ഉരുൾപൊട്ടൽ മുന്നറിയിപ്പ് ഷെൽഫിൽ അടച്ചു സൂക്ഷിച്ച റവന്യൂ അധികാരികൾ മറുപടി പറയണം




ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിന്റെ പ്രളയ മുന്നറിയിപ്പുകളെ, മണ്ണിടിയൽ മുന്നറിയിപ്പുകളെ, ഉരുൾപൊട്ടൽ മുന്നറിയിപ്പുകളെയെല്ലാം കഴിഞ്ഞ ഏഴെട്ട് വർഷക്കാലം അവഗണിച്ച സംസ്ഥാനത്തെ ബന്ധപ്പെട്ട ഡിപ്പാർട്ടുമെൻറുകളിലെ ഉദ്യോഗസ്ഥർക്കെതിരെ എന്തു നടപടിയാണുണ്ടാവുക ? ഈ ഉത്തരവാദിത്വമില്ലാത്ത ഉദ്യോഗസ്ഥ സംവിധാനവും മാറി മാറി വരുന്ന ഭരണനേതൃത്വങ്ങളും തന്നെയല്ലേ ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്.? 

 

കേരളത്തിന്റെ 14.2 ശതമാനം ഭൂപ്രദേശം പ്രളയ സാധ്യതയുളളതാണെന്നു കണ്ടെത്തി അതിന്റെ ഭൂപടമുൾപ്പടെ തയ്യാറാക്കി സെസ് ജില്ലാ കളക്ടർമാർക്കുൾപ്പടെ സമർപ്പിച്ചിരുന്നു. ഉരുൾപൊട്ടലിനു സാധ്യതയുള്ള സ്ഥലങ്ങളുടെയും മണ്ണിടിയാൻ സാധ്യതയുള്ള സ്ഥലങ്ങളുടെയും ഭൂപടങ്ങളും ഇതോടൊപ്പം നൽകിയിട്ടുണ്ട്. ജില്ലകളിലെ ദുരന്തനിവാരണ അതോറിറ്റിയുടെ അധ്യക്ഷ സ്ഥാനത്തുള്ള കളക്ടർമാർ ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ എന്തെങ്കിലും മുന്നൊരുക്കം നടത്തിയിട്ടില്ല. അതീവ മണ്ണിടിയൽ സാധ്യതാ മേഖലയിൽ പോലും പുതിയ ക്വാറികൾ വരുന്നതിനെ തടയാൻ പല കലക്ടർമാരും ശ്രമിച്ചില്ല. കണ്ണൂർ ജില്ലയിലെ പരപ്പ ക്വാറി ഇതിനൊരുദാഹരണമാണ്.

 

റെഡ് സോണിൽ ഉൾപ്പെടുന്ന പരപ്പ ക്വാറിയുടെ പ്രവർത്തനത്തെ സ്റ്റേ ചെയ്യാൻ ഹൈക്കോടതി വേണ്ടിവന്നു. കണ്ണൂരിലെ റവന്യൂ അധികൃതർക്കും സെസിന്റെ പഠന റിപ്പോർട്ട് സംബന്ധിച്ച് വ്യക്തമായ ധാരണയുള്ളതാണല്ലോ. പരപ്പയും തൊട്ടടുത്ത കൊട്ടത്തലച്ചി മലയും പൈപ്പിംഗ് പ്രതിഭാസം പ്രകടമാകുന്ന പ്രദേശങ്ങളാണെന്നും ഭൗമ ശാസ്ത്ര പഠന കേന്ദ്രം വിലയിരുത്തിയിട്ടുണ്ട്. 2008 ൽ സെസ്, CWRDM, KFRI എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു വിശദമായ പഠനം നടന്നത്. കണ്ണൂർ, കോഴിക്കോട് ,വയനാട് , മലപ്പുറം ജില്ലകളിൽ നടത്തിയ വിപുലമായ പഠനത്തിൽ ഉരുൾപൊട്ടൽ സാധ്യതാ മേഖലയിൽ മഴക്കുഴികൾ പോലും ദുരന്തകാരണമായേക്കാം എന്ന് കൃത്യമായി വിലയിരുത്തുണ്ട്. 

 

16° യിൽ കൂടുതൽ ചരിവുള്ള സ്ഥലങ്ങളിൽ കെട്ടിട നിർമാണം അപകടകരമാണെന്നും സ്വാഭാവിക നീരൊഴുക്കുകൾ ഇത്തരം സ്ഥലങ്ങളിൽ ഒരു കാരണവശാലും തടയപ്പെടരുതെന്നും സെസ് പറയുന്നു. ക്വാറികളിൽ നിന്നുമുള്ള വലിയ ലോറികളുടെ സഞ്ചാരം പോലും നേർത്ത മൺപാളിയെ ഇളക്കുകയാണെന്ന് പഠനം വിലയിരുത്തുന്നു. കണ്ണൂർ ജില്ലയിൽ കുഴികളെടുത്തുള്ള മഴവെള്ള സംഭരണത്തിന് പോലും നിയന്ത്രണമുള്ള പഞ്ചായത്താണ് അയ്യൻകുന്ന്. ആ അയ്യൻകുന്ന് പഞ്ചായത്തിലെ ഒന്നിനു മീതെ ഒന്നായിക്കിടക്കുന്ന മൂന്ന് ക്വാറികളിലാണ് ഉരുൾപൊട്ടിയത്. ക്വാറികളും ക്രഷറുമെല്ലാം തകർത്ത് കല്ലും മണ്ണും വെള്ളവും പുഴയിലേക്ക് ഒഴുകിപ്പതിച്ചു.

 


വയനാട്ടിലെ ഈ വർഷത്തെ ആദ്യ ഉരുൾപൊട്ടൽ ബാണാസുരനിൽ തന്നെയാണ് ,വെള്ളമുണ്ട പഞ്ചായത്തിലാണ്. പൈപ്പിംഗ് പ്രതിഭാസം വളരെ കൂടുതലുള്ള പഞ്ചായത്താണ് വെള്ളമുണ്ടയെന്ന് സെസിന്റെ റിപ്പോർട്ടിൽ ഉണ്ട്. ഇവിടെയാണ് ഒരു ഉന്നത കോൺഗ്രസ് നേതാവിന്റെ ഭാര്യാ സഹോദരന്റെ വൻകിട ക്വാറി എല്ലാവരുടെയും ഒത്താശയോടെ പ്രവർത്തിക്കുന്നത്. ബാണാസുര സാഗർ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് പ്രവർത്തിക്കുന്ന ക്വാറികൾക്കെതിരെ ഡാം സേഫ്റ്റി അതോറിറ്റിയോ റവന്യൂ അധികാരികളോ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

 

ബാണാസുരമല ഉൾപ്പെടുന്ന പടിഞ്ഞാറേത്തറ പഞ്ചായത്താണ് ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട് ചർച്ച ചെയ്യാൻ പ്രത്യേക ഗ്രാമസഭ വിളിച്ചു കൂട്ടി ഏറെക്കുറേ അനുകൂലമായ നിലപാട് കേരളത്തിൽ തന്നെ ആദ്യമായി സ്വീകരിച്ചത്. അത് ഈ സെസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തന്നെയായിരുന്നു. 4 വലിയ ക്വാറികളുള്ള കുറിച്യാർ മലയിൽ 11 ഇടത്താണ് ഉരുൾപൊട്ടിയത്. 300 ഏക്കറിൽ എല്ലാ പരിസ്ഥിതി നിയമങ്ങളും ലംഘിച്ച് റിസോർട്ട് പ്രവർത്തിക്കുന്ന വൈത്തിരിയിലല്ലേ ഏറ്റവും കൂടുതൽ നാശമുണ്ടായത് ?? കാരാപ്പുഴ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ചതുപ്പ് നികത്തിയല്ലേ ആസ്റ്റർ മെഡിസിറ്റി 12 നില ഹൈടെക്ക് ആശുപത്രി കെട്ടിപ്പൊക്കിയത്??മീനങ്ങാടി പഞ്ചായത്തിൽ നെൽവയലുകളിൽ പ്രവർത്തിക്കുന്ന ക്വാറികളുടെ ആഴമെത്രയാണ്?

 

സെസിന്റെ റിപ്പോർട്ട് ഷെൽഫിൽ അടച്ചു സൂക്ഷിച്ച റവന്യൂ അധികാരികൾ നിർബന്ധമായും മറുപടി പറയണം.

Green Reporter

Nisanth Pariyaram, Environmental Activist.

Visit our Facebook page...

Responses

0 Comments

Leave your comment