ആമസോൺ കാടുകളുടെ സംരക്ഷകനെ വെടിവെച്ചുകൊന്നു




സാവോ പോളോ: ബ്രസീലിലെ ആമസോണ്‍ മഴക്കാടുകൾ സംരക്ഷിക്കാൻ ഇനി ആ യുവ പോരാളി ഇല്ല. വനത്തിൽ അതിക്രമിച്ചു കടന്നവരുടെ വെടിയേറ്റ് ആമസോണിന്റെ സംരക്ഷകൻ പൗലിനോ ഗ്വാജജാര (28) കൊല്ലപ്പെട്ടു. മാറൻഹാവോ പ്രവിശ്യയിലെ അറാറിബോയ ഗോത്രവർമേഖലയിലാണ് സംഭവം. ഒപ്പമുണ്ടായിരുന്ന തായ്നകി തെനെതെഹാറിന് മരംവെട്ടുകാരുടെ വെടിയേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.


ഗാര്‍ഡിയന്‍സ് ഓഫ് ഫോറസ്റ്റ് എന്ന സംഘടനയുടെ പ്രവർത്തകരാണ് ഇവർ. ഈ സംഘടനയ്ക്ക് നേരെ ഈ അടുത്തായി ഏറെ അതിക്രമങ്ങൾ നടക്കുന്നുണ്ട്. നിരവധി പേരാണ് ഈ അടുത്ത കാലത്തായി ഇവിടെ കൊല്ലപ്പെട്ടത്. ഇതിൽ മൂന്നുപേർ അറാറിബോയയിൽ നിന്നാണ്. ഹീനമായ കൊലപാതകത്തിനുത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് ബ്രസീൽ നിയമമന്ത്രി സെർജിയോ മോറോ ട്വീറ്റ് ചെയ്തു.


2012 ലാണ് പ്രകൃതി നശീകരണം ചെറുക്കാനായി ഗാര്‍ഡിയന്‍സ് ഓഫ് ഫോറസ്റ്റ് എന്ന കൂട്ടായ്മ രൂപവത്കരിച്ചത്. മരങ്ങൾ മുറിക്കാനായി കാട്ടിൽ അതിക്രമിച്ചു കയറുന്നവരെ ശത്രുക്കളായാണ് ഇവർ കണ്ടിരുന്നത്. കാടിനെ സംരക്ഷിക്കാൻ പലപ്പോഴും ആയുധങ്ങളുമായി ഉറങ്ങാതെ കാവലിറിനു വരെ വനങ്ങൾക്ക് സംരക്ഷണം നൽകിവരികയായിരുന്നു ഈ സംഘടനയുടെ നേതൃത്വത്തിൽ. 4130 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള അറാറിബോയയിൽ ഗ്വാജജാര, അവ തുടങ്ങി നിരവധി ഗോത്രവർഗവിഭാഗങ്ങളുണ്ട്.


ബ്രസീലിലെ ഗോത്രവിഭാഗമായ 20,000ത്തോളം ജനസംഖ്യയുള്ള ഗ്വാജജാര എന്ന ഗോത്രത്തിന്റെ നേതാവായിരുന്നു പൗലിനോ. ഈയടുത്ത് ആമസോണ്‍ വനത്തിലുണ്ടായ വനനശീകരണത്തിനെതിരെ ശക്തമായ പ്രതിഷേധമായിരുന്നു പൗലിനോയുടെ ഗോത്രവിഭാഗം നടത്തിയത്. ഈ പ്രതിഷേധം ലോകം മുഴുവൻ വാർത്തയായിരുന്നു.


ബ്രസീൽ പ്രസിഡൻറ് ജെയര്‍ ബൊൽസൊനാരോ ആമസോൺ മഴക്കാടുകൾ വെട്ടിത്തെളിക്കാൻ അനുമതി നൽകിയിരിക്കുകയാണ്. ആഗോളതാപനവും, കാലാവസ്ഥാ വ്യതിയാനവും ഏറെ ചർച്ച ചെയ്യുന്ന ഘട്ടത്തിൽ തന്നെ ബ്രസീൽ നടത്തുന്ന വനനശീകരണത്തിനെതിരെ പ്രതിഷേധങ്ങളും ശക്തമാകുന്നു

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment