ഇനി സമയമില്ല ; കാർബൺ പുറന്തള്ളൽ നിയന്ത്രിക്കണം : ഐ.പി.സി.സി റിപ്പോർട്ട്




ഹരിതഗൃഹ വാതകങ്ങൾ ഇപ്പോഴത്തെ നിലയിൽ പുറന്തള്ളിയാൽ 2030 നും 2052 നും ഇടയിൽ  ആഗോളതാപനം 1.5 ഡിഗ്രി എന്ന പരിധി കടക്കുമെന്ന് ഐ.പി.സി.സി റിപ്പോർട്ട്. നിലവിൽ മനുഷ്യ ഇടപെടലിന്റെ ഫലമായി വ്യവസായവൽക്കരണത്തിന് മുമ്പുള്ളതിനേക്കാൾ ഒരു ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നിട്ടുണ്ട്. 


1.5 ഡിഗ്രി ആഗോളതാപന നിരക്ക് ഉണ്ടാക്കാനിടയുള്ള പ്രത്യാഘാതങ്ങളെ കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര ഏജൻസിയായ ഇന്റർ ഗവൺമെന്റൽ പാനൽ ഫോർ ക്ലൈമറ്റ് ചേഞ്ച് പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു. ആഗോളതാപനം 1.5 ഡിഗ്രിയിലേക്ക് നിയന്ത്രിക്കാനുള്ള പാരീസ് ഉടമ്പടി തീരുമാന പ്രകാരമുള്ള ശാസ്ത്രീയ നിർദ്ദേശങ്ങളാണ് പുതിയ റിപ്പോർട്ടിൽ ഉള്ളത്. താപവ്യതിയാനം കാലാവസ്ഥാ പ്രശ്നങ്ങളെ ഇനിയും സങ്കീർണ്ണമാക്കുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 

 


സമുദ്രനിരപ്പിൽ ഉണ്ടാകുന്ന വ്യതിയാനം, ഇടവിട്ടുണ്ടാകുന്ന വരൾച്ചയും, വെള്ളപ്പൊക്കങ്ങളും, ഹീറ്റ് വേവുകൾ എന്നിവ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ഉണ്ടാകുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇന്ത്യ പോലെ ജനസംഖ്യ വളരെ കൂടിയ കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന രാജ്യങ്ങളായിരിക്കും ഏറ്റവും കൂടുതൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഇരകളാകുകയെന്നും ഐ.പി.സി.സി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. ആഗോളതാപനം  1.5 ഡിഗ്രിയിലേക്ക് എത്തുന്നതോടെ മുൻപ് കരുതിയിരുന്നതിനേക്കാൾ വലിയ ദുരന്തങ്ങളാവും ഉണ്ടാക്കുകയെന്നും, ഇത് 2 ഡിഗ്രി ആയാൽ ഇന്ത്യ പോലുള്ള രാജ്യങ്ങൾക്ക് കനത്ത ആഘാതമായിരിക്കും ഉണ്ടാകുകയെന്നും സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റ് പറഞ്ഞു. 


ആഗോളതാപനം 2 ഡിഗ്രിയിലേക്ക് പോകുന്നത് തടഞ്ഞ്  1.5 ഡിഗ്രിയിലേക്ക് കുറക്കാനായാൽ 2100 ഇൽ സമുദ്രനിരപ്പ് ഉയരുന്നതിൽ 0.1 മീറ്ററിന്റെ കുറവ് വരുത്താൻ കഴിയുമെന്ന് റിപ്പോർട്ട് പറയുന്നു. താപനില 1.5 ഡിഗ്രിയിൽ നിലനിർത്തണമെങ്കിൽ 2050 ഓടെ സീറോ എമിഷൻ എന്ന ലക്ഷ്യം പൂർത്തീകരിക്കണം. 2030ഓടെയെങ്കിലും നിലവിലുള്ള എമിഷൻ 45 ശതമാനം കണ്ടു കുറയ്ക്കാൻ കഴിഞ്ഞാൽ മാത്രമേ ഈ ലക്ഷ്യം നേടാൻ സാധിക്കൂ. പാരീസ് ഉടമ്പടി നടപ്പിലാക്കിയാൽ പുറത്ത് വിടാനാവുന്ന കാർബണിന്റെ അനുവദനീയ പരിധി സംബന്ധിച്ചും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നിലവിൽ പ്രതിവർഷം 42 ± 3 GtCO2 eq (ജിഗാ ടൺ ഓഫ് കാർബൺ ഈക്വലന്റ് )കാർബണാണ് മനുഷ്യർ പുറത്ത് വിടുന്നത്. ഇത് പ്രതിവർഷം  580 GtCO2eq ആയി  നിലനിർത്തിയാൽ 1.5 ഡിഗ്രി എന്ന മാന്ത്രിക സംഖ്യയിൽ എത്താൻ 50 ശതമാനം സാധ്യതയുണ്ടെന്നും, ഇത് 420 ആയി കുറച്ചാൽ 66 ശതമാനം സാധ്യതയുണ്ടെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. 

 

പാരീസ് ഉടമ്പടിയുടെ ലക്ഷ്യമായ 1.5 ഡിഗ്രിയിലേക്ക് ആഗോളതാപനത്തെ എത്തിക്കുക എന്നത് എളുപ്പമല്ലെങ്കിലും അസാധ്യമല്ലെന്ന് റിപ്പോർട്ട് പറയുന്നു. അന്തരീക്ഷത്തിൽ നിന്ന് കാർബൺ ഡയോക്സൈഡ് നീക്കം ചെയ്യാതെ ഈ ലക്ഷ്യം നേടാൻ കഴിയില്ല. 100–1000 GtCO2eq ഇടയിൽ കാർബൺ ഒരു നൂറ്റാണ്ടിനിടെ അന്തരീക്ഷത്തിൽ നിന്ന് നീക്കിയാൽ മാത്രമേ 1.5 ഡിഗ്രിയിലേക്ക് താപനില എത്തിക്കാൻ സാധിക്കൂ. കേവലം എമിഷൻ നിയന്ത്രിച്ചത് കൊണ്ട് മാത്രം ഇത് സാധ്യമാവില്ലെന്നും വനവത്കരണം, കാർബൺ കാപ്ച്ചർ ആൻഡ് സ്റ്റോറേജ് എന്നിവയിൽ കൂടുതൽ ശ്രദ്ധയുണ്ടാകണമെന്നും പുതിയ സാങ്കേതികവിദ്യകൾ കണ്ടെത്തണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു. 

 

ഇപ്പോഴത്തെ സ്‌പെഷൽ റിപ്പോർട്ടിന് മുൻപ് തന്നെ ആഗോളതാപനം നിയന്ത്രിച്ചില്ലെങ്കിൽ സംഭവിക്കാവുന്ന ഭയാനകമായ അവസ്ഥ സംബന്ധിച്ച് ഐ.പി.സി.സി മുന്നറിയിപ്പ് നൽകിയിരുന്നു. പട്ടിണിയും ഭക്ഷ്യദൗർലഭ്യവും വ്യാപകമാവുമെന്നും, ഭക്ഷണത്തിന്റെ വില ഉയരുമെന്നും, മലേറിയ പോലുള്ള രോഗങ്ങൾ പടരുമെന്നും 2015 ലെ റിപ്പോർട്ടിൽ ഐ.പി.സി.സി മുന്നറിയിപ്പ് നൽകിയിരുന്നു. കൃഷി അസാധ്യമാകുന്നത് ഏഷ്യയിൽ വലിയ ഭക്ഷ്യ പ്രതിസന്ധി ഉണ്ടാക്കും. പടിഞ്ഞാറൻ ജപ്പാൻ, കിഴക്കൻ ചൈന, ഇൻഡോ ചൈന പെനിൻസുലയുടെ തെക്കൻ ഭാഗങ്ങൾ, സൗത്ത് ഏഷ്യയുടെ വടക്കൻ പ്രദേശങ്ങൾ എന്നിവയാണ് ഏറ്റവും ഗുരുതര പ്രതിസന്ധി നേരിടേണ്ടി വരികയെന്നും ആ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. കാലാവസ്ഥാ വ്യതിയാനം തദ്ദേശീയ ജനവിഭാഗങ്ങളുടെ ജീവിതം ഏറെക്കുറെ അസാധ്യമാക്കുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകിയിരുന്നു. 
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment