വെള്ളിരേഖ കേരളത്തിന് വെള്ളിടിയോ ?




കേരളത്തെ അടുത്ത 25 വർഷങ്ങൾ കൊണ്ടു യൂറോപ്പിൻ്റെ ജീവിത നിലവാരത്തിലേക്ക് ഉയർത്തുവാൻ സമയ ബന്ധിതമായ പദ്ധതികളുമായി മുന്നോട്ടു പോകുമെന്ന  മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് നിരവധി മാനങ്ങളുണ്ട്. ഈ പ്രസ്താവവനയെ പിൻതുണക്കുവാൻ140 നിയമസഭാ സാമാജികരും തയ്യാറാണ് എന്ന് അവരവരുടെ മുൻകാല രാഷ്ട്രീയ നിലപാടുകളിൽ നിന്ന് വ്യക്തമാണ്. 


മുഖ്യമന്ത്രിയുടെ നേതൃത്വം അംഗീകരിക്കുന്നവരുടെ കേരള വികസന ലക്ഷ്യം, യൂറോപ്പിലെ ഏതു രാജ്യത്തിൻ്റെതാണെന്നു സൂചിപ്പിക്കാത്തിടത്തോളം പ്രസ്തുത പ്രസ്താവന, കേവല ശൈലിയായി മാത്രം പരിഗണിക്കേണ്ടി വരുന്നു. കേരളത്തിലെ ഇടതു/വലതു രാഷ്ട്രീയ നേതാക്കൾ കാൽ നൂറ്റാണ്ടായി പറഞ്ഞു വരുന്ന പദ്ധതി മാതൃകകളെ മിക്ക യൂറോപ്യൻ രാജ്യങ്ങളും തള്ളിപ്പറയുവാൻ തുടങ്ങിയിട്ട് നാളുകളേറെയായി. സ്വിറ്റ്സർലണ്ട്, ഡെൻമാർക്ക്, ഐസ്ലാൻ്റ്, ഫിൻലാൻ്റ്, നോർവ്വെ മുതൽ ഇംഗ്ലണ്ട് തുടങ്ങിയ രാജ്യക്കാർ അവരുടെ ജനതയുടെ സുരക്ഷക്കുവേണ്ടി നടപ്പിലാക്കുന്ന പരിപാടികൾ കേരളത്തിൻ്റെ (സർക്കാരിൻ്റെ) സ്വപ്ന പദ്ധതികളുടെ വിപരീത ദിശയിൽ സഞ്ചരിക്കുന്നവയാണ് എന്നു കാണാം.


കേരളനാടിൻ്റെ പുരോഗതിയിൽ നിർണ്ണായക പങ്കുവഹിക്കുന്ന റോഡുകൾ കൂടുതൽ മെച്ചപ്പെടണം. ഒപ്പം നിലവിലെ ശരാശരി യാത്രാ വേഗത 40 km/hr ൽ നിന്നും ഏറെ  വർധിപ്പിക്കണം. പൊതു വാഹന സംവിധാനത്തിൽ തന്നെ റെയിൽ, ജലയാനങ്ങൾ കൂടണം. അതിന് ഉതകും വിധം സംസ്ഥാന തലസ്ഥാനത്തു നിന്നും വടക്കെ അതിർത്തി വരെയും കിഴക്കു പടിഞ്ഞാറും വേഗത്തിൽ എത്താൻ അവസരവും വേണം.


പക്ഷേ അതിനായി 66405 കോടി രൂപ ചെലവു വരുന്ന 532 Km നീളത്തിലുള്ള സിൽവർലൈൻ എന്ന കെ റെയിൽ പദ്ധതി എന്തുകൊണ്ട് കേരളത്തിന് താങ്ങാവുന്നതല്ല എന്ന് Green Reporter 2020 ഫെബ്രുവരി 16 മുതൽ 6 ഭാഗമായി വിശദീകരി ച്ചിരുന്നു. പ്രസ്തുത കുറിപ്പ് ഒരിക്കൽ കൂടി പരിസ്ഥിതി സ്നേഹികളുടെ ശ്രദ്ധയിലേക്ക് എത്തിക്കുകയാണ്. 


പിണറായി സർക്കാരിൻ്റെ സ്വപ്ന പദ്ധതിയായി അവതരിപ്പിച്ച സിൽവർ ലൈൻ നിർമ്മാണത്തെ സർവ്വാത്മനാ മലയാള മനോരമ മുതൽ Ease of Doing Business നെ നെഞ്ചിലേറ്റുന്നവരും സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരും മറ്റും പിൻതുണക്കുമ്പോൾ, മലയാള നാടിനെ മറന്നുള്ള വികസന മാമാങ്കങ്ങൾക്കെതിരെ ജനകീയ പ്രതിഷേധം ശക്തമാകുക മാത്രമാണ് നാടിൻ്റെ രക്ഷാമാർഗ്ഗം.


വേഗ തീവണ്ടി (Silver Line): സത്യവും മിഥ്യയും 


കേരള സംസ്ഥാനത്തെ നാളിതുവരെ കേട്ടിട്ടാല്ലാത്ത അത്രയും  സാമ്പന്തിക മുതൽ മുടക്കുള്ള പദ്ധതിയാണ് Silver Line എന്ന പേരിൽ 2021ൽ പണി തുടങ്ങി 2024 ൽ പൂർത്തീകരിക്കുവാൻ ലക്ഷ്യം വെച്ച തിരുവനന്തപുരം കാസർഗോഡ് Semi Speed Rail Corridor. പ്രസ്തുത പദ്ധതിയുടെ പ്രതീക്ഷിത ചെലവ് 66405 കോടി രൂപയാണ്. സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായി പറഞ്ഞു കേട്ട വിഴിഞ്ഞം ട്രാൻസിഷിപ്പ്മെൻ്റ് 7525 കോടിയും Cochin Metro 5537 കോടിയും വല്ലാർപാടം 3200 കോടിയുടെതുമായിരുന്നു. മൂന്നു പദ്ധതിക്കുമായി മാറ്റി വെച്ച തുകയുടെ (16262 കോടി) 4 ഇരട്ടി തുക Silver Line Rail നായി കേരളം കണ്ടെത്തണം .


532 Km നീളത്തിൽ പണിയുന്ന Rail പദ്ധതി, തിരുവനന്തപുരം മുതൽ തിരൂർ വരെ നിലവിലെ റെയിൽ പാതയിൽ നിന്ന് വിട്ടും തിരൂർ മുതൽ കാസർഗോഡ് വരെ റെയിൽ ട്രാക്കിനൊപ്പവുമായിരിക്കും. 10 സ്റ്റേഷനുകൾ.(തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്)1225 ഹെക്ടർ ഭൂമി പദ്ധതിക്കായി ഏറ്റെടുക്കേണ്ടി വരുമെന്ന് സർക്കാർ പറയുന്നു.


പ്രതീക്ഷകൾ


4 മണിക്കൂർ കൊണ്ട് 532 km യാത്ര.പദ്ധതി നടപ്പാക്കുന്നതിലൂടെ പ്രതിദിനം 67450 ആളുകൾ  യാത്ര ചെയ്യും 2051ഓടെ യാത്രികരുടെ എണ്ണം ഇരട്ടിക്കും. പദ്ധതിയിൽ 10000 പേർക്ക് തൊഴിൽ ലഭിക്കും. കൊങ്കൺ മാതൃകയിൽ ചരക്കു നീക്കത്തിനും (RORO) ഉപയോഗിക്കാം. 10 സ്റ്റേഷനുകളെ കച്ചവട കേന്ദ്രങ്ങളായി പരിഗണിക്കൽ, സ്റ്റേഷനുകളെ മറ്റു പ്രദേശങ്ങളുമായി ബന്ധിപ്പിക്കാൻ Feedor Buses. Green Protocol രീതി. തുടക്കത്തിൽ ടിക്കറ്റ് ഫെയർ1470 രൂപ.(കില.മീറ്ററിന് 2.75 Rs) പ്രതി വർഷം ചാർജ്ജിൽ 7.5% വർദ്ധന.റോഡപകടങ്ങൾ ഒഴിവാക്കാം. യാത്രയുടെ Carbon Foot Print കുറക്കാം. ഇങ്ങനെ പോകുന്നു പുതിയ പദ്ധതിയെ പറ്റിയുള്ള സർക്കാർ പ്രതീക്ഷകൾ.


കേരളത്തിന്റെ വാഹനപ്പെരുപ്പം അതിവേഗത്തിൽ  മുന്നേറുമ്പോൾ അതിനാനുപാതി കമായി റോഡുകൾ വികസിക്കുവാൻ പരിമിതികളുണ്ട് എന്ന യാഥാർത്ഥ്യത്തെ  ആരും അംഗീകരിക്കും. (വാഹനത്തിൻ്റെ എണ്ണം 50 വർഷം കൊണ്ട് 200 ഇരട്ടി വർദ്ധിച്ചു). സംസ്ഥാനത്തെ യാത്രാ ക്ലേശങ്ങൾ പരിഹരിക്കണം. റോഡ്, റെയിൽ, ജല ഗതാഗത സൗകര്യങ്ങൾ വർദ്ധിപ്പിക്കണം. അതിന്റെ വേഗത, സുരക്ഷിതത്വം എന്നിവ കാലത്തിനൊത്ത് മൂന്നേറണം. സ്വകാര്യ വാഹനങ്ങളെ നിരുത്സാഹപ്പെടുത്തും വിധം പൊതു യാത്രാ സംവിധാനത്തെ മെച്ചപ്പെടുത്തണം,ശബ്ദ /വായു മലിനീകരണം ഒഴിവാക്കണം തുടങ്ങിയ കാര്യങ്ങളോട് എതിരഭിപ്രായമുണ്ടാകുകയില്ല.


സംസ്ഥാനത്ത് നിലവിൽ1.33 കോടി വാഹനങ്ങളുണ്ട്. അതിൽ ഇരു ചക്രങ്ങൾ 70% വരും.സ്വകാര്യ വാഹനങ്ങളുടെ എണ്ണം വർദ്ധിക്കുന്നതിൽ പൊതു വാഹനങ്ങളുടെ അപര്യാപ്തത പ്രധാന പങ്കുവഹിച്ചു.മലയാളികളുടെ യാത്രയിൽ മുഖ്യം ഗ്രാമങ്ങളിൽ നിന്ന് തൊട്ടടുത്ത നഗരങ്ങളിലേക്ക്. (താലൂക്ക്, ജില്ല) അതു കഴിഞ്ഞാൽ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നീ മെട്രോകളെ ലക്ഷ്യം വെച്ചാണെന്നു പറയാം. തൊട്ടടുത്ത ജില്ലകളിൽ നിന്നും വടക്കൻ കേരളത്തിൽ നിന്നും തിരുവനന്തപുരം നഗരത്തെ ലക്ഷ്യമാക്കി വരുന്നവരിൽ മുഖ്യ പങ്കും സർക്കാർ കാര്യങ്ങൾക്കോ , ചികിത്സാർത്ഥമോ എത്തുന്നു. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളുടെ മാതൃകയിൽ  ഒരറ്റം മുതൽ മറ്റേ അറ്റം വരെ കച്ചവട ആവശ്യത്തിനായി യാത്ര ചെയ്യുന്നവർ താരതമ്യേന കുറവാണ്.യാത്രികരിൽ 50% ത്തിൽ താഴെ മാത്രമെ  ജില്ലകൾ കടന്ന് യാത്ര ചെയ്യുന്നുള്ളൂ.പഴയ കാലത്തെ ഓർമ്മിപ്പിക്കും വിധം കിഴക്ക് നിന്ന് പടിഞ്ഞാറോട്ടുള്ള യാത്രകൾ ശക്തമാണ്.


പൊതു വാഹനങ്ങളെ ദീർഘ, ഹ്രസ്വ ദൂര യാത്രക്കായി തെരഞ്ഞെടുക്കുന്നവർ പരമാവധി യാത്രാ ചെലവുകൾ കുറച്ചു നിർത്തുവാൻ ഇഷ്ടപ്പെടുന്നു . യാത്രാ ക്ലേശവും അനുബന്ധ വിഷയങ്ങളും പരിഹരിക്കുവാൻ താലൂക്ക് കേന്ദ്രങ്ങളിൽ നിന്നും ജില്ലാ കേന്ദ്രങ്ങളിലേക്ക് (SH, NH എന്നിവയിലേക്ക് ) അനുഭവപ്പെടുന്ന തിക്കും തിരക്കും പരിഹരിക്കുകയായിരിക്കും പ്രധാനം.


എറണാകുളം ജില്ലയിലെ യാത്ര പ്രശ്നങ്ങളെ പരിശോധിച്ചാൽ തന്നെ ഇതു വ്യക്തമാകും. താലൂക്കു കേന്ദ്രങ്ങളിൽ നിന്നും നഗരത്തിലേക്ക് 100 km ചുറ്റളവിലെ റോഡിൽ കേന്ദ്രീകരിക്കപ്പെടുന്ന വാഹന വ്യൂഹം ഏറെ അധികമാണ്. നഗരത്തിനുള്ളിലെ ചെറു ശതമാനം യാത്ര പ്രശ്നങ്ങളാണ് മെട്രോ പദ്ധതി കൈകാര്യം ചെയ്യുന്നത്. അതിനായി ഓരോ KM നും 210 കോടി  ചെലവാക്കി നടത്തുന്ന പദ്ധതി യുക്തിഭദ്രമല്ല. മെട്രോയുടെ (ഉയർന്ന) യാത്ര നിരക്കുകൾ കൊണ്ട് പദ്ധതി സ്വയം പര്യാപ്തമാകില്ല. നിലവിലെ മെട്രോയുടെ പ്രതി വർഷ നഷ്ടം 250 കോടി രൂപയാണ്. നിർമ്മാണ ചെലവുകൾ കുറവുള്ള, യാത്രാ ചാർജ്ജുകൾ തുശ്ചമായ, പ്രാദേശിക സാങ്കേതികത മാത്രം ആവശ്വമുള്ള സബർബൻ റെയിൽ, ട്രാം, Rapid Transport Bus System മുതലായവ ലോകത്തു പലയിടത്തും വിജയകരമായി പ്രവർത്തിക്കുന്നുണ്ട്. അത്തരം വിഷയങ്ങളോട് സർക്കാർ സംവിധാനങ്ങൾ മുഖം തിരിച്ചു നിൽക്കുവാൻ ഇഷ്ടപ്പെടുന്നു.


തുടരും...

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment