കത്തിയെരിഞ്ഞ് ആമസോൺ; തീ അണക്കാൻ ഒരു മാസം കാത്തിരിക്കണം




ആമസോണ്‍ വനമേഖലയില്‍ പടരുന്ന കാട്ടുതീ അണയ്ക്കാന്‍ അധികൃതര്‍ കാട്ടുന്ന അനാസ്ഥയ്ക്കെതിരെ ലോകം മുഴുവന്‍ പ്രതിഷേധം ഉയരുകയാണ്. ബ്രസീലിലും ബൊളീവിയയിലുമായി 10,000 ചതുരശ്ര കിലോമീറ്ററോളം പ്രദേശത്തു വ്യാപിച്ച തീ അത്ര പെട്ടന്ന് അണക്കാൻ സാധിക്കില്ല. മഴ പെയ്യുന്നുണ്ടെങ്കിലും തീ അണയ്ക്കാൻ കഴിയുംവിധം ശക്തമായ മഴ ഇതുവരെ ലഭിച്ചിട്ടില്ല. ബ്രസീൽ സർക്കാർ നടത്തുന്ന അഗ്നിശമനപ്രവർത്തനങ്ങളിലൂടെ ചെറിയ കാട്ടുതീ അണയ്ക്കാനും വീണ്ടും പടരുന്നതു തടയാനുമേ സാധിക്കുന്നുള്ളൂ.


അത്കൊണ്ട് തന്നെ മഴയ്ക്ക് വേണ്ടി കാത്തിരിക്കുക മാത്രമാണ് പോംവഴി. വ്യാപകമായും തുടർച്ചയായി മഴ ലഭിച്ചാൽ മാത്രമേ തീ പൂർണമായി അണയ്ക്കാൻ കഴിയൂ. ആമസോണിലെ മഴക്കാലം സെപ്റ്റംബർ ഒടുവിലേ എത്തൂ. വ്യാപകമായ മഴ കിട്ടാൻ ഏകദേശം ഒരു മാസത്തോളം ഇനിയും കാത്തിരിക്കേണ്ടി വരും. ഒക്ടോബർ വരെ കാത്തിരിക്കേണ്ടി വന്നാലേ ശക്തമായ മഴ ലഭിക്കുകയുള്ളു.


മഴ പെയ്യുന്നുണ്ടെങ്കിലും ഒട്ടും ശക്തമല്ല. അടുത്ത 15 ദിവസം പെയ്യുമെന്ന് പ്രവചിച്ചിട്ടുള്ള മഴയാകട്ടെ, കഴിഞ്ഞ വർഷത്തേതിലും കുറവായിരിക്കും. തീ കാര്യമായി വ്യാപിച്ചിട്ടുള്ള മേഖലകളിൽ മഴയുടെ ലക്ഷണമില്ല. 20 മില്ലിമീറ്റർ മഴ 2 മണിക്കൂറോളം കിട്ടിയാൽ മാത്രമേ ചെറിയ കാട്ടുതീ പോലും അണയൂ. 


തീ അണക്കാൻ 2 കോടി ഡോളർ സഹായം നൽകാമെന്ന ജി7 രാജ്യങ്ങളുടെ വാഗ്ദാനം ബ്രസീൽ ആദ്യം തള്ളിയെങ്കിലും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ തനിക്കെതിരെ നടത്തിയ ആക്ഷേപം പിൻവലിച്ചാൽ സഹായം സ്വീകരിക്കുന്നതു പരിഗണിക്കാമെന്ന നിലപാടിലാണ് ബ്രസീൽ. അതേസമയം, സംഭവത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ വാക്ക് പോരും രാഷ്ട്രീയ തർക്കങ്ങളും തുടരുന്നതിടെ നശിക്കുന്നത് വൻതോതിൽ വനമാണ്. 


ജീവന്റെ നിലനിൽപിന് തന്നെ ആധാരമായ,  ജീവശ്വാസമായ ഓക്സിജന്റെ  കലവറ തന്നെയാണ് ദിനം പ്രതി നശിച്ച് കൊണ്ടിരിക്കുന്നത്. എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്ത തോതിൽ മരങ്ങളും സസ്യങ്ങളും ജന്തുക്കളും ജീവികളുമാണ് ഓരോ നിമിഷവും തീ തിന്ന് തീരുന്നത്. രാഷ്ട്രീയ തർക്കങ്ങൾ അവസാനിപ്പിച്ച് ആമസോൺ കാടുകളുടെ നിലനിൽപ്പിനായി ഒരുങ്ങി ഇറങ്ങേണ്ടതുണ്ട്. പൂർണമായി തീ അണക്കാൻ മഴ വേണമെങ്കിലും, കഴിയുന്ന അത്രയും നമ്മളാൽ തന്നെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരേണ്ടതുണ്ട്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment