കേരള സർക്കാരിന്റെ പരിസ്ഥിതി സംരക്ഷണ കാപട്യങ്ങൾ 




നമ്മുടെ  സർക്കാർ സംവിധാനങ്ങൾ പരിസ്ഥിതി സംരക്ഷണ വിഷയത്തിന് വ്യവസായ വികസനത്തെക്കാൾ കുറഞ്ഞ പ്രാധാന്യമേ നൽകുന്നുള്ളൂ എന്ന അഭിപ്രായം പൊതുവേ ശക്തമാണ്. നിയമ ലംഘനങ്ങളെ പരമാവധി കണ്ടില്ല എന്നു നടിക്കുക, നിയമ ലംഘനങ്ങൾക്ക് അംഗീകാരങ്ങൾ. നൽകുക, നിയമ ലംഘകരെ പോലും നിയമനിർമ്മാണ സഭകളിൽ അംഗങ്ങളാക്കുക, അവർക്കു വഴിവിട്ട സഹായങ്ങൾ ചെയ്യുക മുതലായ സമീപനങ്ങൾ നാട്ടു ശീലമായി കരുതി വരുന്നു.


രാജ്യത്തെ ശ്രദ്ധേയമായ പരിസ്ഥിതി സമരങ്ങൾ വിജയിച്ച  ഒരിടമായി കേരളത്തെ പറ്റി മറ്റുള്ളവർ പറയാറുണ്ട്. സയലന്റ് വാലി സംരക്ഷണ പ്രക്ഷോഭം വിജയിച്ച  ശേഷം നടന്ന ആണവ വിരുധ സമരങ്ങളിലൂടെ സംസ്ഥാന അതൃത്തിക്കുള്ളിൽ  ആണവ നിലയ പദ്ധതികളെ പറ്റി  സർക്കാരുകൾക്ക്  ആലോചികവാൻ പോലും കഴിയാത്ത തരത്തിൽ ജനങ്ങൾ ബോധവാന്മാരായി. അതേ സമയം  പശ്ചിമഘട്ടം, നെൽപ്പാടങ്ങൾ, പുഴകൾ, തീരങ്ങൾ മുതലായവയ്ക്കുണ്ടായ വ്യാപകമായ കുറവിനെ ലാഘവ ബുദ്ധിയോടെ പൊതു സമൂഹം പരിഗണിക്കുകയാണ്. 

 


വ്യക്തിപരമായ സൗകര്യങ്ങളുടെ ഭാഗമായ വീട്, റോഡ്  നിർമ്മാണങ്ങൾക്ക് വേണ്ടി മലകളും മരങ്ങളും കുളവും കായലും വഴി മാറണമെന്ന മലയാളിയുടെ പൊതുവികാരം രൂപപ്പെടുത്തുന്നതിൽ റിയൽ എസ്റ്റേറ്റുകാർ, ഊഹ വിപണിക്കാർ, അവരുടെ സഹായികളായ മാധ്യമങ്ങൾ, ഉദ്യോഗസ്ഥ, രാഷ്ട്രീയ ലോകങ്ങൾ  ഏകപക്ഷീയമായി സഹകരിക്കുകയാണ്. കാലാവസ്ഥ വ്യതിയാനം ഉണ്ടാകുമ്പോഴും അതിന്റെ ഭാഗമായി വരൾച്ചയും പേമാരിയും സൂര്യാഘാതവും പുതിയ രോഗങ്ങളും സജ്ജീവമാകുമ്പോഴും അത്തരം വിഷയങ്ങളെ പരിഗണിക്കാത്ത കേരളീയരുടെ നേതൃത്വം ഇന്ത്യൻ രാഷ്ട്രീയത്തിൽ മാതൃകാപരമായ സ്ഥാനം അലങ്കരിക്കുന്നവരാണെന്നത് പരിഹാസ്യമല്ലേ?. വടക്കേ ഇന്ത്യൻ രാഷ്ട്രീയത്തിലെ അയാറാം ഗയാറാം സംവിധാനത്തേ ഓർമ്മിപ്പിക്കും വിധം  സംസ്ഥാനത്തെ നേതാക്കൾ പരിസ്ഥിതി വിഷയത്തിൽ പെരുമാറുകയാണെന്ന് ഉറപ്പിക്കാവുന്ന നിരവധി സംഭവങ്ങൾ നടക്കുന്നു. 


അനധികൃത ഖനനത്തെ പറ്റി  സംസ്ഥാന നിയമസഭയുടെ പരിസ്ഥിതി സമിതി ഗൗരവതരമായി ചൂണ്ടികാട്ടിയ നിയമ ലംഘനങ്ങൾ, മാഫിയ വൽക്കരണത്തിൽ ഖനനത്തിലുള്ള പങ്ക് മുതലായവയെ കണ്ടില്ല എന്നു നടിക്കുന്ന സർക്കാരുകളിൽ നിലവിലുള്ള ഇടതുപക്ഷ മുന്നണിയും അംഗമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട് മുന്നണി നൽകിയ 21 വാഗ്ദാനങ്ങളിൽ നെൽവയൽ നീർത്തട സംരക്ഷണം, ഖനന രംഗത്തെ നിലവിലെ അരാജകത്വം അവസാനിപ്പിക്കൽ മുതലായ കാര്യങ്ങളിൽ ഉറപ്പു നൽകിയിരുന്നു.


മരടിലെ ഫ്ലാറ്റു നിർമ്മാണവും അനുബന്ധ വിഷയങ്ങളും കേരളത്തിനു പുതുമയുള്ള കാര്യമല്ല. CRZ നിയമം രൂപപ്പെടുത്തുവാൻ 1991 ൽ ആരംഭിച്ച ചർച്ചകൾ അവസാനമെത്തിച്ചേർന്നത് തീരദേശ സംരക്ഷണത്തിന്  ഉണ്ടായിരുന്ന സുരക്ഷയേയും അട്ടിമറിച്ചു കൊണ്ടായിരുന്നു. അതിൽ ഗോവൻ , മറാട്ട ടൂറിസം ,റിയൽ എസ്റ്റേറ്റ് ലോകത്തേക്കാൾ പങ്കു വഹിച്ചത് കേരളമായിരുന്നു. തീരദേശ സംരക്ഷണത്തെ സഹായിക്കുവാൻ കഴിയാത്ത CRZ നിയമങ്ങൾ ലംഘിച്ചു നിർമ്മിച്ച ഫ്ലാറ്റുകൾ പൊളിച്ചു കളയണമെന്ന് സുപ്രീം കോടതി ആവർത്തിക്കുന്നത്, CRZ നിയമത്തിന്റെ പരിപൂർണ്ണ ലംഘനമായി മാത്രമേ വിഷയത്തെ കാണുവാൻ കഴിയൂ  എന്നതിനാലാണ് .(ഇതിനു മുമ്പ് ആരവല്ലി മലനിരകളിലും യമുനയുടെ തീരത്തും മാത്രമാണ് അത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് കോടതി പോയിട്ടുള്ളത്. കൊച്ചിയിലെ DLF കെട്ടിടങ്ങങ്ങൾ പിഴ നൽകി നിലനിർത്തുവാൻ കോടതി അനുവദിച്ചു.) 


സംസ്ഥാനത്ത് വ്യാപകമായി മാറിയിട്ടുള്ള കൈയ്യറ്റങ്ങൾ തുടരുമ്പോൾ അവയെ കണ്ടില്ല എന്നു പരിഗണിക്കുന്ന സർക്കാർ , സുപ്രീം കോടതിയുടെ ആവർത്തിച്ചുള്ള മുന്നറിയുപ്പുകൾ ഉണ്ടായിട്ടും മരടിലെ നിർമ്മാണങ്ങളെ സംരക്ഷിക്കുവാനായി അവസാനം പരിസ്ഥിതി ആഘാതത്തെ കൂട്ടു പിടിക്കുന്നു. മലകൾ തുരക്കുന്നതിൽ പരിഭവിക്കാത്തവർ, നദികളുടെ ഉത്ഭവത്തെ മുതൽ അതിന്റെ ഒഴുക്കിനെയും പരിഗണിക്കാത്തവർ, കണ്ടൽ കാടുകളും കായലും നികത്തുന്നതിൽ ആവലാതിയില്ലാത്തവരുടെ ആകുലത മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിലൂടെ  നാട്ടിലുണ്ടാക്കുന്ന വായു, ശബ്ദ മലിനീകരണത്തെ ഓർത്താണ്. 

 


ഇപ്പോൾ ആകുലതകൾ പങ്കുവെക്കുന്നവർക്ക് കേരളത്തിലെ നാലുവരി പാത സാധ്യമാകുമ്പോൾ ഉണ്ടാകുന്ന മലിനീകരണത്തെ കുറിച്ച് യാതൊരു ഉത്ക്കണ്ഠയുമില്ല. നാലുവരിപ്പാത 30 മീറ്ററിൽ നിർമിക്കുമ്പോൾ സംസ്ഥാനത്ത് പൊളിച്ച് മാറ്റേണ്ട വീടുകൾ വളരെ ചുരുങ്ങിയ എണ്ണം ആണെങ്കിൽ അത് 45 മീറ്ററിലേക്ക് മാറ്റുമ്പോൾ പൊളിച്ച് നീക്കേണ്ടത് 35000 ത്തോളം വീടുകളാണ്. അവയെല്ലാം പൊളിക്കുമ്പോൾ ഉണ്ടാകുന്ന പാരിസ്ഥിതിക ആഘാതത്തെ കുറിച്ചോ മറ്റോ ഭരണകൂടത്തിന് യാതൊരു വിധ ആകുലതകളും ഇല്ല. സംസ്ഥാന സർക്കാർ ആകട്ടെ നാലുവരിപ്പാത 45 മീറ്ററിൽ തന്നെ വേണമെന്ന കടുംപിടുത്തതിൽ ആണ്.


അതുപോലെ, ആലപ്പുഴ തീരത്തെ നശീകരണ പ്രവർത്തനങ്ങളുടെ മേൽവിലാസം ടൂറിസം, റിയൽ എസ്റ്റേറ്റ് ( പാടം നികത്തൽ) അങ്ങനെ നീണ്ടുപോകുന്നു. അതിൽ ഏറെ ശ്രദ്ധേയമായതായിരുന്നു മുൻ മന്ത്രിയും കുട്ടനാട് MLA യുമായ വ്യക്തിയുടെ നിയന്ത്രണത്തിലുള്ള Lake Palace .അതിന്റെ നിർമ്മാണത്തിലും റോഡിനും വേണ്ടി വിവിധ രാഷ്ട്രീയ പാർട്ടികൾ നടത്തിയ സഹകരണങ്ങൾ കുപ്രസിദ്ധമായിരുന്നു. ഇതിന്റെ മറ്റു പതിപ്പുകൾ  ഇടുക്കിയിലും (ശ്രീ ജോയിസ് ജോർജ്ജും) നിലമ്പൂരിലും (MLA തടയിണ വിഷയത്തിലും ) കാണാം. Lake Palace വിഷയത്തിൽ അനധികൃത  നിർമ്മാണങ്ങൾ സാധുവാകുവാനായി (പണം അടച്ചാൽ അനധികൃതം സകൃതമാകുന്ന ജനാധിപത്യ സംവിധാനം)  അടക്കേണ്ട തുകയിൽ വൻ കുറവു വരുത്തിയ സർക്കാർ  തീരുമാനത്തിനു പിന്നിൽ പ്രവർത്തിച്ച വികാരത്തെ ഏതു രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി പരിഗണിക്കണമെ ന്നാണ് ഇടതുപക്ഷ രാഷ്ട്രീയം ആവശ്യപ്പെടുന്നത് ?

 


പേമാരിയിൽ നിന്നും വരൾച്ചയിലേക്ക് കൂപ്പുകുത്തുന്നതിൽ പരിഭവിക്കാത്ത നേതാക്കൾ മന്ത്രിമാരും സുസ്ഥിര വികസനം എന്ന UN ലക്ഷ്യത്തെ കണ്ടില്ല എന്നു നടിക്കുന്ന Administrative Service രംഗവും കാര്യങ്ങൾ തീരുമാനിക്കുന്ന കേരളത്തിൽ, 350 പേരുടെ ദുരവസ്ഥയിൽ അവർ പരിഭവിക്കുന്നു. നാടിന്റെ മന്ത്രിമാർക്ക് , അനധികൃത നിർമ്മാണം നടത്തിയ വ്യവസായികളിൽ നിന്നും അതിനു പിൻ തുണ നൽകിയ സർക്കാർ പ്രതിനിധികളിൽ നിന്നും നഷ്ടപരിഹാരം വാങ്ങി  സഹായിക്കണമെന്നു പറയുവാൻ നാവു പൊങ്ങാത്ത രാഷ്ട്രീയ കാലാവസ്ഥയാണ് കേരളത്തിന്റെ പ്രകൃതി നേരിടുന്ന വലിയ വെല്ലുവിളി.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment