കേരള വന്യജീവി സംരക്ഷണ (ഭേദഗതി )  ബിൽ തളളിക്കളയണം 


First Published : 2025-11-17, 01:31:03pm - 1 മിനിറ്റ് വായന



കേരള വന്യജീവി സംരക്ഷണ(ഭേദഗതി )ബില്ലിന് അംഗീകാരം നൽകാതെ തള്ളിക്കളയണമെന്ന് മേധാ പട്കർ, മേനകാ ഗാന്ധി , ഗോവാ ഫൌണ്ടേഷൻ ഡയറക്ടർ ക്ളോഡ് അൽവാരിസ് , മുൻ നാഷനൽ വൈൽഡ് ലൈഫ് ബോർഡ് മെമ്പർ പ്രവീൺ ഭാർഗ്ഗവ്, പ്രസിദ്ധ അഭിഭാഷകൻ ഋത്വിക് ദത്ത, കേരള ജൈവവൈവിധ്യ ബോർഡ് മുൻ ചെയർമാൻ വി.എസ്സ്. വിജയൻ, മുൻ പ്രിൻസിപ്പൾ ചീഫ് കൺസർവേറ്റർ മാരായ പ്രകൃതി ശ്രീവാസ്തവ, ഒ.പി.കലേർ , പി.എൻ. ഉണ്ണികൃഷ്ണൻ,സുരേന്ദ്രകുമാർ എന്നിവരടക്കമുള്ള ഇന്ത്യയിലെ 80 ൽ പരം ബ്യൂറോക്രാറ്റുകളും സാമൂഹ്യ പരിസ്ഥിതി പ്രവർത്തരും കേരള ഗവർണ്ണറോട് അഭ്യർഥിച്ചു .

 കേരള അസംബ്ലി അംഗീകരിച്ച ബിൽ വന്യജീവികൾക്ക് ഭരണഘടന നൽകുന്ന സംരക്ഷണ സംവിധാനങ്ങൾ അട്ടിമറി ക്കുന്നതും ഹൃസ്സ്വദൃഷ്ടിയോടെയുള്ളതും യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ലാത്തതും ഫെഡറൽ തത്വങ്ങളെ ഹനിക്കുന്നതും രാഷ്ട്രീയ പ്രേരിതവുമാണ്.


1972 ലെ വന്യജീവി (സംരക്ഷണ) നിയമത്തിൻറെ അടിസ്ഥാന ഘടനയെയും അവയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഭരണ ഘടനാപരവും നിയമപരവുമായ സുരക്ഷാ മാനദണ്ഡങ്ങ ളെയും ഈ ബിൽ ലംഘിക്കുന്നു.ദേശീയ വന്യജീവി ബോർഡിൻ്റെ അംഗീകാരം ലഭിക്കാതെയാണ് സംസ്ഥാന ത്തിനു മാത്രം ബാധകമാവുന്ന ഭേദഗതി അസംബ്ളിയിൽ അവതരിപ്പിച്ചതും പാസാക്കിയതും 'അതിനാൽ ഇത് നിയമപരമായി അസാധുവാണ്.ശാസ്ത്രീയ പഠനങ്ങളോ പാരിസ്ഥിതിക വിലയിരുത്തലുകളോ വിദഗ്ദ്ധ സ്ഥാപനങ്ങ ളുടെ ശുപാർശകളോ ഇല്ലാതെയാണ് ബിൽ പാസ്സാക്കിയിരി ക്കുന്നത്.ചീഫ് വൈൽഡ്‌ലൈഫ് വാർഡൻറെ നിയമാനുസൃത അധികാരത്തെ അവഗണിക്കുകയും തീരുമാനപ്രക്രിയയിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കുകയും ചെയ്തിരിക്കുന്നു.


വന്യമൃഗങ്ങളെ കൊല്ലുന്നതിനുള്ള അനാവശ്യമായ അധികാര വിപുലീകരണം, ദേശീയ മാർഗനിർദേശങ്ങളെയും ദേശീയ കടുവ സംരക്ഷണ അതോറിട്ടിയുടെയും (NTCA) പ്രൊജക്ട് എലിഫെൻറിൻറേയും മാർഗരേഖകളുടെ ലംഘനം എന്നിവ കൂടാതെ സുരക്ഷാ മാർഗനിർദേശങ്ങൾ ആവശ്യത്തിന് നിലവിലുണ്ടായിട്ടും ഭയപ്രചാരണങ്ങളിലൂടെ ഏകപക്ഷീയ മായി വന്യജീവികളെ വിവിധ മാർഗ്ഗങ്ങളിലൂടെ കൊല ചെയ്യലും അതു നിയമപരമാക്കാനുള്ള ശ്രമവും ബില്ലിൻ്റെ ഗൂഢലക്ഷ്യമാണ്.ഇത് സഹവർത്തിത്വാധിഷ്ഠിത സംരക്ഷണ മാതൃകകൾക്ക് വിരുദ്ധമാണ്. 


വന്യജീവികളെ “കീടങ്ങൾ” (വെർമ്മിൻ)ആയി പ്രഖ്യാപിക്കാ നുള്ള അധികാരം സംസ്ഥാനതലത്തിൽ വികേന്ദ്രീകരി ക്കുന്നത് ഫെഡറൽ അധികാരവ്യവസ്ഥയെ ലംഘിക്കുകയും ഇന്ത്യയുടെ അന്താരാഷ്ട്ര ബാധ്യതകളെ ദുർബലപ്പെടുത്തു കയും ചെയ്യുമെന്നത് നിസ്സംശയമാണ്. '

മനുഷ്യ-വന്യജീവി സംഘർഷത്തിൻറെ മൂലകാരണങ്ങളായ ഭൂവിനിയോഗമാറ്റം,ആവാസവ്യവസ്ഥകളുടെ നാശം, ഖനനം, അനിയന്ത്രിത വികസനം, വിവേകരഹിതമായ ഇക്കോ ടൂറിസം തുടങ്ങിയവയെ പരിഹരിക്കുന്നതിൽ ബിൽ പരാജയപ്പെടുന്നു.


സംസ്ഥാനത്തിൻറെ ഭരണഘടനാപരമായ പരിസ്ഥിതി സംരക്ഷണ കടമകളെ ബിൽ നിഷേധി ക്കുകയും അതുവഴി 1972 ലെ വന്യജീവിസംരക്ഷണ നിയമത്തിൻറേയും കേരള വന്യജീവി സംരക്ഷണ  നിയമത്തിൻറേയും ആമുഖവും അന്തഃസത്തയും ലംഘിക്കുന്നുമുണ്ട്.


സുപ്രീം കോടതി വിധികളെയും നിയമപരമായ മറ്റു നിരവധി വിധികളെയും നഗ്നമായി ലംഘിക്കുന്നതിനാൽ ഇത് ജുഡീഷ്യലായി അസാധുവാണെന്ന് ഞങ്ങൾ ചൂണ്ടിക്കാണിക്കുന്നു.ഇതിനൊക്കെ പുറമെ ഇന്ത്യയിലെ ഫെഡറൽ വന്യജീവി സംരക്ഷണ വ്യവസ്ഥ ദുർബലമാകു കയും തകിടം മറിക്കുകയും കൂടാതെ മറ്റു സംസ്ഥാനങ്ങൾക്ക് ഇത് അപകടകരമായ മാതൃകയായി തീരാനും സാധ്യതയുണ്ട്.


രാഷ്ട്രീയ ലോബിയിംഗിൻ്റെയും തെറ്റായ വിവര പ്രചാരണ ങ്ങളുടെയും ഫലമായി വന്യജീവി സംരക്ഷണം രാഷ്ട്രീയ വൽക്കരിക്കപ്പെടുകയാണ്, ഇത് ദുരുപയോഗ സാധ്യതകൾ വർധിപ്പിക്കുമെന്ന് തീർച്ചയാണ്.


കഴിഞ്ഞ വർഷങ്ങളിൽ മനുഷ്യരുടെ ആക്രമണം,വനം കയ്യേറ്റം, ഇൻഫ്രാസ്ട്രക്ചർ വികസനം എന്നിവ മൂലം 827 ആനകളുടെ മരണം കേരളത്തിൽ മാത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.


കേരളത്തിലെ വനങ്ങളുടെ യഥാർഥ സംരക്ഷകരും അടിത്തട്ടിൽ പ്രവർത്തിക്കുന്നവരുമായ വാച്ചർമാരുടെയും താഴെ തട്ടിലുള്ള വനസംരക്ഷണസേനയുടെയും അധികാര ങ്ങൾ ബിൽ ഇല്ലാതാക്കി വനം വന്യജീവി സംരക്ഷണത്തെ ദുർബലപ്പെടുത്തുന്നത് അങ്ങേയറ്റം ഗൗരവത്തോടെ കാണേണ്ടതുണ്ട്.


കേരള സംസ്ഥാന ആസൂത്രണ ബോർഡിൻറേയും മനുഷ്യ-വന്യജീവി സംഘർഷ വർക്കിംഗ് ഗ്രൂപ്പിൻറേയും ശാസ്ത്രീയ ശുപാർശകൾ ബിൽ പൂർണമായും അവഗണിച്ചിട്ടുണ്ട്.


ബില്ലിന് അംഗീകാരം നൽകരുതെന്നും വിഷയം ഭരണഘടനാപരവും നിയമപരവുമായ പരിശോധനയ്ക്കായി റഫർ ചെയ്യണമെന്നും ഞങ്ങൾ ബഹുമാനപ്പെട്ട കേരളാ ഗവർണ്ണറോട് അഭ്യർഥിക്കുന്നു.

സംസ്ഥാന സർക്കാർ ബിൽ പിന്‍വലിക്കണമെന്നും വന്യജീവി സംരക്ഷണത്തിനായുള്ള ശാസ്ത്രീയവും സഹവർത്തി ത്വാധിഷ്ഠിതവും ആയ സമീപനങ്ങൾ സ്വീകരിക്കണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു.


സാക്ഷരതയുടെയും സംരക്ഷണ പൈതൃകത്തിൻറേയും ആഗോള മാതൃകയായ കേരളം, സങ്കുചിതവും ഭരണ ഘടനാവിരുദ്ധവുമായ പാരിസ്ഥിതിക തീരുമാനങ്ങളിലൂടെ സ്വന്തം വിശ്വാസ്യത നഷ്ടപ്പെടുത്തരുതെന്ന് ഞങ്ങൾ അഭ്യർഥിക്കുന്നു.ഗവർണ്ണർക്കുള്ള നിവേദനത്തിലും പബ്ളിക്ക് അപ്പീലിലും മുകളിൽ പറഞ്ഞവർക്ക് പുറമേ താഴെ കാണിക്കുന്നവർ ഒപ്പുവച്ചിട്ടുണ്ട്.


കോ എക്സിസ്റ്റൻസ് കളക്ടീവിന് വേണ്ടി-  എൻ. ബാദുഷ(വയനാട് ),

വീണ മരുതൂർ (തിരുവനന്തപുരം ),

അഡ്വ.സന്തോഷ് (എറണാകുളം),

ടി.വി .രാജൻ (കോഴിക്കോട് ),

എം എൻ .ജയചന്ദ്രൻ ( ഇടുക്കി),

കെ.സുലൈമാൻ(ഇടുക്കി),
അൻവർ സാദത്ത് ( നിലമ്പൂർ )

തിരുവനന്തപുരം
13- 11 -2025

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment