പലസ്തീനിൽ നിന്ന് പ്ലാസ്റ്റിക് കുപ്പികൾ കൊണ്ടൊരു അതിജീവന ബോട്ട്




തീരത്തു നിക്ഷേപിക്കപ്പെട്ട പ്ലാസ്റ്റിക് മാലിന്യം മൽസ്യബന്ധന ബോട്ടാക്കി പലസ്തീനിയൻ യുവാവ്. ഗാസ സ്ട്രിപ്പിലെ റഫാ തീരത്ത് ഉപേക്ഷിക്കപ്പെട്ട നൂറുകണക്കിന് പ്ലാസ്റ്റിക് കുപ്പികൾ കൊണ്ടാണ് മുവാത്ത് അബൂ സെഡ് തന്റെ ബോട്ട് നിർമിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി തന്റെ ബോട്ടിൽ എട്ടു മണിക്കൂറോളം കടലിൽ ചെലവഴിക്കുന്ന അബു അഞ്ച് മുതൽ ഏഴു കിലോ വരെ മൽസ്യം പിടിക്കുന്നുണ്ട്. കടൽത്തീരത്ത് എത്തുന്നവർക്ക് ഈ മൽസ്യം വിറ്റാണ് നാല് മക്കളുടെ പിതാവായ ഇദ്ദേഹം ഉപജീവനം കഴിക്കുന്നത്. 

 

"ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ കൊണ്ടാണ് എന്റെ ബോട്ട് നിർമ്മിച്ചിരിക്കുന്നത്, ആളുകൾ ബീച്ചിൽ വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികൾ എങ്ങനെ ഉപയോഗിക്കാമെന്ന് എനിക്ക് വേറെയും പദ്ധതികൾ ഉണ്ട്. പ്രകൃതിയെ രക്ഷിക്കാനാണ് ഞാൻ ഈ കുപ്പികൾ പെറുക്കി ഉപയോഗിക്കുന്നത്. " മുവാത്ത് അബൂ സെഡ് പറയുന്നു. 300 മുതൽ 700 രൂപവരെയാണ് തനിക്ക് ദിനേന  സമ്പാദിക്കാനാകുന്നതെങ്കിലും പ്രകൃതിയോടുള്ള തന്റെ കടമ അതിലും മുകളിലാണെന്നും അദ്ദേഹം പറയുന്നു.  

 


പ്ലാസ്റ്റിക് കുപ്പികൾ, പശ, പഴയ മൽസ്യബന്ധന വല, ഒരു തടിപ്പലക എന്നിവ ഉപയോഗിച്ച് നിർമിച്ച തന്റെ ബോട്ടിൽ എട്ടുപേർക്ക് യാത്രചെയ്യാനാകുമെന്ന് അബു  അവകാശപ്പെടുന്നു. എന്നാൽ ഈ ബോട്ട് ഒരു പഡിൽ ബോട്ട് ആയതുകൊണ്ടുതന്നെ ഇതുപയോഗിച്ച ഒന്ന് മുതൽ രണ്ടുവരെ കിലോമീറ്റർ ഉള്ളിലേക്ക് മാത്രമേ പോകാനാകുവെന്നും യാത്ര ശ്രമകരമാണെന്നും അദ്ദേഹം പറഞ്ഞു.  ഗാസയിൽ മൽസ്യ  ബന്ധനത്തിനുള്ള  വലയും അനുബന്ധ ഉപകരണങ്ങളും ലഭിക്കുന്നില്ലെന്നും അതിനാൽ ചൂണ്ടയുപയോഗിച്ചാണ് താൻ മീൻ പിടിക്കുന്നതെന്നും അതിനായി മണിക്കൂറുകളോളം കടലിൽ ചിലവഴിക്കേണ്ടിവരുമെന്നും അബു  പറയുന്നു. ദശാബ്ദത്തിലേറെയായി തുടരുന്ന ഇസ്രയേലിന്റെ ഉപരോധത്തെ തുടർന്ന് ഗാസ മുനമ്പിലെ തൊഴിലില്ലായ്മ വളരെ കൂടുതലാണ്. ലോകബാങ്കിന്റെ കണക്ക് പ്രകാരം  45 ശതമാനമാണ് ഇവിടുത്തെ തൊഴിലില്ലായ്മ നിരക്ക്. ഇവിടുത്തെ 80 ശതമാനം ആളുകളും അന്താരാഷ്ട്ര ഏജൻസികളുടെ സഹായം കൊണ്ടാണ് ജീവൻ നിലനിർത്തുന്നത്. 

 

അന്താരാഷ്ട്ര ഏജൻസികളുടെ പഠനങ്ങൾ പ്രകാരം കടലിൽ അടിഞ്ഞു കൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ കടലിലെ ആവശ്യ വ്യവസ്ഥയെയും മത്സ്യത്തൊഴിലാളികളുടെ തൊഴിലിനേയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇപ്പോഴത്തെ നില തുടർന്നാൽ മെഡിറ്ററേനിയൻ ഒരു പ്ലാസ്റ്റിക് കടലാവുമെന്ന് അടുത്തിടെ പുറത്ത് വന്ന റിപ്പോർട്ട് മുന്നറിയിപ്പ് നൽകിയിരുന്നു. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment