വേമ്പനാട് കായലിനെ തിരിച്ചുപിടിക്കാൻ പദ്ധതിയുമായി സർക്കാർ




ആലപ്പുഴ: വേമ്പനാടിനെ രക്ഷിക്കാൻ കായല്‍ സംരക്ഷണ പദ്ധതിയുമായി സർക്കാർ. പദ്ധതിയുടെ ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ചൊവ്വാഴ്ച മണ്ണഞ്ചേരിയില്‍ വെച്ച് നടത്തി തീരപ്രദേശത്ത്‌ നടപ്പാക്കുന്ന 88 ലക്ഷം രൂപയുടെ മത്സ്യ സംരക്ഷണ പരിപാലന പദ്ധതിക്കു അടുത്തയാഴ്‌ചയോടെ തുടക്കമാകും. ഉള്‍നാടന്‍ മത്സ്യസമ്പത്ത് വര്‍ധിപ്പിച്ച്‌ വേമ്പനാട് കായലിന്റെ പരിസ്ഥിതി സംരക്ഷണമുള്‍പ്പടെയുള്ള പദ്ധതികളാണ് ഇവിടെ നടപ്പാക്കുകയെന്ന് മന്ത്രി വ്യക്തമാക്കി. ഫിഷറീസ്, ഇറിഗേഷന്‍ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നീ വകുപ്പുകളെ ഏകോപിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.


മത്സ്യ സങ്കേതങ്ങളുടെ(പ്രത്യേകിച്ചും കരിമീനിന്‍) സ്ഥാപനം, കറുത്ത കക്കയുടെ പുനരുജ്ജീവനം, കണ്ടല്‍ചെടികള്‍ വച്ചുപിടിപ്പിക്കല്‍, മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കല്‍, നിയമാനുസൃതമല്ലാത്ത വലകള്‍ തിരികെയെടുത്ത് നിയമാനുസൃതമായ കണ്ണി വലിപ്പമുള്ള വലകളുടെ വിതരണം തുടങ്ങിയവയാണ് വേമ്പനാട് കായല്‍ സംരക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പദ്ധതിയുടെ ഭാഗമായി വേമ്പനാട് കായലില്‍ കുമരകം മുതല്‍ ചെമ്പ് വരെയുള്ള ഭാഗത്ത്‌ അഞ്ചു ഹെക്‌ടര്‍ വീതം വരുന്ന ആറു മത്സ്യ സങ്കേതങ്ങളാണു സംസ്‌ഥാന മത്സ്യമായ കരിമീന്‍ കൃഷിക്കായി തയാറാക്കിയിട്ടുള്ളത്‌.


ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന കക്കാ സൊസൈറ്റികള്‍, ഉള്‍നാടന്‍ മത്സ്യ തൊഴിലാളി സഹകരണ സംഘങ്ങള്‍, സ്വയം സഹായ സംഘങ്ങള്‍, കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിലേക്കായി ആലപ്പുഴ ജില്ലയ്ക്ക് 160 ലക്ഷം രൂപ സര്‍ക്കാര്‍ ആദ്യവര്‍ഷം വകയിരുത്തിയിട്ടുണ്ട്. അഞ്ചേക്കര്‍ വരുന്ന കരിമീന്‍ പ്രജനനത്തിനു വേണ്ടിയുള്ള 14 സംരക്ഷണ മേഖലകള്‍ വേമ്പനാട്ടുകായല്‍ ഒരുക്കുകയാണ് ആദ്യപടി. ഇതേ പോലെ തന്നെ കറുത്ത കക്ക വേണ്ടിയും 14 സംരക്ഷിത മേഖലകള്‍ സൃഷ്ടിക്കും. പ്രജനന സമയത്ത് ഈ ഭാഗത്ത് മത്സ്യബന്ധനം നിരോധിക്കും. കരിമീനിന്റെയും കക്കയുടെയും ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള നടപടികള്‍ ജനകീയ പങ്കാളിത്തത്തോടെ ഫിഷറീസ് വകുപ്പ് നടപ്പിലാക്കും. തണ്ണീര്‍മുക്കം ബണ്ടിനോട് ചേര്‍ന്നാണ് കക്കാ സംരക്ഷിത മേഖല സൃഷ്ടിക്കുക.


മത്സ്യസമ്പത്ത് നിലനിര്‍ത്തുന്നതിന് അനിവാര്യമായ കണ്ടല്‍കാടുകള്‍ വച്ചുപിടിപ്പിക്കുന്നതും പദ്ധതിയിലുണ്ട്. ഒരു കിലോമീറ്ററില്‍ 2000 കണ്ടല്‍ചെടികള്‍ വച്ചുപിടിപ്പിക്കും. പൊടി കണ്ണിയുള്ള വലകള്‍ അനുവദിക്കില്ല. 500 ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് വലിയ കണ്ണികളുള്ള വലകള്‍ നല്‍കുന്നതിനുള്ള പദ്ധതിയും ഉണ്ട്. മൂന്നു പട്രോള്‍ ബോട്ടുകള്‍ മത്സ്യ സംരക്ഷണ മേഖല സംരക്ഷിക്കുന്നതിനായി എല്ലാ സമയവും പരിശോധന നടത്തും. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment