അരാൽ തടാകത്തിന്റെ ഇന്നത്തെ അവസ്ഥ കേരളത്തെ വേവലാതിപ്പെടുത്തുന്നുവോ ?




കേരളത്തിന്റെ ഇരട്ടി വലിപ്പമുള്ള ഒരു ജലാശയം വരണ്ടുണങ്ങി (68000 ച.കി.മീ) മരുഭൂമിയാകുമെന്ന് വിശ്വസിക്കുക പ്രയാസമായിരിക്കും. പക്ഷേ ഉസ്ബസ്ക്കിസ്ഥാനും കസാക്കിസ്ഥാനും ഇടയിൽ കടൽ പോലെ വിസ്താരത്തിൽ  കിടന്നിരുന്ന  അരാൽ തടാകം ഇന്ന് ഓർമ്മ മാത്രമാണ്.


USSSRന് ആവശ്യമായ മത്സ്യ സമ്പത്തിൽ അഞ്ചിൽ ഒന്നും നൽകി വന്ന തടാകത്തിൽ 40000 മത്സ്യ തൊഴിലാളികൾ തൊഴിലെടുത്തു വന്നു. അരാൽ തടാകത്തെ പ്രധാനമായി നിറച്ചു വന്ന സയർ ഡറിയയും അമുർ ഡറിയയും അരാലിൽ എത്താതെ, ഡാമുകളിൽ ഒഴുക്കവസാനിപ്പിച്ച 1960 മുതൽ തടാകം ചുരുങ്ങി തുടങ്ങുവാൻ ഇട നൽകി. ഗോതമ്പു കൃഷിക്കൊപ്പം പരുത്തി കൃഷി വ്യാപകമാക്കിയ USSR ,വെളുത്ത മുത്തായി പരുത്തിയെ പരിഗണിച്ച്  ലാഭം മാത്രം കണ്ടു നടത്തിയ കൃഷിയിലൂടെ (1997 ആയപ്പോൾ ) തടാകത്തിന്റെ വിസ്തൃതി 10% മാത്രമായി  ചുരുക്കി. വറ്റിവരണ്ട കിഴക്കൻ ഭാഗത്തെ ഇന്നു വിളിക്കുന്ന പേര് അരാൾ മരുഭൂമി എന്നാണ്. വർദ്ധിത ഉപ്പിന്റെ അംശം മണ്ണിന്റെ ഘടനയെ തന്നെ മാറ്റിക്കളഞ്ഞു. തടാക പരിസരത്ത് രോഗങ്ങൾ വർദ്ധിച്ചു. അരാൽ തടാകത്തിന്റെ വടക്കുഭാഗത്ത് തടാകം പുന സ്ഥാപിക്കുവാനായി ലോക ബാങ്കിന്റെ സഹായത്തിൽ പദ്ധതികൾ നടപ്പാക്കി കൊണ്ടിരിക്കുന്നു.


ആഫ്രിക്കയിലെ ഉഗാണ്ടയിൽ സ്ഥിതി ചെയ്യുന്ന വിക്ടോറിയ തടാകവും (59900 ച.കി.മീറ്റർ) അരാൽ തടാകത്തെ ഓർമ്മിപ്പിക്കും വിധം വലിപ്പത്തിലും വെള്ളത്തിന്റെ ഗുണനിലവാരത്തിലും പ്രതിസന്ധി നേരിടുന്നു. ലോകത്തെ മിക്ക തടാകങ്ങളും പ്രതിസന്ധിയിലാണ്.


1000 ച.കി.മീറ്റർ വിസ്താരമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ കായൽ, ചിൽക്ക, (ഓറിസ്സ ) മത്സ്യ സമ്പത്തുകൊണ്ടും ദേശാടന പക്ഷികളുടെ വൈവിധ്യം കൊണ്ടും പ്രസിദ്ധമാണ്. 


ഒന്നര ലക്ഷം മത്സ്യ ബന്ധന തൊഴിലാളികൾ  പണി ചെയ്യുന്ന ചിൽക്കയിൽ 162 തരം പക്ഷികളെ കാണാം. സൈബീരിയയിൽ നിന്നും വരുന്ന ഉൾപ്പെടെ 10 ലക്ഷം പക്ഷികൾ അവിടെ ജീവിക്കുന്നു. തടാകത്തിൽ ഒഴുകി എത്തുന്ന മലിനജലവും ഉയരുന്ന ഉപ്പുരസവും മത്സ്യസമ്പത്തിന്റെ ലഭ്യതയിലെ കുറവും തീരദേശ കൈയ്യേറ്റവും അന്തർദേശീ ശ്രദ്ധ നേടിയ ചിൽക്ക തടാകം അഭിമുഖീകരിക്കുന്ന പ്രതിസന്ധികളിൽ പെടുന്നു.


വലിപ്പത്തിൽ രാജ്യത്തെ രണ്ടാമത്തെ കായലായ വേമ്പനാടിന്റെ വിസ്താരം വലിയ അളവിൽ കുറഞ്ഞു. ജലസംഭരണ ശേഷി അഞ്ചിൽ ഒന്നായി. ഉപ്പിന്റെ തോത്  വെള്ളത്തിൽ വർദ്ധിച്ചു. കീടനാശിനികളുടെയും മലിന ജലത്തിന്റെയും തോത് വർദ്ധിച്ചു. തീരദേശ നിയമത്തിൽ ഉണ്ടാക്കിയ ഒത്തുതീർപ്പുകൾ കായലിനെ കൂടുതൽ ബുദ്ധിമുട്ടിലാക്കും. വികസനത്തിന്റെ പേരിൽ നടക്കുന്ന കൈയ്യേറ്റങ്ങളെ ന്യായീകരിക്കുന്ന നമ്മുടെ നേതാക്കൾ അരാൽ തടാകത്തിന്റെ അനുഭവം മറക്കാതിരിക്കണം.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment