ഇന്ത്യയിലെ കാടുകളുടെ വിസ്‌തൃതി കുറയുന്നു




ലോകത്തെ ഏറ്റവും കൂടുതൽ ആളുകൾ പ്രകൃതി ദുരന്തങ്ങളാൽ മരിക്കുന്ന നാടാണ് ഇന്ത്യ. ഈ വർഷത്തെ മഴക്കാലം1300 മനുഷ്യ ജീവനുകൾ അപഹരിച്ചു. ഹിമാലയൻ ഗ്രാമങ്ങൾ മുതൽ കേരളവും തമിഴ്നാടും വരെ വെള്ളപ്പൊക്കത്താൽ എല്ലാ വർഷവും ബുദ്ധിമുട്ടുമ്പോൾ ആഗോളമായി തന്നെ ദുരന്തങ്ങൾ വർദ്ധിക്കുന്നതായി കാണാം. രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് ഒരു ലക്ഷം കോടി രൂപയുടെ ബാധ്യത പ്രതി വർഷം ഉണ്ടാക്കുന്ന പ്രകൃതി ദുരിതങ്ങൾ തൊഴിൽ, ആരോഗ്യ രംഗത്തും തിരിച്ചടി ഉണ്ടാക്കി. കാലാവസ്ഥാ വ്യതിയാനം ആഗോള പ്രതിഭാസമായി കാണുമ്പോൾ തന്നെ നമ്മുടെ കാടുകൾക്കും നദീ തടങ്ങൾക്കും നെൽപ്പാടങ്ങൾക്കും കായലുകൾക്കും സംഭവിച്ച ശോഷണം പ്രശ്നങ്ങളെ രൂക്ഷമാക്കി.


പാരീസ് പരിസ്ഥിതി സമ്മേളനത്തിൽ ഹരിത താപനം നിയന്ത്രിക്കുന്ന കാര്യത്തിൽ വിവിധ നിർദ്ദേശങ്ങൾ ഉയർന്നു വന്നു. ലോക ഭൂതലത്തിന്റെ 2.5% മാത്രമാണ് ഇന്ത്യയുടെ വിസ്തൃതി എങ്കിലും ലോക പ്രകൃതി വിഭവങ്ങളുടെ 8% രാജ്യ അതിർത്തിക്കുള്ളിലാണ്. അവയുടെ അഭൂത പൂർവ്വമായ സാന്നിധ്യം അറിയിക്കുന്ന പശ്ചിമ ഘട്ടവും സുന്ദർബൻ, ആരവല്ലി, ഹിമാലയം, ചിൽക്ക, വേമ്പനാട് കായലുകൾ, ശുദ്ധ ജല മറ്റു തടാകങ്ങൾ, കണ്ടൽ കാടുകൾ എല്ലാം ശോഷിച്ചു. ഇതിന്റെ ഭാഗമായി ഇന്ത്യയിലും കൈ കൊള്ളേണ്ട തയ്യാറെടുപ്പുകളെ സഹായിക്കുവാൻ സമ്മേളനം ചില തീരുമാനങ്ങൾ കൈക്കൊണ്ടു. 


ഉഷ്ണ മേഖലാ കാടുകൾ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിൽ കാടുകളുടെ വിസ്തൃതി 33.33% എങ്കിലും ഉണ്ടാകണമെന്നിരിക്കെ രാജ്യത്ത് അതിന്റെ സാന്നിധ്യം 22% മാത്രമായി ചുരുങ്ങി. ബ്രഹ്മപുത്ര ഒഴിച്ചുള്ള എല്ലാ നദികളുടെയും നീരൊഴുക്കിൽ വൻ കുറവുണ്ടായി. തണ്ണീർ തടങ്ങൾ കര ഭൂമിയായി. കണ്ടൽ കാടുകളുടെ വിസ്താരം കുറഞ്ഞു. ഈ സാഹചര്യത്തിൽ 2030 കൊണ്ട് രാജ്യം കൈ കൊള്ളേണ്ട തയ്യാറെടുപ്പുകൾക്ക് വരുന്ന ചെലവ് 150 ലക്ഷം കോടിയായിരിക്കും. അത്തരം നീക്കങ്ങൾ വേണ്ട വിധത്തിൽ ആരംഭിച്ചിട്ടില്ല.


National Mission for Green India 2014 മുതൽ ഇവിടെ പ്രവർത്തിക്കുന്നു. ഇന്ത്യൻ വനങ്ങളുടെ ഗുണനിലവാരം വർദ്ധിപ്പിക്കൽ (49 ലക്ഷം ഹെക്ടർ), വനങ്ങൾ വെച്ചുപിടിപ്പിക്കൽ (18 ലക്ഷം ഹെക്ടർ) നഗരങ്ങളിലും മറ്റും 2 ലക്ഷം ഹെക്ടർ കാടുകൾ വളർത്തൽ, Agro forestry  (വനവും ഒപ്പം കൃഷിയും), സാമൂഹിക വന വൽക്കരണം  തുടങ്ങിയവയായിരുനു NMGI പദ്ധതികൾ. 12 ആം പഞ്ചവത്സര പദ്ധതിയിൽ ഇവക്കായി 2000 കോടി രൂപ മാറ്റിവെച്ചു. കേന്ദ്രം 75% വും സംസ്ഥാനം 25% വും എന്ന തരത്തിലായിരുന്നു പദ്ധതി പങ്കാളിത്തം. വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്ക് 90% സഹായം കേന്ദ്ര സർക്കാർ നൽകും. പദ്ധതികൾ വിജയകരവും (സർക്കാർ രേഖകളിൽ) രാജ്യത്തെ വനഭൂമിയിൽ വർദ്ധനവ് ഉണ്ടായി എന്നാണ് റിക്കാർഡുകൾ സാക്ഷ്യപ്പെടുത്തുന്നത് (?)


പാരീസ് സമ്മേളനത്തിന്റെ (2014) തീരുമാന പ്രകാരം നടക്കുന്ന പ്രദേശിക സമ്മേളനങ്ങളിൽ ഒന്ന് ഡൽഹിയിൽ August 29 മുതൽ സെപ്റ്റംബർ 14 വരെ നടന്നു വരികയാണ്. UN forest Conservation on climate change തീരുമാന പ്രകാരം രാജ്യത്ത് 2020 കൊണ്ട് 1.31 കോടി ഹെക്ടർ വനം പുന സ്ഥാപിക്കണം. 2030 കൊണ്ട് മെത്തം 2.1 കോടി ഹെക്ടർ (നഷ്ടപ്പെട്ട വനഭൂമിയിൽ) വനവൽക്കരണം നടത്തണമെന്നാണ് നിർദ്ദേശം. രാജ്യത്തെ വന വിസ്തൃതിയുടെ 10 മുതൽ 12 % വരെ  കൂടി വനങ്ങൾ ഉണ്ടായാൽ മാത്രമേ പ്രകൃതി സൗഹൃദമായ രാജ്യം എന്ന പട്ടികയിലേക്ക്  ഇന്ത്യ നീങ്ങുകയുള്ളു. 250 കോടി മുതൽ 300 കോടി ടൺ വരെ അധികം കാർബൺ വലിച്ചെടുക്കുവാൻ തരത്തിലുള്ള സംവിധാനങ്ങളെ വളർത്തുക എന്നതാണ് പാരീസ് പദ്ധതികൾ ഇന്ത്യൻ ചുറ്റുപാടുകളിൽ  ലക്ഷ്യം വെച്ചിരിക്കുന്നത്. ഇതിനായി കേന്ദ്ര സർക്കാർ 47436 കോടി രൂപ അനുവദി ക്കുന്നു എന്ന് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രി വ്യക്തമാക്കി.


ഇന്ത്യയുടെ പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുവാൻ നിരവധി നിയമങ്ങൾ 1980 മുതൽ ശക്തമായിട്ടുണ്ട് എങ്കിലും വന അവകാശ നിയമവും തീരദേശ സംരക്ഷണ നിയമവും നിരവധി വെള്ളം ചേർക്കലിനു വിധേയമായിരുന്നു. Is of doing Business ന്റെ തണലിൽ വനഭൂമിയിലും കടുവാ സങ്കേതങ്ങളിലും വരെ ഖനനവും നിർമ്മാണവും അനുവദിക്കുകയാണ് കേന്ദ്ര സർക്കാർ. കെട്ടിട നിർമ്മാണങ്ങൾക്ക് വേണ്ടിയിരുന്ന പരിസ്ഥിതിക അനുമതിക്ക് 50000 ച.മീറ്റർ വരെയുള്ള കെട്ടിടങ്ങൾക്ക് ഇളവു നൽകുവാൻ സർക്കാർ തയ്യാറായി.


പശ്ചിമഘട്ടത്തിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട് ഗാഡ്ഗിൽ കമ്മിറ്റി നിർദ്ദേശങ്ങളെ തള്ളിക്കളഞ്ഞ തീരുമാനം, പകരം നിയമിച്ച കസ്തൂരിരംഗൻ റിപ്പോർട്ടിൽ തിരുത്തൽ വരുത്തുവാൻ  സംസ്ഥാന സർക്കാരുകൾ (കേരളത്തിലെ ഉമ്മൻ. P. ഉമ്മൻ) നടത്തിയ പരിശ്രമങ്ങളെ പിൻതുണക്കൽ, അത്തരം ദേശീയ സർക്കാർ നിലപാടുകളെ തിരുത്തി കൊണ്ടു  മാത്രമേ ലോകത്തെ പ്രധാന Hotspot ആയ പശ്ചിമ ഘട്ടത്തെ ഭാവിയിൽ ഇന്നത്തെ നിലയിലെങ്കിലും കാത്തു രക്ഷിക്കുവാൻ കഴിയൂ. പശ്ചിമഘട്ടത്തിന്റെ സമ്പൂർണ്ണ തകർച്ചയെ ഗൗരവതരമായി പരിഗണിച്ച്, 6 സംസ്ഥാനങ്ങൾക്കുമായി ഒരു സമിതി നിലവിൽ വരും എന്ന കേന്ദ്ര സർക്കാർ അറിയിപ്പു നൽകി എങ്കിലും പ്രസ്തുത വിഷയത്തിൽ ആശാവഹമായ തീരുമാനങ്ങൾ ഉണ്ടാകുമോ എന്നു കാത്തിരുന്നു കാണണം. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ അവരുടെ നിയന്ത്രണത്തിലുള്ള കാടും നദിയും പുഴയും പാടവും മറ്റും പൂർണ്ണമായി സംരക്ഷിക്കാതെ നാടനുഭവിക്കുന്ന പ്രകൃതി ദുരന്തങ്ങളിൽ നിന്നു രക്ഷ നേടുവാൻ കഴിയില്ല. 


പ്രകൃതി പ്രതിഭാസങ്ങൾ മനുഷ്യർക്കും അവരുടെ സംരക്ഷണത്തിലുള്ളവർക്കും മാത്രമാണ് ദുരന്തമായി തീരുക. ദുരന്തങ്ങളെ പാടെ ഇല്ലാതാക്കൽ അസാധ്യമാണ്. എന്നാൽ അതിനെ വൈകിപ്പിക്കാം. നെതർലണ്ടുകാർ അത്തരം സമീപനത്തിലൂടെ പല പദ്ധതികളും വിജയകരമായി നടപ്പിലാക്കി. അതിൽ ഒന്നാണ് Road To River പദ്ധതി. (മുഖ്യമന്ത്രി നേരിൽ കണ്ടു മനസ്സിലാക്കിയ പ്രസ്തുത പദ്ധതിയുടെ കേരള പതിപ്പാണ് പുഴയും അതിന്റെ തീരങ്ങളിലെ നെൽകൃഷിയും) ഖനനത്തെ നിയന്ത്രിച്ച്, പുഴകളെ സംരക്ഷിച്ച്, നെൽപ്പാടങ്ങളെയും കുളങ്ങളെയും നില നിർത്തി, കുട്ടനാടിനും വയനാട്ടിനും ഇടുക്കിക്കും പ്രത്യേകം സംവിധാനങ്ങൾ ഒരുക്കി, വൻ മാളികകൾക്കും മറ്റും നിയന്ത്രണം കൊണ്ടുവന്ന് നാടിന്റെ പ്രകൃതി വിഭവങ്ങളെ മാനിക്കുവാൻ നമ്മളും നമ്മുടെ സർക്കാരുകളും തയ്യാറോ എന്ന ചോദ്യം ഇവിടെ ശക്തമായി ഉയരേണ്ടതുണ്ട്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment