ട്രംപിന്റെ സന്ദർശനവേളയിൽ ദുര്‍ഗന്ധമകറ്റാന്‍ ദിവസവും തുറന്നുവിടുന്നത് 122.32 കോടി ലിറ്റര്‍




അമേരിക്കന്‍ പ്രസിഡന്‍റ്​ ഡോണാള്‍ഡ് ട്രംപിന്‍റെ സന്ദര്‍ശനത്തില്‍ ദുര്‍ഗന്ധമകറ്റാന്‍ യമുന നദിയിലേക്ക്​ ദിവസവും 122.32 കോടി ലിറ്റര്‍ ​വെള്ളം തുറന്നുവിട്ട്​ ഉത്തര്‍ പ്രദേശ്​ സര്‍ക്കാര്‍. സെക്കന്‍ഡില്‍ 14158.5 ലിറ്റര്‍ (500 ക്യുസെക്‌സ്) വെള്ളമാണ്​ ഉത്തര്‍പ്രദേശ് ജലസേചന വകുപ്പ് തുറന്നുവിടുന്നത്​. ട്രംപിനെ സ്വീകരിക്കാന്‍ ചേരിപ്രദേശത്ത്​ മതില്‍കെട്ടിയും ജനങ്ങളെ കുടിയൊഴിപ്പിച്ചും ഗുജറാത്ത് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതിനിടെയാണ് യു.പി സര്‍ക്കാറിന്‍റെ നടപടി.


യമുനയില്‍ നിന്ന് ഉയരുന്ന ദുര്‍ഗന്ധം ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഈ നടപടിയെന്ന് ഉത്തര്‍പ്രദേശ് മാലിന്യ നിയന്ത്രണ ബോര്‍ഡിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ അരവിന്ദ് കുമാര്‍ പറഞ്ഞു. ഇത് മഥുരയിലെയും ആഗ്രയിലെയും യമുനയിലെ ഓക്‌സിജന്റെ അളവ് മെച്ചപ്പെടുത്തും. എന്നാല്‍ യമുനയിലെ വെള്ളം കുടിക്കാന്‍ കഴിയില്ല. പക്ഷേ നദിയില്‍നിന്നുള്ള ദുര്‍ഗന്ധം കുറയ്ക്കാന്‍ കഴിയും- അദ്ദേഹം പറഞ്ഞു.


ഫെബ്രുവരി 23 മുതല്‍ 26 വരെയാണ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം. ഡല്‍ഹിക്ക് പുറമെ യുപിയിലെ ആഗ്രയും ഗുജറാത്തിലെ അഹമ്മദാബാദും ട്രംപ് സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുറന്നുവിട്ട വെള്ളം മഥുരയില്‍ ഇന്നും ആഗ്രയില്‍ നാളെ​ ഉച്ചക്ക്​ ശേഷവും എത്തുമെന്ന്​ ജലസേചന വകുപ്പ് സൂപ്രണ്ടിങ്​ എന്‍ജിനീയര്‍ ധര്‍മേന്ദ്ര സിങ്​ പോഘട്ട്​ അറിയിച്ചു.


അതേസമയം, ജലം ഒഴുക്കിവിടുന്നത്​ നദിക്ക് യാതൊരു പ്രയോജനവും ഉണ്ടാക്കില്ലെന്ന് യമുന നദി ശുചീകരണത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടന ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment