണ സമിതി.


 2014 ഡിസംബർ എട്ടിന് വീണ്ടും ക്വാറി ഉടമകൾ ഹൈക്കോടതിയിൽ നിന്ന് പോലീസ് പ്രൊട്ടക്ഷൻ ഉൾപ്പെടെയുള്ള രേഖകളുമായി വടകര എസ്പിയുടെ നേതൃത്വത്തിൽ ഖനനം നടത്താൻ വന്നപ്പോൾ പുറക്കമല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സമരസമിതിയുടെ നേതൃത്വത്തിൽ തടഞ്ഞു അന്ന്  സമരത്തിന് നേതൃത്വം കൊടുത്തവരെ അറസ്റ്റ് ചെയ്തു എങ്കിലും ജനങ്ങളുടെ സമരവീര്യത്തിനും ഐക്യത്തിനും മുന്നിൽ പോലീസും  മാഫിയകളും മുട്ടുമടക്കി .പിന്നീട് സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെ യുള്ള അഞ്ചുപേർക്കെതിരെ ഭൂ ഉടമയെ  കയ്യേറ്റം ചെയ്തു എന്ന പേരിൽ കള്ളക്കേസ് എടുത്തു കേസ് ഇപ്പോഴും കോഴിക്കോട് ജില്ലാ കോടതിയിൽ നടക്കുകയാണ്.


 അന്യായമായി സമ്പാദിച്ച ഭൂമിയിൽ അനധികൃതമായി സംഘടിപ്പിച്ച രേഖകളുമായി വീണ്ടും ഖനന ശ്രമങ്ങൾ തുടരുകയാണ്.എന്തുവില കൊടുത്തും ഖനനശ്രമത്തെ ബഹുജനങ്ങളെ അണിനിരത്തികൊണ്ട് തടയുക തന്നെ ചെയ്യും.

ഞങ്ങൾ വികസന പ്രവർത്തനങ്ങൾക്ക് എതിരല്ല,നാട്ടിൽ ഒരിടത്തും ഖനനം നടത്തരുത് എന്ന അഭിപ്രായവും ഇല്ല.സവിശേഷ പരിസ്ഥിതി പ്രാധാന്യമുള്ള ജൈവഘടന നിലനിൽക്കുന്ന കുന്നും മലയും യാതൊരു മാനദണ്ഡവുമില്ലാതെ തകർത്ത് തരിപ്പണമാക്കുന്നത് നീതികരിക്കാനാ വുന്നതല്ല.

പുറക്കാമലയെ സംബന്ധിച്ചിടത്തോളം 70 ഡിഗ്രി ചെരുവും 70%ത്തി ലധികം പാറയും 30%ത്തിനടുത്ത് മണ്ണുമായാണ് മലസ്ഥിതി ചെയ്യുന്നത് അപൂർവ്വ സസ്യങ്ങളുടെയും,വംശനാശ ഭീഷണി നേരിടുന്ന ജന്തു വർഗ്ഗ ങ്ങളുടേയും സസ്തനികളുടേയും ആവാസകേന്ദ്രം കൂടിയാണ് ഇവിടം. ഇതിന്റെ താഴ്വരയിൽ താമസിക്കുന്നത് നൂറ് കണക്കിന് കുടുംബങ്ങളും അവിടെ ഫലഭൂയിഷ്ടമായ ഭൂമിയും കൃഷിയിടങ്ങളുമുണ്ട്.  

ഖനനം നടന്നാൽ മുകളിൽ നിന്ന് അംമ്ളാശംങ്ങൾ ഒഴുകി പരിസര ത്തുള്ള കിണറുകൾ മലിനമാക്കപ്പെടും ചിറകൾ കൃഷി യോഗ്യമല്ലാ താവും എന്ന് അനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നു.
 
ഇല്യാസ് ഇല്ലത്ത് ചെയർമാനും എം.എം പ്രജീഷ് കൺവീനറുമായി എല്ലാ രാഷ്ടീയ പാർട്ടികളുടേയും പിന്തുണയുള്ള കമ്മറ്റിയാണ് പുറക്കാമല സംരക്ഷിക്കാനുള്ള സമര പ്രഭേത്തിന് നേതൃത്വം കൊടുക്കുന്നത്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment