ജനങ്ങളെ മറന്ന് ഖനനക്കാരെ മാത്രം ഓർക്കുന്ന കേരള സർക്കാർ !


First Published : 2024-09-23, 10:50:00am - 1 മിനിറ്റ് വായന


കേരം വിളയും നാട്/ വയലുകളുടെ നാട് എന്നൊക്കെയുള്ള വിശേഷണങ്ങൾ മലയാളക്കരക്കു കിട്ടിയതിൻ്റെ കാരണങ്ങളിൽ ഒന്ന് പ്രകൃതി വിഭവങ്ങൾ കൊണ്ട് സമ്പന്നമായ മലനാടിൻ്റെ സാനിധ്യമാണ്.ഗുണനിലവാരത്തിൽ അത്ഭുതങ്ങൾ തീർത്ത കുരുമുളകും ഏലവും കറുവപ്പട്ടയും കുന്തിരിക്കവും തേനും മറ്റും നാടിൻ്റെ യശസ്സുയർത്തി.അങ്ങനെയുള്ള പശ്ചിമ ഘട്ടത്തിൻ്റെ ജൈവകലവറയിൽ(സഹ്യ പർവ്വതനിര)65% വിഭവങ്ങളും കേന്ദ്രീകരിച്ചിരിക്കുന്നു.ഒഴുകി ഇറങ്ങുന്ന അരുവിയും തോടും പാടങ്ങൾ നിറഞ്ഞ കുന്നുകളുടെ താഴ് വാരവും കുളങ്ങളും ഇടനാടിനെ പച്ചതുരുത്താക്കി.തീരങ്ങളുടെ സമൃദ്ധിക്കുള്ള തെളിവാണ് പുറക്കാട്ടെയും ചാവക്കാട്ടെയും ചാകര.

പ്രകൃതിയുടെ അനുകൂല ഘടകങ്ങൾ കൊണ്ട് അനുഗ്രഹിക്കപ്പെട്ട നാടിൻ്റെ പിൽക്കാല അധികാരികളും മാധ്യമങ്ങളും അവർക്കു പ്രിയപ്പെട്ട മധ്യ-ഉപരി വർഗ്ഗവും, അമിത ലാഭവും കുറഞ്ഞ കൂലിയും അസ്ഥിരമായ തൊഴിൽ സാധ്യതയുമുള്ള ഊഹ വിപണിയെയാണ് വികസനത്തിൻ്റെ തട്ടകമായി പരിഗണിച്ചത്.അവിടെ പ്രകൃതി കേവല ചരക്കു മാത്രമാണ്.ഭൂമിയാകട്ടെ രൂപ പരിണാമത്തിനു വിധേയമാകേണ്ടത്. കുന്നുകൾ തുരന്ന്,കുളങ്ങളും പാടങ്ങളും നികത്തി,കായലുകൾ വറ്റിച്ച്,കച്ചവടം സാധ്യമാക്കണം.അഴിമതിയും അഹങ്കാരവും കൈമുതലായ ഉദ്യോഗസ്ഥരും സ്വന്തം ലക്ഷ്യങ്ങൾ മറന്ന രാഷ്ട്രീയ നേതൃത്വവും കരാർ വർഗ്ഗവും മാധ്യമങ്ങളെ കൂടെ നിർത്തി,കേരള വികസനത്തെ പറ്റി തെറ്റി ധരിപ്പിക്കുന്ന വിവരണങ്ങൾ തുടർച്ചയായി നൽകുന്നു.

മനുഷ്യരെക്കാൾ സിംഹവാലൻ കുരങ്ങുകൾക്കും അരികൊമ്പന്മാർക്കും പ്രാധാന്യം എന്ന പ്രയോഗം മുതൽ ഗാഡ്ഗിൽ മലയോര ജനതയുടെ ശത്രു,മൃഗങ്ങളെ കൊന്ന് മനുഷ്യ-മൃഗ സംഘർഷ പരിഹാരം,ബഫർ സോണുകൾ പാടില്ല,കൃഷി ഭൂമി വ്യവസായ ങ്ങൾക്ക് തുടങ്ങിയ നിലപാടുകളാണ് കേരള വികസന മാതൃകയെ അനാരോഗ്യകര മായ തലത്തിൽ എത്തിച്ചത്.അതിനെ ന്യായീകരിക്കുവാൻ ഇടതുപക്ഷ പാർട്ടിക്കാർ തന്നെ ഇപ്പോൾ മുന്നിലുണ്ട്.

കേരളത്തിൻ്റെ ആദ്യ മന്ത്രിസഭയുടെ ബജറ്റ്,ഭക്ഷ്യ സ്വയം പര്യാപ്തതയെ ഗൗരവതര മായി പരിഗണിച്ചു.50% നെല്ലിനായി അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന അവസ്ഥ മാറണം,പരമാവധി വയലിലും കരയിലും നെൽകൃഷിയും പൊക്കാളി കൃഷിയും വയനാടൻ വിത്തുകളും എത്തണം.ആധുനിക കൃഷി രീതികളെ പ്രോത്സാഹിപ്പിക്കുക യായിരുന്നു നയം.കയ്യൂർ,കരിവെള്ളൂർ,ഒഞ്ചിയം,പുന്നപ്ര-വയലാർ സമരക്കാരുടെ പാർട്ടി,1950 കളിൽ കാർഷിക സ്വയം പര്യാപ്തതയെ രാഷ്ട്രീയ മുദ്രാവാക്യമാക്കി എടുത്തു.അതിൻ്റെ ഫലമായി നെല്ലുൽപ്പാദനം1971 ൽ 12.50 ലക്ഷം ടണ്ണിലെത്തി.8.50 ലക്ഷം ഹെക്ടർ വരെ പാടങ്ങൾ കേരളത്തിനുണ്ടായിരുന്നു.

1980 മുതൽ ഭാഗികമായും ,ആഗോളവൽക്കരണ കാലത്ത് പൂർണ്ണമായും കാർഷിക- വ്യവസായ രംഗത്തെ പുറം തള്ളി,നിർമ്മാണ വ്യവസായം മുതൽ ചൂതാട്ടവും മദ്യ കച്ച വടവും(സേവന മേഖല)നേടിയ മുൻ തൂക്കത്തിൻ്റെ വൈകൃതങ്ങളാണ് അഴിമതി യായും അധോലോക വ്യവഹാരവുമായി കേരളത്തെ ഇന്നു വേട്ടയാടുന്നത്.

ഖനനവുമായി ബന്ധപ്പെട്ട് വൻ അഴിമതികൾ നടക്കുമ്പോൾ ,20-21വർഷത്തിൽ മൈനർ മിനറൽസിൽ നിന്ന് 183.75 കോടി രൂപയാണ് സർക്കാരിന് കിട്ടിയ വരുമാനം. പത്തനംതിട്ട ജില്ലയിൽ നിന്ന് ഖനനത്തിലൂടെ ലഭിച്ച സർക്കാർ വരുമാനം 19.87 കോടി യായിരുന്നു.എത്ര ചെറിയ തുകയാണ് ഖനന മുതലാളമാർ ഖജനാവിലെയ്ക്ക് കൊടുക്കുക എന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

കഴിഞ്ഞ വർഷം 399.95 ലക്ഷം ടൺ പാറ സർക്കാർ അനുവാദത്തോടെ പൊട്ടിച്ചു വിറ്റപ്പോഴാണ് 183.75 കോടി രൂപ കിട്ടിയതായി ആസൂത്രണ ബോർഡ് അറിയിച്ചിത്. ഒരു ദിവസം ശരാശരി 60000 ട്രക്കുകൾക്കെങ്കിലും പാറകൾ കൊണ്ടു പോകാൻ അനുവാദം ലഭിക്കാറുണ്ട്.ഓരൊ ട്രക്കും 2 -3 ട്രിപ്പുകൾ ദിനംപ്രതി നടത്തും.(ട്രക്ക് ഒന്നിൽ 20 ടൺ വീതം)60000 x 2 -3 x 20 x  ടൺ x 300 ദിവസം പാറ കൈമാറുന്നു.(7200 ലക്ഷം ടൺ)

ഒരു ടണ്ണിന് 500 രൂപ വില വെച്ചാൽ പ്രതിവർഷം എത്ര ആയിരം കോടി വിഭവങ്ങൾ ആകും വിൽക്കുന്നത്.പ്രകൃതിയുടെ സംതുലനത്തിൽ അതിനിർണായക പങ്കു വഹി ക്കുന്ന മലനിരകൾ പൊട്ടിച്ചു നീക്കുമ്പോൾ,20 ഡിഗ്രിയ്ക്കു മുകളിൽ ചരിവുള്ള പ്രദേശങ്ങളിൽ ഉണ്ടാക്കുന്ന ആഘാതവും രണ്ടു ഡസനിലധികം മറ്റ് സാമൂഹിക പ്രശ്നങ്ങളും പിണറായി സർക്കാർ മറക്കുകയാണ്.

മാഫിയ സംഘങ്ങളായി പരിണമിച്ച ക്വാറി കരാറുകാരിൽ നിന്ന് ഖനനം സർക്കാർ എറ്റെടുക്കും.ഉത്തരവാദിത്ത ഖനനം മാത്രം സാധ്യമാക്കും തുടങ്ങിയ ഇടതുപക്ഷ മുന്നണിയുടെ 8 വർഷം പഴക്കമുള്ള തെരഞ്ഞെടുപ്പ് ഉറപ്പുകളെ മറന്നുകൊണ്ടാണ് പ്രകൃതി ദുരന്തത്താൽ പൊറുതിമുട്ടിയ നാട്ടിൽ സ്വകാര്യ മേഖലയിൽ തന്നെ ആയിര ത്തിലധികം പുതിയ ഖനന യൂണിറ്റുകൾ തുടങ്ങുവാൻ അവസരം ഉണ്ടാക്കുന്നത്.

കേരളം തന്നെ നിലനിൽക്കണമൊ ?
അതൊ ഖനനവും കരാറുകാരും അവർക്കു വേണ്ടി അഴിമതിയും നിയമ ലംഘനവും നടപ്പിലാക്കിയാൽ മതി എന്നാണ് ഇടതുമുന്നണി സർക്കാർ തീരുമാനിക്കുന്നതെങ്കിൽ അതിന് കേരള ജനത നിന്നു കൊടുക്കില്ല എന്ന് CPI m മനസ്സിലാക്കുമൊ ?  നിർബന്ധിതമാകും.

 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment