കസ്തൂരി രംഗൻ റിപ്പോർട്ടിൽ പുതിയ വിജ്ഞാപനം




കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ പുനര്‍ വിജ്ഞാപനത്തിന് പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കി. കേരളമാവശ്യപ്പെട്ട മാറ്റങ്ങള്‍ പുനര്‍ വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് നിയമ മന്ത്രാലയത്തില്‍ നിന്നും ഉപദേശം തേടും. കേരളത്തില്‍ പുതിയ ക്വാറികള്‍ക്കും ഖനനത്തിനും അനുമതി നല്‍കില്ല. ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതി ലോല ,മേഖലയിൽ നിന്ന് ഒഴിവാക്കണമെന്ന കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിക്കാനും പരിസ്ഥിതി മന്ത്രാലയം തീരുമാനിച്ചു. കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളുടെ സാഹചര്യം പരിഗണിച്ച്  ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിത ലോല പ്രദേശത്തു നിന്നും ഒഴിവാക്കണമെന്നാണ് വകുപ്പ് മന്ത്രി ഡോ.ഹർഷവർധൻ അഭിപ്രായപ്പെടുന്നത്. 

 

പുനര്‍ വിജ്ഞാപനത്തില്‍ പരിസ്ഥിതിലോല പ്രദേശത്തുള്‍പ്പെടുന്ന 4,452 ചതുരശ്ര കിലോമീറ്റര്‍ കൂടി ഒഴിവാക്കണമെന്ന നിര്‍ദ്ദേശവും മന്ത്രാലയം മുന്നോട്ട് വെച്ചിട്ടുണ്ട്. ഈ നിർദ്ദേശങ്ങൾ സ്വീകരിക്കപ്പെട്ടത് കേരളത്തിലെ പരിസ്ഥിതി ലോല വില്ലേജുകൾ 123 ൽ നിന്ന് 94 ആയി ചുരുങ്ങും. പുതിയ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പുനര്‍വിജ്ഞാപനം ഇറക്കുന്നതിന് ഗ്രീൻ ട്രിബ്യൂണല്‍ നിയമ തടസ്സം ഉന്നയിച്ചാൽ  സുപ്രീം കോടതിയെ സമീപിക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. 

 

കസ്തൂരിരംഗൻ കരടുവിജ്ഞാപനം ഉണ്ടാകുന്നതുവരെ പശ്ചിമഘട്ടത്തിന്റെ സ്വാഭാവികതയെ ബാധിക്കുന്ന യാതൊരു നിർമാണ പ്രവർത്തനങ്ങളും പാടില്ലെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ആവശ്യപ്പെട്ട മാറ്റങ്ങളോടെ തിരക്കിട്ട് പുനർവിജ്ഞാപനം നടത്താൻ കേന്ദ്രം തീരുമാനിച്ചത്. 

 

പശ്ചിമഘട്ടത്തിലെ സംരക്ഷിക്കപ്പെടേണ്ട 129000 ചതുരശ്ര കിലോമീറ്റർ പ്രദേശത്തെ പരിസ്ഥിതി ലോലമേഖലയായി പരിഗണിച്ചാണ് മാധവ് ഗാഡ്ഗിൽ അധ്യക്ഷനായ കമ്മിറ്റി റിപ്പോർട്ട് തയ്യാറക്കിയത്. എന്നാൽ ഇത് അംഗീകരിക്കാതിരുന്ന സർക്കാർ കസ്തൂരി രംഗൻ കമ്മിറ്റിയെ നിയോഗിക്കുകയായിരുന്നു. ഈ കമ്മിറ്റി ഗാഡ്ഗിൽ പറഞ്ഞതിൽ 59000 ചതുരശ്രകിലോമീറ്റർ പ്രദേശത്തെ മാത്രം പരിസ്ഥിതി ലോലമേഖലയായി കണക്കാക്കാൻ നിർദ്ദേശിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. കേന്ദ്ര സർക്കാർ ഇതിൽ ഏകദേശം 13000 ചതുരശ്ര കിലോമീറ്ററോളം പ്രദേശത്തെ മാത്രം പരിസ്ഥിതി ലോല മേഖലയായി പരിഗണിക്കാൻ തീരുമാനിച്ച് വിജ്ഞാപനം ഇറക്കി. ഈ വിജ്ഞാപനത്തെയും കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ എതിർത്തതോടെയാണ് റിപ്പോർട്ട് അനിശ്ചിതത്വത്തിൽ ആയത്. 

 

പശ്ചിമഘട്ട സംരക്ഷണത്തെ തന്നെ അട്ടിമറിക്കത്തക്ക തരത്തിൽ നിരന്തരമായി വെള്ളം ചേർക്കപ്പെട്ട രീതിയിലാണ് ഇപ്പോൾ പുനർവിജ്ഞാപനം നടത്താൻ ഒരുങ്ങുന്നത്. പശ്ചിമഘട്ട മലനിരകളുടെ സമ്പൂർണ്ണ നാശത്തിലേക്ക് നയിക്കുന്നതാവും സങ്കുചിത താൽപ്പര്യങ്ങൾക്ക് വഴങ്ങിയുള്ള പുതിയ വിജ്ഞാപനമെന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment