കോടതി ഉത്തരവിന് പുല്ലുവില ;കാട്ടായിക്കോണത്ത് ഖനനം തുടരുന്നു




തിരുവനന്തപുരം : ഹൈക്കോടതി ഉത്തരവിന് പുല്ലുവില കൽപ്പിച്ച് കാട്ടായിക്കോണത്ത് പാറ ഖനനം നിർബാധം തുടരുന്നു. അതിരാവിലെ നാല് മണി മുതൽ  ഓഫീസ് സമയം തുടങ്ങുന്നത് വരെ  വൻതോതിൽ പാറ പൊട്ടിച്ച് കടത്തുകയാണ്. 50 പേരോളം വരുന്ന ഗുണ്ടാ സംഘത്തിന്റെ കാവലിലാണ് പാറ പൊട്ടിക്കൽ നടക്കുന്നത്. പാറ ഖനനത്തിനെതിരെ സമരം ചെയ്യുന്ന സമരസമിതി പ്രവർത്തകരെ നിരന്തരം ഭീഷണിപ്പെടുത്തുകയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നതായും സമരസമിതി പ്രവർത്തകർ പറഞ്ഞു. കോടതി ഉത്തരവ് ലംഘിച്ച് മൈനിംഗ് ആൻഡ് ജിയോളജി ഓഫീസിൽ പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും ഇവർ പറയുന്നു. കാട്ടായിക്കോണം മേലേവിള കുളപ്പാറയിലെ ഖനനം നിർത്തിവെക്കാൻ ജൂലൈ 30 നാണ് ഹൈക്കോടതി ഉത്തരവിട്ടത്.  ജനവാസമേഖലയിൽ പ്രവർത്തിക്കുന്ന ക്വാറിമൂലം ജീവിതം ദുസ്സഹമാകുന്നതും വീടുകൾ വിണ്ടു കീറുന്നതും ചൂണ്ടിക്കാട്ടി പ്രദേശവാസികൾ നൽകിയ പരാതിയിലായിരുന്നു കോടതിയുടെ ഇടക്കാല ഉത്തരവ്. 

 

അനിയന്ത്രിതമായി തുടരുന്ന ഖനനം മൂലം പ്രദേശത്തെ വീടുകൾ പലതും തകരുകയും പലരും താമസം മാറി പോകുകയും ചെയ്തു. സ്ഥലത്ത് താമസിക്കുന്നവർ ജീവിതം തന്നെ വഴിമുട്ടിയ അവസ്ഥയിലുമാണ്. കൊച്ചുകുട്ടികൾ പോലും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ അനുഭവിക്കുകയാണ്.  പാറ പൊട്ടിക്കുമ്പോൾ ഉണ്ടാകുന്ന കുലുക്കം മൂലം കുട്ടികളെ തൊട്ടിലിൽ കിടത്തി ഉറക്കാൻ പോലും കഴിയുന്നില്ലെന്ന് അമ്മമാർ പരാതിപ്പെടുന്നു. പാറ തെറിച്ച് വീടിന് മുകളിലും മുറ്റത്തുമൊക്കെ വീഴുന്നത് മൂലം പുറത്തേക്കിറങ്ങാൻ പോലും ഭയമാണെന്നും ഇവർ പറയുന്നു. അനുവദനീയമായ അളവിലും ഒരുപാട് ആഴത്തിലാണ് ഇവിടെ ഖനനം നടക്കുന്നത്. 

Read Also : ശ്വാസം മുട്ടി പിടയുന്ന കുഞ്ഞുങ്ങൾക്ക് ആശ്വാസം ; കാട്ടായിക്കോണത്തെ ഖനനം നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ്

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment