മൂന്നാറിലെ ഗ്യാപ് റോഡിന് ആദരാജ്ഞലികൾ




ഗ്യാപ്പ് റോഡ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന മനോഹരമായ മലമ്പാത ഇനി ഓർമ്മ മാത്രം.കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയിൽ (NH 49) ദേവി കുളത്തിനും പൂപ്പാറയ്ക്കും ഇടയ്ക്ക് മലഞ്ചെരുവിലൂടെയുള്ള  റോഡ് ആർത്തിപ്പണ്ടാരങ്ങളും വിവ രദോഷികളുമായ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ചേർന്ന് തകർത്ത് തരിപ്പണമാക്കിയിരിക്കുന്നു.


ദേശീയ പാത NH 49 എറണാകുളത്തു നിന്നും ധനുഷ് കോടി വരെ ഒരേ വീതിയിൽ പണിയണമെന്ന് ആരു പറഞ്ഞാലും അവർ റോഡു  വികസനത്തെ ഇരുമ്പുലക്കയായി കണ്ടവരായി പരിഗണിക്കണം.കേരളത്തിലെ അതി മനോഹരമായ റോഡുകളിൽ മുൻ പന്തിയിലാണ് മൂന്നാർ- ദേവികുളം-ശാന്തൻപാറ-നെടുങ്കണ്ടം- കുമളി റോഡ്.അതിൽ മൂന്നാറിൽ നിന്നും പൂപ്പാറ വരെയുള്ള റോഡ് തേയില തോട്ടങ്ങളിലൂടെ മാത്രം കടന്നു പോകുന്നു. പ്രസ്തുത പാതയിലെ  ഏറ്റവും കൗതുകമുയർത്തുന്ന ഭാഗമാണ് ഗ്യാപ് റോഡ് എന്ന ഭാഗം.ഒരു മലയുടെ പുറം ചട്ടയിലൂടെ കടന്നു പോകുന്ന , മറു വശത്ത് വൻ ഗർത്തങ്ങളുള്ള റോഡിലൂടെയുള്ള ,വാഹന യാത്ര സാഹസികമായി തോന്നിയിരുന്നു.മൂന്നാർ (ഇടുക്കി)ടൂറിസത്തിൻ്റെ പ്രത്യേകത തന്നെ മലനിരകൾക്കുതകുന്ന,വീതി കുറവുള്ള റോഡുകളാണ്.തമിഴ്നാടുമായി (ബോഡി )ബന്ധപ്പെടുവാൻ മറ്റു മാർഗ്ഗങ്ങൾ ഉണ്ടെന്നിരിക്കെ, മൂന്നാറിൻ്റെ പരിസരത്തിനുതകുന്നതും മനോഹരവുമായ റോഡിൻ്റെ വീതി കൂട്ടുവാനുള്ള പ്രവർത്തനങ്ങൾ മലനാടിനു തന്നെ ഭീഷണിയാകും വിധം നടന്നു വരികയാണ്.അതിൽ തന്നെ ഏറ്റവും അശാസ്ത്രീയമായ  ഇടപെടലാണ് ഗ്യാപ് ഭാഗത്തു സംഭവിച്ചുകൊണ്ടിരിക്കുന്നത്.


റോഡിനു വീതി കൂട്ടാനെന്ന പേരിൽ ഒരു വർഷത്തിലേറെയായി നടക്കുന്ന അതി രൂക്ഷമായ പാറ പൊട്ടിക്കൽ കാരണം (ഈ മാസം 17 ന്  വൈകുന്നേരം 7 മണിയോടെ ) മലയുടെ വലിയ  ഭാഗവും റോഡുൾപ്പെടെയും താഴേയ്ക്ക് പതിച്ചു.കഴിഞ്ഞ  രണ്ടാഴ്ചയായി അതിശക്തമായ സ്ഫോടനങ്ങളാണ് അവിടെ നടത്തിക്കൊണ്ടിരുന്നത്.റോഡിനു മുകളിൽ മലയിൽ പാറ പൊട്ടിക്കാനായി നടത്തുന്ന ഉഗ്ര സ്ഫോടനങ്ങൾ മലയടിവാരത്തുള്ള മുട്ടുകാട് ബൈസൺവാലി ഗ്രാമങ്ങളിലുള്ള വീടുകളെ പോലും വിറപ്പിക്കുന്നു.


വീട് വെക്കാനായി തന്റെ പട്ടയഭൂമിയിലുള്ള  പാറപൊട്ടിക്കാൻ ശ്രമിച്ചാൽ പോലും ഓടിയെത്തുന്ന ഉദ്യോഗസ്ഥ ദുരന്തങ്ങളൊന്നും അതീവ പരിസ്ഥിതി ലോല പ്രദേശമെന്നു വിശേഷിപ്പിക്കപ്പെടുന്ന പ്രദേശത്ത് കിലോ മീറ്ററുകളോളം ദൂരത്തിൽ നടത്തുന്ന ഗുരുതരമായ നശീകരണ പ്രവർത്തനങ്ങളോട്  കണ്ട ഭാവം നടിക്കുന്നില്ല.അഥവാ അവരുടെ കണ്ണുകൾ ആരോ നോട്ടുകെട്ടുകൾകൊണ്ട് മൂടി വച്ചിരിക്കുന്നു.മാസങ്ങൾക്കു മുൻപ് ഗ്യാപ്പ് റോഡിൽ പാറപൊട്ടിച്ചുകൊണ്ടിരുന്നപ്പോൾ മലയിടിഞ്ഞു വീണ് രണ്ട് JCB ഓപ്പറേറ്റർമാർ മണ്ണിനടിയിൽപെട്ട് മരിച്ചു.അതിൽ ഒരാളുടെ മൃതദേഹം ഇത് വരെ കിട്ടിയിട്ടില്ലെന്നാണ് അറിയുന്നത്. ഒരു നടപടിയും ഗവർമെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല.പാറപൊട്ടിക്കൽ പൂർവാധികം ശക്തിയോടെ തുടർന്നു.


കഴിഞ്ഞ നടന്ന മലയിടിച്ചിലിൽ എത്ര തൊഴിലാളികൾ  അകപ്പെട്ടിട്ടുണ്ടെന്നോ, ആർക്കെങ്കിലും ജീവഹാനിയോ പരിക്കോ ഉണ്ടായോ എന്നുള്ള വിവരം പോലും പുറത്തുവിടാനുള്ള സാധ്യത കുറവാണ്. ആർക്ക് എന്ത് സംഭവിച്ചാലും വേണ്ടില്ല നമ്മക്ക് പൈസ കിട്ടിയാൽ മതി എന്നുള്ളതാണല്ലോ ഉദ്യോഗസ്ഥ-രാഷ്ട്രീയ കൂട്ടുകെട്ടിന്റെ അടിസ്ഥാന മുദ്രാവാക്യം.


ഗ്യാപ്പ് റോഡിൽ നടത്തിയ സ്ഫോടനങ്ങളുടെയെല്ലാം പ്രത്യാഘാതം അനുഭവിക്കാൻ വിധിക്കപ്പെട്ടവർ മുട്ടുകാട്, ബൈസൺവാലി ഗ്രാമ പ്രദേശങ്ങളിൽ ഉള്ളവരാണ്. മലയിടിച്ചിലിൽ കർഷകർ വർഷങ്ങൾ കഠിനാദ്ധ്വാനം ചെയ്തു പരിപാലിച്ചിരുന്ന ഏക്കർ കണക്കിന് കൃഷിഭൂമിയാണ് മിനിറ്റുകൾകൊണ്ട് നശിച്ചുപോയത്. 
ഇനി വരാനിരിക്കുന്നത് എന്തൊക്കെ ദുരന്തങ്ങളാണെന്നു കണ്ടറിയേണ്ടിയിരിക്കുന്നു.ഒരു വർഷത്തിലേറെയായി പാറപൊട്ടിക്കാനായി നടത്തി ക്കൊണ്ടിരിക്കുന്ന  സ്ഫോടനങ്ങൾ പ്രദേശത്തിന്റെ അസ്ഥിവാരം  തകർത്തിട്ടുണ്ടാകും.പാറയിൽ ഉറച്ചിരുന്ന ചെറു കുന്നുകളെല്ലാം  സ്ഫോടനങ്ങൾ മൂലം ഇളകി. മഴ ശക്തി പ്രാപിക്കുന്നതോടെ അവ ഉരുൾപൊട്ടലായി താഴേയ്ക്ക് പതിച്ച് വൻ ദുരന്തമായി മാറാനുള്ള സാധ്യതയാണ്  നിലനിൽക്കുന്നത്. തങ്ങൾക്കു യാതൊരു ബന്ധവുമില്ലാത്ത  കാര്യത്തിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുന്നത് താഴെ താമസിക്കുന്ന നിരപരാധികളായ ഗ്രാമവാസികളാണ്. 


വൻ ദുരന്തമായി മാറാതിരിക്കണമെങ്കിൽ അധികാരികൾ ഇപ്പോഴെങ്കിലും ഉണർന്നു പ്രവർത്തിക്കണം.എത്രയും പെട്ടെന്ന്  റോഡ് പണി നിർത്തി വെക്കണം. റോഡിനു വീതി കൂട്ടാനെന്നപേരിൽ നടത്തുന്ന  വിഢിത്തം  റോഡിനെ തന്നെ ഇല്ലാതെയാക്കി.ഇനി ഈ ഭൂപ്രദേശവും ഇവിടത്തെ ആളുകളെയും കൂടി ഇല്ലാതാക്കുന്നതിന് മുൻപ് അധികാരികൾ വിഷയത്തിൽ ഇടപെടേണ്ടതുണ്ട്.


Courtesy: Roy Augustine 

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment