അണവ നിലയം വേണ്ട : കേരള മുഖ്യമന്ത്രിക്കുള്ള നിവേദനം .


First Published : 2025-08-05, 10:55:18am - 1 മിനിറ്റ് വായന


ആണവ നിലയം വേണ്ട :  കേരള മുഖ്യമന്ത്രിക്കുള്ള നിവേദനം

ബഹു. കേരള മുഖ്യമന്ത്രിക്ക്

സാർ
വിഷയം : കാസർഗോഡ് ജില്ലയിലെ ചീമേനിയിൽ കേന്ദ്ര സർക്കാർ നിർദ്ദേശിച്ച ആണവനിലയ പദ്ധതിക്ക് അനുമതി പത്രം നൽകാൻ സന്നദ്ധമല്ലെന്ന് അറിയിച്ച് കേന്ദ്ര ഗവർമെൻ്റിന് കത്ത് നൽകുന്നത് സംബന്ധിച്ച്

ചീമേനിയിൽ ഒരു ആണവ നിലയം സ്ഥാപിക്കാൻ  ഭൂമി ഏറ്റെടുത്തു നൽകാൻ കേന്ദ്ര സർക്കാർ സംസ്ഥാന ഗവർമെൻ്റിനോട് ആവശ്യപ്പെട്ട കാര്യം താങ്കളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാകുമല്ലോ.

 2024 ഡിസംബറിൽ കോവളത്ത് വച്ച് കേന്ദ്ര ഊർജ്ജവകുപ്പ് മന്ത്രി മനോഹര്‍ ഖട്ടർ അടക്കമുള്ളവർ പങ്കെടുത്ത ഒരു യോഗത്തിൽ കേരളത്തിൽ ആണവനിലയം സ്ഥാപിക്കു ന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ഉയർന്നു വന്നിരുന്നു. യോഗാനന്തരം കേന്ദ്ര ഊർജ്ജ വകുപ്പ് മന്ത്രി മാധ്യമ പ്രവർത്തകരെ കണ്ടപ്പോൾ കേരളത്തിൽ ഒരാണവനിലയം സ്ഥാപിക്കാൻ കേന്ദ്രം സന്നദ്ധമാണ് എന്നും ചീമേനിയിൽ അതിനാവശ്യമായ സ്ഥലം കേരള ഗവൺമെൻറ് നൽകിയാൽ മതിയെന്നും സൂചിപ്പിച്ചിരുന്നു .


2025 ജൂൺ 10 ന്  നരേന്ദ്ര മോദി ഗവർമെൻ്റിൻ്റെപതിനൊന്നാം വാർഷികം പ്രമാണിച്ച് ഊർജ്ജവകുപ്പിന്റെ നേട്ടങ്ങൾ വിശദീ കരിക്കാൻ നടത്തിയ പത്രസമ്മേളനത്തിൽ കേന്ദ്ര ഊർജ്ജ വകുപ്പ് സെക്രട്ടറി പങ്കജ് അഗർവാൾ കേരളത്തിൽ ചീമേനി യിൽ ആണവ നിലയം സ്ഥാപിക്കാനുള്ള സന്നദ്ധത കേരള ഗവൺമെന്റിനെ അറിയിച്ചിട്ടുണ്ട് എന്നും കേരള ഗവൺമെൻ്റ് അനുമതിപത്രം നൽകിയാൽ കേന്ദ്രം ആണവനിലയം സ്ഥാപിക്കാൻ സന്നദ്ധമാണെന്നും പ്രസ്താവിക്കുകയുണ്ടായി. 

ഇക്കാര്യം വലിയ ആശങ്കയോടെയാണ് ചീമേനിയിലെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങൾ കാണുന്നത്.ഏപ്രിൽ 26,27 തീയ്യതികളിൽ ചീമേനിയിൽ ചേർന്ന അഖിലേന്ത്യ ആണവ വിരുദ്ധസമ്മേളനത്തിൽ വിവിധ പ്രദേശങ്ങളിൽ സ്ഥാപിതമായ ആണവനിലയങ്ങളുടെ സുരക്ഷാ പ്രശ്നങ്ങൾ ചർച്ച ചെയ്യുകയുണ്ടായി. വൈദ്യുതോത്പാദനത്തിൽ പാരമ്പര്യേതര ഊർജ സ്രോതസ്സുകളുടെ സാങ്കേതിക പുരോഗതി ഏറെയാണെന്നു കൺവെൻഷൻ വിലയിരുത്തി. ചീമേനിയിൽ സൗരോർജോദ്പാദനത്തിന് ഏറെ സാധ്യതകൾ ഉണ്ടെന്നും സമ്മേളനം ചൂണ്ടിക്കാട്ടുകയുണ്ടായി.

വൈദ്യുതോത്പാദനത്തിന് കാറ്റ്,സൗരോർജം , ബയോമാസ് എന്നിവ കൂടുതൽ പ്രയോജനപ്പെടുത്തണമെന്നും ആയിരക്ക ണക്കിനു വർഷത്തേക്ക് റേഡിയേഷൻ നിലനിൽക്കുന്നതും മാലിന്യങ്ങൾ എങ്ങിനെ സംസ്കരിക്കുമെന്ന് ഇനിയും ഉറപ്പാക്കാനാവാത്തതും ഏറെ ചിലവേറിയതും പ്രദേശത്തെ ജനവാസത്തെയും, ജലസ്രോതസ്സുകളെയും ബാധിക്കുന്ന തുമായ ഒരു പ്രശ്നത്തിൽ സംസ്ഥാനത്തെ ഇടതുപക്ഷ സർക്കാർ മൗനമവലംബിക്കുന്നത് ശരിയല്ലെന്നും കൺവെൻഷൻ ചൂണ്ടിക്കാട്ടി. 


കേരളത്തിലെ 41 പടിഞ്ഞാറൻ നദികളിൽ 19 എണ്ണം കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ്.കവ്വായിപ്പുഴയുടെ മുഴുവൻ നീർത്തടപ്രദേശവും ചീമേനി കുന്നുകളുടെ ഭാഗമാണ്. ഇവിടുത്തെ തൊണ്ണൂറ് ചെറു കുന്നുകളിലെ ചെറിയ നീരുറവ കളിൽനിന്നാണ് കാവായിപ്പുഴ രൂപം കൊള്ളുന്നത്.ചീമേനി കുന്നുകൾ ഭൂഗർഭ ശാസ്ത്രജ്ഞർ ചെറുവത്തൂർ ഫോർമേഷൻ എന്ന് വിളിക്കുന്ന അവസാദ ശിലകളുടെ പാളികളാണ്.ചീമേനിയുടെ ചുറ്റുമുള്ള പ്രദേശം ലാറ്ററൈറ്റ്, ചൈനക്ലേ, ബോൾക്ലേ, കൽക്കരി,അംബർ തുടങ്ങിയവയുടെ പാളികളുള്ള നദിയിൽനിന്നുത്ഭവിച്ച പാറകളാൽ നിർമ്മിതമാണ്.

ചീമേനിയിലെ നിർദിഷ്ട സ്ഥലത്തുനിന്ന് മട്ടലായിപ്പുഴ എന്ന ചെറിയൊരു നദി ഉത്ഭവിക്കുന്നു. കാലക്രമേണ ചുരുങ്ങി പ്പോയ ഒരു പുരാതന നദീതടമാണിത്.ചീമേനിയിൽ നിന്ന് ഉത്ഭവിക്കുന്ന വെളിച്ചംതോട് എന്ന അരുവി,ഒരു ന്യൂക്ലിയർ പവർ പ്ലാന്റ് സ്ഥാപിക്കാൻ മുൻപ് നിർദ്ദേശിച്ച പെരിങ്ങോമിലൂടെ ഒഴുകി പെരുമ്പപ്പുഴയിൽ ചേരുന്നു.

ഏകദേശം 25 കിലോമീറ്റർ നീളമുള്ള കവ്വായിക്കായൽ, തെക്ക് രാമപുരം, പെരുമ്പ, കാവായി നദികളും വടക്ക് കാര്യങ്കോട് (തേജസ്വിനി),നീലേശ്വരം നദികളും ചേർന്നൊഴുകി വടക്കിന്റെ ജീവനാഡിയായി മാറുന്നു. മത്സ്യബന്ധനം,കക്ക കൃഷി,കക്ക വാരിയെടുക്കൽ,കയറുണ്ടാക്കൽ തുടങ്ങിയ തീരദേശ ജീവിതത്തെ പിന്തുണയ്ക്കുന്ന ജലസംബന്ധമായ ഉപജീവന മാർഗങ്ങൾ ഈ കായൽ നൽകുന്നു. വ്യാവസായിക മലിനീക രണമില്ലാത്ത ഈ തടാകത്തിൽ, ഏഷ്യയിലെ ഏറ്റവും വലിയ പച്ച കക്ക കൃഷി (കല്ലുമ്മക്കായ്) ശാസ്ത്രീയമായി ചെയ്യുന്നുണ്ട്.


ഒരു ആണവനിലയത്തിന്റെ സ്ഫോടനം മൂലമുണ്ടാകുന്ന ദുരന്തം ഗുരുതരവും മാറ്റാനാവാത്തതുമാണ്.ഈ ദുർബലമായ ആവാസവ്യവസ്ഥയിൽ, ആണവനിലയങ്ങളുടെ പ്രവർത്തനത്തിലൂടെ ഉണ്ടാകുന്ന റേഡിയോആക്ടീവ് മാലിന്യങ്ങളും അവയുടെ സംഭരണവും ഈ നിലയങ്ങളെ എപ്പോഴും വലിയ ഭീഷണിയാക്കുന്നു. 


ഇന്ത്യയിൽ ഏകദേശം മുന്നൂറോളം ചെറുതും വലുതുമായ ആണവ ചോർച്ചകൾ ഉണ്ടായിട്ടുണ്ട്.അങ്ങനെയൊരു റേഡിയേഷൻ ചോർച്ച ഈ ആണവ നിലയത്തിൽ ഉണ്ടായാൽ,ഈ സങ്കീർണ്ണമായ ജലശ്രേണിയെയായിരിക്കും അത് ആദ്യം ബാധിക്കുക.


കേരളത്തിലെ പ്രമുഖ പരിസ്ഥിതി സംഘടനയായ SEEK, ചീമേനി കുന്നുകളിൽ നിന്ന് 700 വ്യത്യസ്ത സസ്യ ഇനങ്ങളെ കണ്ടെത്തിയിട്ടുണ്ട്. കാസർഗോഡ് ഗവ.കോളേജിലെ സസ്യ ശാസ്ത്ര വിഭാഗം പ്രൊഫസറായ ഡോ. ബിജു,ആണവ നിലയം സ്ഥാപിക്കാൻ നിർദ്ദേശിച്ചിട്ടുള്ള ചീമേനി എസ്റ്റേറ്റിലെ അരിയിട്ടപ്പാറ പ്രദേശത്ത് 350-ഓളം വ്യത്യസ്ത സസ്യ ഇനങ്ങളെ കണ്ടെത്തി.KFRI-യിലെ ശാസ്ത്രജ്ഞനായ ഡോ. അലക്സ്,ചീമേനി കുന്നുകളിൽ നിന്ന് 535 സസ്യങ്ങളെ കണ്ടെത്തിയിട്ടുണ്ട്.

സെറോപേജിയ അറിയത്തപ്പൻസിസ്(Ceropegia ariytappaensis),എറികോളോൺ ചീമേനിയാനം(Eriocolon cheemenianam),യൂട്രിക്കുലേറിയ സെന്റോമിയ (Utricularia centhomia) എന്നിവയുൾപ്പെടെ അഞ്ച് പുതിയ സസ്യങ്ങളെ സസ്യശാസ്ത്രജ്ഞർ ഇവിടെനിന്ന് അടുത്തിടെ കണ്ടെത്തി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്രയധികം ജൈവവൈവിധ്യവും ചരിത്രപ്രാധാന്യവുമുള്ള ഒരു പ്രദേശം ഒരു ആണവ നിലയ ത്തിനായി ലോകത്ത് മറ്റൊരിടത്തും തിരഞ്ഞെടുക്കപ്പെടാൻ സാധ്യതയില്ല.


കർണാടകത്തിൽ പുതുതായി ഒരാണവ നിലയം സ്ഥാപിക്കാ നായി കേന്ദ്രം നിർദ്ദേശിച്ച കൊപ്പൽ , റൈച്ചൂർ,വിജയപുര എന്നീ സൈറ്റുകൾ ജനങ്ങളുടെ എതിർപ്പിനാൽ നിലയ സ്ഥാപനത്തിന് അനുയോജ്യമല്ലെന്ന് കേന്ദ്ര ഗവർമെൻ്റിനെ അറിയിക്കാൻ ജൂലൈ 17 ന് ചേർന്ന കർണാടക മന്ത്രിസഭ യോഗം തീരുമാനിച്ചിട്ടുണ്ട്.


കേരളത്തിൽ ഒരു ആണവനിലയം സ്ഥാപിക്കുന്നതിന് ഭൂമി ഏറ്റെടുത്ത് നൽകുന്നതിന് കേരള സർക്കാർ സന്നദ്ധമല്ല എന്ന അസന്നിഗ്ധമായ തീരുമാനം കേന്ദ്ര ഗവൺമെൻ്റിനെ അറിയിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് ഞങ്ങൾ അഭ്യർഥിക്കുന്നു. 

വിശ്വസ്തതയോടെ
ആണവനിലയ വിരുദ്ധ ജനജാഗ്രതാസമിതിക്കു വേണ്ടി
ഡോ.ഡി.സുരേന്ദ്രനാഥ്(ചെയർമാൻ)
എൻ.സുബ്രഹ്മണ്യൻ (കൺവീനർ)9447228420
subrunaduvalath@gmail.com
സുഭാഷ് ചീമേനി (കോർഡിനേറ്റർ)

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment