കോവിഡ് ജൈവ യുദ്ധത്തിന്റെ ഭാഗമല്ല, എന്ത്‌കൊണ്ട് ? ഭാഗം - 2




കൊറോണയെ പറ്റിയുള്ള വാര്‍ത്ത‍ പുറത്തു വന്ന ഡിസംബര്‍ അവസാനത്തെ ദിവസങ്ങൾക്കു ശേഷവും രോഗത്തെ ഭീഷണിയോടെ കാണുവാന്‍ വിവിധ രാജ്യങ്ങള്‍ ഒരുക്കമായിരുന്നില്ല. കൊറോണയെ പറ്റി ചൈന പുറത്തു വിടുന്ന വാര്‍ത്തകള്‍ വിശ്വസിക്കേണ്ടതില്ല എന്ന് അമേരിക്കന്‍ പ്രസിഡന്‍റ് വ്യക്തമാക്കി. ബ്രിട്ടിഷ് പ്രധാനമന്ത്രിയും കൊറോണയെ ഭയക്കേണ്ടതില്ല എന്നും ബ്രസീൽ പ്രസിഡൻ്റ്, മരണത്തെ എന്തിനു പേടിക്കണം, കൊവിഡിന്‍റെ പേരില്‍ രാജ്യം അടച്ചിടുവാന്‍ താന്‍ തയ്യാറല്ല എന്ന് പരസ്യമാക്കി. അമേരിക്കയും തുടർന്ന് ഇംഗ്ലണ്ടും ഗോത്ര വര്‍ഗ്ഗക്കാര്‍ക്കിടയില്‍ പോലും രോഗം പടര്‍ന്ന ബ്രസീലും കോവിഡിന്‍റെ ആക്രമണത്താല്‍ ഇപ്പോൾ ബുദ്ധിമുട്ടുകയാണ്.ഈ അവസരത്തില്‍ അമേരിക്കന്‍ പ്രസിഡൻ്റ്, ചൈനയെ വിമര്‍ശിക്കുന്നതിനോടൊപ്പം ലോകാരോഗ്യ സംഘടനയെയും കുറ്റപ്പെടുത്തി. ലോകാരോഗ്യ സംഘടനക്ക് നല്‍കുന്ന പണത്തില്‍ വെട്ടിച്ചുരുക്കും എന്ന് അറിയിച്ചു.കൊറോണ വൈറസ്സിന് ചൈനയുടെ പേരിടണമെന്ന വാദം അന്തര്‍ദ്ദേശീയമായുള്ള ധാരണക്ക് എതിരാണ് എന്ന് പോലും ഓര്‍ക്കുവാന്‍ ട്രമ്പ് തയ്യാറായില്ല.


വൈറസ്സിന്‍റെ വലിപ്പം ചെറുതാണെങ്കിലും (120 നാനോ മീറ്റർ) അവയുടെ പ്രോട്ടീന്‍- പഞ്ചസാര ഘടന സങ്കീര്‍ണ്ണമാണ്. കൊറോണ വൈറസ്സിന്‍റെ പ്രഭവ കേന്ദ്രം ചൈനയും അതിൻ്റെ കാരണം വുഹാനിലെ വൈറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമാണെന്നും പറയുവാന്‍ അമേരിക്കയുടെ ഔദ്യോഗിക സ്ഥാനത്തിരിക്കുന്നവര്‍ ശ്രമിച്ചു. അതിനായി കണ്ടെത്തിയ ന്യായം, കൊറോണ ജൈവായുധ യുദ്ധ പദ്ധതിയുടെ സൃഷ്ടിയായിരുന്നു. ചൈനീസ് അക്കാദമി ഓഫ് സയന്‍സ്സിന്‍റെ കീഴിലുള്ള വുഹനിലെ വൈറോളജി സ്ഥാപനത്തില്‍ നിന്നും ജൈവ ആയുധ യുദ്ധത്തിന്‍റെ ഭാഗമായി നിര്‍മ്മിച്ച വൈറസ് പുറത്തു പോയതാണ് രോഗത്തിന് കാരണം എന്നായിരുന്നു ഒന്നാമത്തെ വിശദീകരണം. ബയോളജിക്കൽ ആൻറ് ടോക്സിൻ വെപൺ കൺവെൻഷനിൽ (1975 മുതൽ പ്രവർത്തിക്കുന്നു) അംഗമായ ചൈന അത്തരം ശ്രമങ്ങള്‍ നടത്തിയെന്ന് പരാതി ഉയര്‍ന്നു.


രണ്ടാമത് ഉയര്‍ന്ന ആരോപണം ചൈനീസ് ചാരന്മാരുമായി ബന്ധപ്പെട്ടാണ്. ചൈനയും കാനഡയും ഒരുമിച്ചു നടത്തിയ മൈക്രോബയോളജി ലാബുകള്‍ തമ്മിലുള്ള ഒരുമിച്ചുള്ള പഠനവും അതിന്‍റെ ഭാഗമായി കാനഡയില്‍ നിന്നും സൂക്ഷ്മ ജീവി ചൈനയില്‍ എത്തി പുറത്തു പോകുകയായിരുന്നു എന്നാണ് വിശദീകരണം.


മറ്റൊരു ആരോപണം പകർപ്പവകാശവും വാക്സിനേഷനും എന്ന വിഷയവുമായി ബന്ധപെട്ടതാണ്. കൊറോണ വൈറസുമായി ബന്ധപെട്ട് 2018ല്‍ പകർപ്പവകാശം ആനുവദിച്ചിട്ടുണ്ട് (?). ബിൽ ആൻ്റ് മെലിൻഡ ഗേറ്റ്സ് നിയന്ത്രിക്കുന്ന പാർബ്രൈറ്റ് പകർപ്പവകാശം നേടി എന്നത് വസ്തുതാ വിരുദ്ധമാണ്. ബിൽ ഗേറ്റ്സ് ഇപ്പോൾ നിയന്ത്രിക്കുന്ന (1975 മുതലുള്ള) സ്ഥാപനം മൃഗങ്ങളില്‍ ബാധിക്കുന്ന വൈറല്‍ രോഗങ്ങളെ പറ്റിയാണ് പഠിക്കുന്നത്.


കൊറോണ വൈറസ് മനുഷ്യ നിര്‍മ്മിതമല്ല എന്ന് ശാസ്ത്ര ലോകം പറയുവാന്‍ ഒന്നിലധികം കാരണങ്ങളുണ്ട്. നിയോ കൊറോണ വൈറസ്, മുന്‍ വൈറസുകളുടെ (ശാസ്ത്രത്തിന്‍റെ അറിവിലുള്ള) തുടര്‍ച്ചയായി പരിഗണിക്കുവാന്‍ തക്ക സാമ്യത അവ തമ്മിൽ കാണുന്നില്ല. രോഗികളില്‍ നിന്നും തിരിച്ചറിഞ്ഞ വൈറസ് ഈനാം പേച്ചിയില്‍ നിന്ന് കണ്ടെത്തിയതിനു സമാനമാണ് എന്നത് നിയോ കൊറോണ വൈറസ് ലാബറട്ടറിയിൽ നിർമ്മിച്ചതാണെന്ന വാദത്തെ തള്ളിക്കളയുന്നു. കൊറോണയുടെ പഞ്ചസാര കൊണ്ടുള്ള കവചം വൈറസിനെതിരെ പ്രതിരോധം ഉണ്ടാകുവാനുള്ള സാധ്യത കുറക്കുന്നുണ്ട്. ഈ പ്രത്യേകത കൊറോണയെ മറ്റുള്ള വൈറസ്സില്‍ നിന്നും കുറെകൂടി വ്യതിരിക്തമാക്കി. കൊറോണ വൈറസ്സിനുള്ള പ്രത്യേകതയാണ് രോഗാണു കയറുന്ന ജീവികളുടെ പ്യൂറിനുമായി മുറിഞ്ഞു മാറുവാനുള്ള കഴിവ്. ഈ പ്രത്യേകത ഇതിനു മുന്‍പ് കണ്ടെത്തിയ സാർസ്, മെർസ് വൈറസ്സുകള്‍ക്ക് ഉണ്ടായിരുന്നില്ല.


കൊറോണ വൈറസ് വ്യാപനത്തില്‍ കാണുന്ന പ്രത്യേകതകള്‍ സൂക്ഷ്മ ജീവിയുടെ പരിണാമത്തിലൂടെ ആര്‍ജ്ജിച്ചതാണെന്നേ ഇപ്പോഴത്തെ സാഹചര്യത്തിൽ ശാസ്ത്ര ലോകത്തിനു പറയുവാന്‍ കഴിയൂ. കാലാവസ്ഥയില്‍ സംഭവിച്ച അസ്വാഭാവിക മാറ്റങ്ങള്‍, തകര്‍ന്ന ആവസ വ്യവസ്ഥയിൽ ജീവിക്കേണ്ടി വന്നതിനാൽ പ്രതിരോധശേഷി നഷ്ടപെട്ട ജീവി വർഗ്ഗങ്ങൾ, അവയ്ക്ക് മനുഷ്യരുടെ ഇടയില്‍ കഴിയുവാൻ നിര്‍ബന്ധിതമായ സാഹചര്യം മൃഗങ്ങളിൽ നിന്നു പടരുന്നരോഗങ്ങളുടെ വർധനയ്ക്കു കാരണമായി. കഴിഞ്ഞ അരനൂറ്റാണ്ടിനിടയിൽ 300 ഓളം ഇത്തരം രോഗങ്ങൾ ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളെ ബുദ്ധി മുട്ടിച്ചു. ഉയർന്ന താപ നിലയും തണുപ്പും മുന്തിയ പൊടിപടലങ്ങൾ ഒക്കെയും സൂക്ഷ്മ ജീവികളുടെ ഘടനാ മാറ്റത്തിന് നിദാനമായേക്കാവുന്ന വസ്തുതകളാകാം.


ജീവിതത്തിൻ്റെ സമസ്ത രംഗത്തെയും അതിൻ്റെ ഭാഗമായി ആരോഗ്യ സംവിധാനത്തെയും ഊഹമൂലധനവിപണിയുടെ ചരക്കായി കാണുവാൻ ഇഷ്ടപെടുന്ന വ്യവസ്ഥയിൽ, ആരോഗ്യ പ്രതിരോധ പ്രവർത്തനങ്ങൾ അസാധ്യമാണ്. അതിനുള്ള വിലയാണ് അമേരിക്കയും യൂറോപ്പിലെ പ്രമുഖ രാജ്യങ്ങളും കൊറോണ വ്യാധിയുടെ കാലത്ത് മരണത്തിൻ്റെ രൂപത്തിൽ നൽകേണ്ടി വരുന്നത്.കൊറോണാ നന്തര ലോകത്ത്, വ്യാധിയുടെ കാര്യ കാരണങ്ങൾ ഉത്തര വാദിത്തത്തോടെ പരിശോധിക്കുവാൻ രാജ്യങ്ങൾ തയ്യാറല്ല എങ്കിൽ, മനുഷ്യ വർഗ്ഗത്തെ ദുരന്തങ്ങൾ ആവർത്തനക്ഷമതയോടെ വേട്ടയാടും എന്ന് തിരിച്ചറിയണം.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment