ആനക്കമ്പം ആനയെ ദ്രോഹിക്കാൻ ആകരുത്




ഐതീഹം ചരിത്രമായിരിക്കില്ല. പക്ഷേ  കഴിഞ്ഞ കാലത്തെ  ജീവിത വീക്ഷണത്തെ അറിയുവാൻ അവ സഹായകരമാണ്. ശ്രീ.കൊട്ടാരത്തിൽ ശങ്കുണ്ണി സൗഹൃദ വേദികളിൽ പറഞ്ഞിരുന്ന ഐതീഹ്യ കഥകൾ  ശ്രീ. വറുഗ്ഗീസ് മാപ്പിളയുടെ ( മലയാള മനോരമ) നിർബന്ധ പ്രകാരം ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിച്ചു തുടങ്ങി . 


ഐതീഹ്യമാല മലയാളിയുടെ ആനക്കമ്പത്തെ പറ്റി പല കുറി സൂചിപിച്ചിട്ടുണ്ട്. തൃശുവ പേരൂരിന്റെ ആനക്കമ്പത്തിനൊപ്പം വടക്കുന്നാഥ ക്ഷേത്രത്തിന്റെ പ്രതീകമായി കാള തിരുനക്കര വന്നു ജീവിച്ചതിനെ പറ്റിയും പറയുന്നു. കാളയുടെ നീര് നാടിന്റെ ദുരന്തമായി വിശ്വാസികൾ കരുതി വന്നു എന്നും ഐതീഹ്യ മാല.


കൊട്ടാരത്തിൽ ശങ്കുണ്ണി കോന്നിയിൽ കൊച്ചയ്യപ്പൻ, കൊട്ടാരക്കര ചന്ദ്രശേഖരൻ, ആറന്മുള വലിയ ബാലകൃഷ്ണൻ  പൂരത്തിൽ പങ്കെടുത്തു വന്ന ആവണാ മനക്കൽ ഗോപാലൻ തുടങ്ങിയ ആനകളെ പറ്റി വിവരിക്കുന്നു.  


ആന  വളർത്തു മൃഗമല്ല എന്നു തിരിച്ചറിയുവാൻ കഴിയാത്ത കാലത്ത്,  പരിപാലനത്തിൽ  നിയന്ത്രണങ്ങൾ വേണ്ടതില്ല എന്നും ധരിച്ചു വെച്ച സമയത്ത്,  പൂരത്തിൽ പ്രധാനിയായിരുന്ന ആവണാ മനക്കൽ ഗോപാലൻ എന്ന ആന, ആനക്കാരനെ വെള്ളത്തിൽ മുക്കി കൊന്നു എന്നും മദപ്പാടുള്ളപ്പോളായിരുന്നു സംഭമെന്നും ഐതീഹ മാല പരാമർശിച്ചു.  ഐതീഹ മാല പോലും മറന്ന്, അക്രമ കാരിയാകാവുന്ന ആനകളെ എഴുന്നള്ളത്തിൽ പങ്കെടുപ്പിക്കുവാൻ ഇക്കാലത്ത് നിർബന്ധം പിടിക്കുന്നവരുടെ  മനാേ നില പ്രത്യേകം പരിശോധിക്കേണ്ടതുണ്ട്.


അപകടങ്ങൾ ആവർത്തിച്ചുണ്ടാക്കുന്ന കരിമരുന്നു പ്രയോഗത്തെ സുപ്രീം കോടതി വിലക്കിയതിനോട് വിശ്വാസികളുടെ പ്രതിനിധികൾ എന്നവകാശപ്പെടുന്നവരിൽ ചിലരുടെ പ്രതികരണങ്ങൾ അപകടം നിറഞ്ഞതാണ്..


1964 ൽ ജനിച്ച് ,ബീഹാറിൽ നിന്നും നാട്ടിൽ എത്തിച്ച രാമചന്ദ്രൻ എന്നു പേരിലറിയ പ്പെടുന്ന കാഴ്ച നഷ്ടപ്പെട്ട വയസ്സൻ ആന, ആറ് പാപ്പാൻമാരെയും നാല് സ്ത്രീകളെയും ഒരു വിദ്യാർത്ഥിയെയും ഉൾപ്പെടെ 13 പേരെ  കൊന്നിട്ടുണ്ട്. അതേ ആനയെ ഉൾപ്പെടുത്തിയാൽ മാത്രമേ  ഉത്സവവുമായി സഹകരിക്കൂ എന്നു  വാദിക്കുന്നവരെ നിയമപരമായി സർക്കാർ നേരിടണം. മനുഷ്യരുടെ കൂട്ടായ സന്തോഷത്തിന്റെ പ്രതീകമായ ഉത്സവ പറമ്പുകളിൽ ദുരന്തങ്ങൾ ക്ഷണിച്ചു വരുത്തുന്ന സാഹചര്യങ്ങൾക്കൊപ്പം ഉത്സവത്തിന്റെ മറവിൽ നിയമങ്ങളെ വെല്ലുവിളിക്കുന്ന ശക്തികളെ ഒറ്റപ്പെടുത്തുവാൻ ജനങ്ങൾ തയ്യാറാകണം.


ആഘോഷങ്ങൾക്കായി, ആചാരങ്ങളുടെ ഭാഗമായി,  മൃഗങ്ങളെ വേദനിപ്പിക്കുന്ന (എഴുന്നള്ളത്തു മുതൽ ബലിദാനം വരെ) വിശ്വാസ സമൂഹം ഉത്സവത്തിന്റെ അർത്ഥം അഹംഭാവം എന്നാണ് ധരിച്ചു വെച്ചിരിക്കുന്നത്. 

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment