പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച തിമിംഗല വേട്ട പുനരാരംഭിക്കാനൊരുങ്ങി ജപ്പാൻ




ലോക വ്യാപകമായി ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച തിമിംഗല വേട്ട പുനരാരംഭിക്കാനൊരുങ്ങി ജപ്പാൻ. 2019 ജൂലൈ മാസത്തോടെ വേട്ട പുനരാരംഭിക്കാനുള്ള പദ്ധതികൾ നടക്കുന്നത്.  ഇതിനോടനുബന്ധിച്ച് അന്താരാഷ്ട്ര തിമിംഗല വേട്ട കമ്മീഷനില്‍ നിന്നും ജപ്പാന്‍ പിന്മാറി. തിമിംഗല ഇറച്ചി കഴിക്കുന്നത് തങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ജപ്പാൻ. 

 

1881 ലാണ് അന്താരാഷ്ട്ര തിമിംഗല വേട്ട കമ്മീഷന്‍ തിമിംഗലങ്ങളെ വേട്ടയാടി കൊല്ലുന്നത് നിയമപരമായി നിര്‍ത്തിയത്. വ്യാപകമായ തിമിംഗല വേട്ട മൂലം ചില പ്രത്യേക ഇനങ്ങള്‍ക്ക് വംശനാശം വരെ വന്ന സാഹചര്യത്തിലായിരുന്നു ഇത്തരത്തിലൊരു തീരുമാനം. ഒരു കാലത്ത് നീല തിമിംഗലങ്ങളുടെ എണ്ണം മൂന്ന് ലക്ഷത്തിനടുത്തുണ്ടായിരുന്നതാണ്.  ഇന്നവയുടെ എണ്ണം കാല്‍ ലക്ഷമായി കുറഞ്ഞു. 

 

ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്കായി തിമിംഗല വേട്ട നടത്താൻ മാത്രമാണ് അന്തരാഷ്ട്ര നിയമം വഴി അനുമതി നൽകിയിരുന്നത്. എന്നാല്‍ ഈ പേരില്‍ വ്യാപകമായി ഇറച്ചിക്കു വേണ്ടി ജപ്പാന്‍ തിമിംഗലങ്ങളെ കൊന്നെടുക്കാന്‍ തുടങ്ങിയതോടു കൂടിയാണ് ലോകവ്യാപകമായി വന്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വന്നത്. അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളും ജപ്പാന്റെ തിമിംഗല വേട്ടയെ വിമര്‍ശിച്ചിരുന്നു.

 

തങ്ങളുടെ സമുദ്രാതിര്‍ത്തിക്കുള്ളില്‍ മാത്രമായിരിക്കും തിമിംഗല വേട്ടയെന്ന് ജപ്പാന്‍ അറിയിച്ചു. അന്റാര്‍ട്ടിക് മേഖലയില്‍ വേട്ട നടത്തില്ലെന്നും ജപ്പാന്‍ വ്യക്തമാക്കി. എന്നാല്‍ ജപ്പാന്‍രെ ഈ തീരുമാനത്തെ ആശങ്കയോടു കൂടിയാണ് പലരും സ്വീകരിച്ചത്. ഇനിയും എത്ര തിമിംഗലങ്ങള്‍ക്ക് വംശനാശ ഭീഷണി നേരിടേണ്ടി വരുമെന്ന് പറയാന്‍ സാധിക്കില്ലെന്നായിരുന്നു പലരുടെയും പ്രതികരണം.  തിമിംഗല വേട്ട പുനരാരംഭിക്കാനുള്ള തീരുമാനത്തിനെതിരെ ലോകവ്യാപകമായി വീണ്ടും വന്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരികയാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment