പരിസ്ഥിതി സംരക്ഷണത്തിന് അവാർഡ് നൽകാനൊരുങ്ങി വില്യം രാജകുമാരന്‍




ലണ്ടന്‍: പരിസ്ഥിതി സംരക്ഷണത്തിന് മുന്‍തൂക്കം നല്‍കുന്നവരെ കണ്ടെത്തി ആദരിക്കാനൊരുങ്ങി വില്യം രാജകുമാരന്‍. കഴിഞ്ഞ ദിവസമാണ് മള്‍ട്ടി മില്യണ്‍ പൗണ്ട് എന്‍വയോണ്‍മെന്റ് പ്രൈസിനെക്കുറിച്ച്‌ വില്യം പ്രഖ്യാപനം നടത്തിയത്. ദ എര്‍ത്ത്ഷോട്ട് പ്രൈസ് എന്ന് പേരിട്ടിരിക്കുന്ന പുരസ്കാരത്തിന് ഒരു മില്യണ്‍ പൗണ്ടാണ് (ഏ​ക​ദേ​ശം 9.46 കോ​ടി രൂ​പ) സമ്മാനത്തുക. 


അടുത്ത പത്തുവര്‍ഷത്തേക്ക് പ്രകൃതി സംരക്ഷണവും വിട്ടുകൊടുക്കലും, ശുദ്ധവായു, സമുദ്ര സംരക്ഷണം, മാലിന്യ നിര്‍മാര്‍ജനം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഭാഗങ്ങളിലാവും പുരസ്കാരങ്ങള്‍ സമ്മാനിക്കുക. ഈ വര്‍ഷത്തെ പുരസ്കാര ജേതാക്കള്‍ക്കായുള്ള നാമനിര്‍ദ്ദേശം നവംബര്‍ ഒന്നിന് ആരംഭിക്കും. അടുത്തവര്‍ഷം സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി പുരസ്കാര വിതരണം നടക്കും.


2030 ഓടു കൂടി പല വിധ പ്രശ്നങ്ങള്‍ ഭൂമിയെ പിടികൂടാന്‍ സാദ്ധ്യതയുണ്ട്. അവ ഒഴിവാക്കാന്‍ ഇപ്പോള്‍ തന്നെ നാം പരിശ്രമിക്കണമെന്ന് ബി.ബി.സിയ്ക്കു നല്‍കിയ അഭിമുഖത്തില്‍ വില്യം വ്യക്തമാക്കി. പരിസ്ഥിതി സംരക്ഷകന്‍ ഡേവിഡ് ആറ്റന്‍ബറോയും ഒപ്പമുണ്ടായിരുന്നു. 38കാരനായ വില്യം രാജകുമാരന്‍ ബ്രിട്ടന്റെ കിരീടാവകാശികളില്‍ രണ്ടാമനാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment