താപനില 40 ൽ കുറയാതെ പാലക്കാട്; സംസ്ഥാനത്ത് ജാഗ്രതാ നിർദേശം




കനത്ത ചൂട് തുടരുന്ന കേരളത്തിൽ ഏറ്റവും ചൂട് കൂടിയ പ്രദേശമാണ് പാലക്കാട്. മാർച്ച് മാസത്തിന്റെ തുടക്കം മുതൽ താപനില 40 ഡിഗ്രിയിലേക്ക് കടന്ന ജില്ല പിന്നീട് 40 ഡിഗ്രി ചൂടിൽ തന്നെ തുടരുകയാണ്. അതിനിടെ കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ 41 ഡിഗ്രി ചൂടിലേക്കും പാലക്കാട് കടന്നു. തുടർച്ചയായി കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും പാലക്കാട് 41 ഡിഗ്രിയാണ് പാലക്കാട് അനുഭവപ്പെടുന്ന ചൂട്. 


പാലക്കാട് ജില്ലയിലെ മലമ്പുഴയിലും താപനില 40 ഡിഗ്രി കടന്നു. 40.2 ഡിഗ്രി സെൽഷ്യസ് ചൂടാണ് ഇന്നലെ മലമ്പുഴയിൽ രേഖപ്പെടുത്തിയത്. പട്ടാമ്പിയിൽ 37.2 ഡിഗ്രിയാണ് ഉയർന്ന താപനിലയെങ്കിലും കുറഞ്ഞ താപനില കൂടിയ അളവിലാണ്. 24.2 ഡിഗ്രി സെ‍ൽഷ്യസ്. ഈ വർഷം ഇതുവരെ രേഖപ്പെടുത്തിയ ഉയർന്ന കുറഞ്ഞ ചൂടാണിത്.


അതേസമയം, കേരളത്തിൽ അതികഠിനമായ ചൂട് തുടരും. ജാഗ്രത നിർദേശം ഞായറാഴ്ച്ച വരെ നീട്ടിയിട്ടുണ്ട്. സൂര്യാഘാതത്തിനും സൂര്യാതപത്തിനും സാധ്യത വളരെ കൂടുതൽ ഉള്ളതിനാൽ നേരിട്ട് സൂര്യപ്രകാശം എൽക്കുന്നത് ഒഴിവാക്കണമെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടുക്കിയും വയനാടും ഒഴികെ ഉള്ള ജില്ലകളിൽ ചൂട് രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ഉയരും. താപ തീവ്രതയുടെ തോതും ഉയർന്നേക്കും. 


മേഘാവരണം ഇല്ലാത്തതിനാല്‍ അതികഠിനമായ ചൂട് നേരിട്ട് പതിക്കും. അൾട്രാവയലറ്റ് രശ്മികളുടെ തോത് കൂടിയതിനാല്‍ സൂര്യാതപവും സൂര്യാഘാതവും ഏൽക്കാനുള്ള സാധ്യത കൂടുതലാണ്. 11 മണി മുതല്‍  മൂന്നു വരെയുള്ള സമയത്ത് വെയില്‍ ഏല്‍ക്കരുതെന്ന കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. 


ബംഗാള്‍ ഉള്‍ക്കടലില്‍ കാര്യമായ ന്യൂനമര്‍ദ്ദ സാധ്യതകള്‍ ഇല്ലാത്തതിനാല്‍ വേനല്‍മഴയ്ക്കായി ഇനിയും കാത്തിരിക്കേണ്ടി വരും. എന്നാല്‍ കനത്ത ചൂടിന്റെ ഫലമായി പ്രാദേശികമായി രൂപപ്പെടുന്ന മേഘങ്ങള്‍ ആഴ്ചയവസാനത്തോടെ മഴയെത്തിക്കുമെന്നാണ് കാലാലസ്ഥാ വിദഗ്ധരുടെ നിഗമനം. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment