ഗ്ലാസ്‌ഗോ ഉച്ചകോടിയും  ഇന്ത്യന്‍ നിലപാടുകളും - 2




ഗ്ലാസ്‌ഗോ ഉച്ചകോടിയിലെ ഇന്ത്യന്‍ നിലപാട് സംബന്ധിച്ച് വ്യക്തമായ ധാരണ നല്‍കാന്‍ ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. COP26ല്‍ സ്വീകരിക്കാന്‍ പോകുന്ന നിലപാടുകളും നിര്‍ദ്ദേശങ്ങളും സംബന്ധിച്ച് ഒരു കൈപ്പുസ്തകം ഉടന്‍ തന്നെ പുറത്തിറക്കുമെന്ന് മിനിസ്ട്രി ഓഫ് എന്‍വയണ്‍മെന്റ് അറിയിച്ചിരുന്നുവെങ്കിലും അത് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടില്ല.


വികസിത രാജ്യങ്ങൾ net zero ലക്ഷ്യങ്ങളിലേക്ക് എത്താന്‍ പരിശ്രമിക്കുമ്പോള്‍ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾ net negative സമീപനം സ്വീകരിക്കുന്നതായിരിക്കും ഉചിതമെന്നാണ് ഇന്ത്യയുടെ ഔദ്യോഗിക നിലപാട്. രാജ്യങ്ങളുടെ കമിറ്റ്‌മെന്റുകളില്‍  ഇന്ത്യ മുന്‍നിരയിലാണെന്നും അടിയന്തിരമായി കൂടുതല്‍ കമിറ്റ്‌മെന്റുകള്‍ ആവശ്യമില്ലെന്നുമാണ് കോപ് 26ല്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഒഫീഷ്യലുകള്‍ക്കുള്ള നിര്‍ദ്ദേശം. 


അതേസമയം, ഗ്ലാസ്‌ഗോ ഉച്ചകോടിയില്‍ വെച്ച് 2070 ആകുമ്പോഴേക്കും ഇന്ത്യ നെറ്റ് സീറോ എമിഷന്‍ ടാര്‍ഗെറ്റില്‍ എത്തുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. 2050 ആകുമ്പോഴേക്കും നെറ്റ് സീറോ ടാര്‍ഗെറ്റ് പൂര്‍ത്തിയാക്കാനുള്ള പ്രഖ്യാപനങ്ങള്‍ പല രാജ്യങ്ങളും നടത്തുന്നിടെയാണ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കപ്പെട്ടത്. എമേര്‍ജിംഗ് ഇക്കണോമി എന്ന നിലയില്‍ ഇന്ത്യയുടെ എമിഷന്‍ അതിന്റെ പാരമ്യതയിലേക്ക് കടക്കാനിരിക്കുന്നതേയുള്ളൂ എന്നതാണ് യാഥാര്‍ത്ഥ്യം. തൊട്ടടുത്ത രണ്ടു പതിറ്റാണ്ടുകളും (2020-2030) ഇന്ത്യയുടെ ഊര്‍ജ്ജോപഭോഗത്തിലും എമിഷനിലും വര്‍ദ്ധനവ് സംഭവിക്കാനുള്ള സാധ്യത ഏറെയാണെന്ന് വിലയിരുത്തപ്പെടുന്നു.


അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ നെറ്റ് സീറോ ടാര്‍ഗെറ്റുകള്‍ പൂര്‍ത്തീകരിക്കാനുള്ള നിയമ നിര്‍മ്മാണങ്ങള്‍ സെനറ്റ് വഴി പാസാക്കിയെടുക്കാന്‍ പ്രയാസമനുഭവിക്കുന്ന അവസ്ഥ നിലനില്‍ക്കുമ്പോള്‍ മിക്കവാറും എല്ലാ പ്രഖ്യാപനങ്ങളും വെള്ളത്തില്‍ വരച്ച വരപോലെ ആകാനുള്ള സാധ്യതകളാണ് കാണുന്നത്.


ഇന്ത്യയുടെ പുതുക്കാവുന്ന ഊര്‍ജ്ജസ്രോതസ്സുകളുടെ പ്രതിഷ്ഠാപിത ശേഷി 2030ഓടെ 500 ഗിഗാവാട്ടായി ഉയര്‍ത്തുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിക്കുകയുണ്ടായി.


അതേസമയം, ഇന്ത്യയുടെ ക്ലീന്‍ എനര്‍ജി പ്രഖ്യാപനങ്ങള്‍ ലക്ഷ്യം കൈവരിക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നുവെന്ന് നിലവിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 2022 ഓടെ പുതുക്കാവുന്ന ഊര്‍ജ്ജസ്രോതസ്സുകളുടെ പ്രതിഷ്ഠാപിത ശേഷി (installed capacity) 175 ഗിഗാവാട്ട് ആയിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും 96.96 ഗിഗാവാട്ടിന്റെ പദ്ധതികള്‍ മാത്രമേ പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടുള്ളൂ. 50, 25 ഗിഗാവാട്ട് പ്രതിഷ്ഠാപിത ശേഷിയുള്ള പദ്ധതികള്‍ നിര്‍മ്മാണത്തിന്റെയും കരാറുകളുടെയും വിവിധ ഘട്ടങ്ങളിലാണ്.


2030ഓടെ രാജ്യത്തിന്റെ റിന്യൂവബ്ള്‍ എനര്‍ജി ടാര്‍ഗെറ്റ് 500 ഗിഗാവാട്ട് ആയി ഉയര്‍ത്തുമെന്ന് പ്രഖ്യാപിക്കപ്പെട്ട സന്ദര്‍ഭത്തില്‍ അടുത്ത 9 വര്‍ഷത്തിനുള്ളില്‍ രാജ്യം കൈവരിക്കേണ്ട ലക്ഷ്യത്തിന്റെ വ്യാപ്തി എന്താണെന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കും.


*വന്‍കിട അണക്കെട്ടുകള്‍ ഒഴിവാക്കിക്കൊണ്ടുള്ള പുതുക്കാവുന്ന ഊര്‍ജ്ജസ്രോതസ്സുകളുടെ പ്രതിഷ്ഠാപിത ശേഷി : 102 ഗിഗാവാട്ട് (26%)

* വന്‍കിട അണക്കെട്ടുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുതുക്കാവുന്ന ഊര്‍ജ്ജസ്രോതസ്സുകളുടെ പ്രതിഷ്ഠാപിത ശേഷി : 148 ഗിഗാവാട്ട് (38%)

* വന്‍കിട അണക്കെട്ടുകള്‍, ആണവോര്‍ജ്ജം, പുതുക്കാവുന്ന ഊര്‍ജ്ജസ്രോതസ്സുകള്‍ എന്നിവ ഉള്‍പ്പെടുന്ന ഫോസിലേതര സ്രോതസ്സുകളുടെ പ്രതിഷ്ഠാപിത ശേഷി : 155 ഗിഗാവാട്ട് 
അതായത്, രാജ്യത്തിന്റെ പുതുക്കാവുന്ന ഊര്‍ജ്ജസ്രോതസ്സുകളുടെ പ്രതിഷ്ഠാപിത ശേഷി 500 ഗിഗാവാട്ടായി ഉയര്‍ത്തണമെങ്കില്‍ അടുത്ത 9 വര്‍ഷങ്ങള്‍ക്കുള്ളില്‍ പ്രതിവര്‍ഷം 45 ഗിഗാവാട്ട് വെച്ച് ഉയര്‍ത്തേണ്ടി വരും! ഇതിന്റെ പ്രായോഗികതയെ സംബന്ധിച്ച് വലിയ സന്ദേഹങ്ങള്‍ നിലനില്‍ക്കുന്നു.


കല്‍ക്കരിയില്‍ നിന്നും പിന്‍വാങ്ങുന്നതോടെ രാജ്യത്തിന്റെ ബേസ് ലോഡ് വൈദ്യുതാവശ്യങ്ങള്‍ പരിഹരിക്കുന്നതിനായി ആണവ വൈദ്യുതിയുടെ ഉത്പാദനത്തില്‍ വര്‍ദ്ധനവ് വേണ്ടിവരുമെന്നാണ് ഔദ്യോഗിക വിലയിരുത്തല്‍. ഈയൊരു വിലയിരുത്തലിന്റെ പശ്ചാത്തലത്തില്‍ ന്യൂക്ലിയര്‍ സപ്ലൈ ഗ്രൂപ്പില്‍ ഇടം നേടുന്നതിനുള്ള ഇടപെടലുകള്‍ ശക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. 


തുടരും

Green Reporter

K Sahadevan

Visit our Facebook page...

Responses

0 Comments

Leave your comment