അതിരപ്പിള്ളിയിലെ ജൈവ വൈവിധ്യത്തെ തകർക്കുന്നത് സർവ്വനാശത്തെ വിളിച്ചു വരുത്തും 




വൈവിധ്യമാണു ജിവിതം, വൈവിധ്യത്തെ തകർക്കുക എന്നത് മരണമത്രെ' യുഗ പുരുഷനായ സ്വാമി വിവേകാനന്ദന്റെ വാക്കുകളാണിത്. മനുഷ്യ സൃഷ്ടിയിലെയോ, ആശയത്തിലെയോ വൈവിധ്യത്തെ മാത്രമല്ല ഇവിടെ പരാമർശിക്കുന്നത് മറിച്ച് വിശ്വപ്രപഞ്ചത്തെ തന്നെയാണ്.


വൈവിധ്യമെന്നത് സൃഷ്ടിയുടെ ക്രിയാത്മകതയാണ്, ആകാശഗംഗ മുതൽ സൂക്ഷ്മാണു വരെയെടുത്താൽ ഇതു മനസിലാക്കാം. വിശ്വ പ്രപഞ്ചത്തിന്റെ അംശമായ നാം അധിവസിക്കുന്ന ഭൂമിയും ഈ വൈവിധ്യത്താൽ  സമ്പന്നമാണ്‌. പരിണാമം അതിനെ സക്രിയമാക്കുന്നു. ആ ക്രിയാത്മകതയുടെ ഏറ്റവും നല്ല ഉദാഹരണമാണല്ലോ മനുഷ്യൻ.  


എന്നാൽ പത്തൊമ്പതാം നൂറ്റാണ്ടിൽ നിന്നും ഇരുപത്തി രണ്ടാം നൂറ്റാണ്ടിലേക്കു കടക്കുമ്പോൾ മനുഷ്യൻറ സ്വാർത്ഥത എല്ലാ അതിരുകളെയും ഭേദിച്ച് സർവ്വ വൈവിധ്യത്തെയും നശിപ്പിക്കുകയാണ് ചെയ്യുന്നത്. അതിനെ ന്യായീകരിക്കു വാനായി വികസനമെന്നൊരു ലേബലും കൊടുക്കുന്നു, എല്ലാം മറന്നുള്ള ഈയൊരു മനുഷ്യ കേന്ദ്രീകൃത വികസന ഭ്രാന്തിന്റെ 'മറ്റൊരിരയായേക്കും ഭൂമിയുടെ ശ്വാസകോശവും ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതി പ്രാവർത്തികമാവുകയാണെങ്കിൽ. 


യുനെസ്കോയുടെ ലോക പരിസ്ഥിതി പൈതൃക പട്ടികയിൽ പാരിസ്ഥിതിക പ്രാധാന്യമുള്ള മുപ്പത്തിഒൻപതോളം പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന പശ്ചിമ ഘട്ടത്തിലെ ഇരുപതോളം പ്രദേശങ്ങളും സ്ഥിതിചെയ്യുന്നത് കേരളത്തിലാണ്. അങ്ങിനെയുള്ള സഹ്യന്റെ മടിത്തട്ടിൽ സ്ഥിതിചെയ്യുന്ന ആതിരപ്പള്ളി പ്രദേശത്തെ തൊടുമ്പോൾ നാം അതീവ ജാഗ്രത പുലർത്തണം, കാരണം സഹ്യനാണ് നമ്മുടെ ജീവ സന്ധാരണത്തിനാധാരം.


1979 ൽ തുടങ്ങിയ ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുടെ ആലോചനകൾ 1982 ൽ പദ്ധതിയായി വൈദ്യുതി വകുപ്പ് സർക്കാർ മുമ്പാകെ സമർപ്പിച്ചു. അന്ന് 120 മെഗാ വാട്ട് ഉത്പാദനം ലക്‌ഷ്യമിട്ടായിരുന്നു ഇരട്ട ജല വൈദ്യുത പദ്ധതിയെങ്കിൽ, 1986 ൽ 160 മെ. വാ. ഉത്പാദി്പ്പിക്കത്തക്ക വിദത്തിലുള്ള പരിഷ്കൃത പ്രൊപ്പോ സലാക്കി മാറ്റി. പദ്ധതി138 ഹെക്ടർ വന ഭൂമി അതായത് 341ഏക്കറോളം വന പ്രദേശം ഈ പദ്ധതി പ്രാവർത്തികമാകുന്നതോടു കൂടി നഷ്ടപ്പെടുമെന്ന് മനസിലാക്കിയ മനുഷ്യ സ്നേഹികൾ പ്രത്യേകിച്ചും ഗ്രീൻസ് കൊടലിയും, ചാലക്കുടി പുഴ സംരക്ഷണ സമിതിയും പ്രതിഷേധങ്ങളുമായി മുന്നാട്ടു വന്നു.


അമൂല്യമായ വൃക്ഷ ലതാതികളാൽ സമ്പന്നമായ താഴ്ന്ന നിത്യ ഹരിത പുഴയോര കാടുകൾ ആ പ്രദേശത്തിൻറ പ്രത്യേകതയാണ്, അവ നമുക്ക് നഷ്ടപ്പെടും. ഇത്രയും  ഏക്കർ വന ഭൂമി നഷ്ടപ്പെടുക എന്നത് വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കും. മാത്രമല്ല 319ൽ പരം ഇനം പൂക്കുന്ന സസ്യലതകളുണ്ട് അവിടെ. അതിൽ 24 ഇനങ്ങൾ ആ പ്രദേശത്തു മാത്രം വളരുന്നവയാണ് (endemic), ആതിരപ്പിള്ളി പ്രദേശത്തെ ഏറ്റവും പ്രത്യേകത എന്നു പറയാവുന്നത് അപൂർവ്വ ഇനം വേഴാമ്പലുകളാണ്. ഇവ പ്രജനനത്തിനായ് ആശ്രയിക്കുന്നത് ജൈവ വൈവിധ്യ സമ്പന്നമായ താഴ്ന്ന പുഴയോര കാടുകളെയാണ്. വംശ നാശം സംഭവിച്ചു (endangered) കൊണ്ടിരിക്കുന്ന ഇവയെ ഇപ്പോൾ സംരക്ഷിച്ചു വരുന്നതിൽ കാടർ എന്ന ഗിരി വർഗ്ഗത്തിന് വലിയ പങ്കുണ്ട്. പല തരത്തിലുള്ള വന്യ മൃഗങ്ങളുടെയും ആവാസ ഭൂമിയാണ് ഈ പദ്ധതി പ്രദേശം, സഹ്യ പുത്രരായ ആനകളുടെ സഞ്ചാര പാത കൂടിയാണീ വനഭൂമി. 


152 ഓളം ഇനങ്ങൾ (species) വരുന്ന കേരളത്തിലെ ശുദ്ധജല മത്സ്യ  സമ്പത്തിൽ 85 ഇനങ്ങൾ ചാലക്കുടി പുഴയിലാണ്, അതിൽ തന്നെ 35 ഇനങ്ങൾ ആ പ്രത്യക പ്രദേശത്തുള്ളവയും 9 ഇനങ്ങൾ വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്നതുമാണ്. ഇവയുടെയെല്ലാം നിലനിൽപ്പിനീ പദ്ധതി ഭീഷണിയാകും. ഇന്ത്യയിൽ ശുദ്ധജല മത്സ്യ സമ്പത്തുള്ള പുഴകളിൽ പ്രമുഖ സ്ഥാനം ചാലക്കുടി പുഴയ്ക്കുണ്ട്. പദ്ധതി നടപ്പിലാകുന്നതോടു കൂടി പുഴയിലെ ജലത്തിന്റെ 75% ത്തോളം ജലം ടണൽ വഴി തിരിച്ചു വിടും. ഇത് ആ പ്രദേശത്തിൻറ ജൈവ  ആവാസവ്യവസ്ഥയെ സാരമായി ബാധിക്കും. ഇന്ത്യയുടെ നയാഗ്ര എന്നു പറയുന്ന ആതിരപ്പിള്ളി വെള്ളച്ചാട്ടം നമുക്ക് തീരാ നഷ്ടമാകും. ഇതു ശേഷിക്കുന്ന പ്രദേശത്തെ കാർഷിക, കുടിവെള്ള ലഭ്യതയെ എത്ര കണ്ട് ബാധിക്കുമെന്ന് ഊഹിക്കാവുന്നതാണ്.


പ്രകൃതിയുമായിണങ്ങി ജീവിക്കുന്ന മണ്ണിന്റെ യഥാർത്ഥ അവകാശികളായ കാടർ എന്ന ഗിരി വർഗ്ഗക്കാരുടെ ഒമ്പത് സെറ്റിൽമെൻറുകൾ അവിടെയുണ്ട്. എൺപതി ലധികം കാടർ കുടുംബങ്ങൾ അവിടെ താമസിച്ചു വരുന്നു. ചാലക്കുടി പുഴയിൽ നിലവിൽ ആറു ഡാമുകളുണ്ട്. ഇവയുടെ നിർമ്മാണത്തിൽ കാടർ സമൂഹം പലയിടങ്ങളിലേക്കായി കുടിയൊഴിപ്പിച്ച്, ഈ പദ്ധതി പ്രാവർത്തിക മാകുന്നതോടു കൂടി അവർ സ്വന്തം മണ്ണിൽ നിന്നും പലായനം ചെയ്യേണ്ടിവരും.ഗിരി വർഗ്ഗകാരുടെയും കാട്ടിലെ നിവാസികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി വനാ വകാശ നിയമം 2006 നിലവിൽ വന്നിരുന്നു. കാടിനെയും വന വിഭവങ്ങളെയും വന്യ ജീവികളെയും പുഴകളെയും മറ്റും സംരക്ഷിക്കുവാനുള്ള അവകാശം ഇവർക്ക് ഈ നിയമം നൽകുന്നു. അതിന് ദോഷം വരുന്ന ഏതെങ്കിലും പ്രവർത്തി തടയുവാനുള്ള അധികാരവും അവരുടെ ഗ്രാമ സഭകൾക്കുണ്ട്. ഇതൊന്നും പാലി്ക്കാതെയാണ് പല സമിതികളും പരിസ്ഥിതി ആഘാത റിപ്പൊർട്ടുകൾ കൊടുത്തിട്ടുള്ളത്. അതിനാൽ നിലവിൽ ആതിരപ്പിള്ളി പദ്ധതി ഗിരിവർഗ്ഗത്തിൻറ ഗ്രാമസഭയുടെ അനുമതിയില്ലാതെ തുടരുവാൻ കഴിയില്ല.


തുടരും

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment