പത്തനംതിട്ടയിലെ ജിയോളജിസ്റ്റിന് ബിനാമി ക്വാറികൾ : പശ്ചിമഘട്ട സംരക്ഷണ സമിതി




പത്തനംതിട്ട: ജനകീയപ്രതിഷേധങ്ങളും പരാതികളും മുഖവിലയ്‌ക്കെടുക്കാതെ ജില്ലാ പരിസ്ഥിതി ആഘാത നിർണ്ണയ അതോറിറ്റി മുന്നോട്ടു പോകുന്നത് വൻ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് ഇടവരുത്തുമെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി. ക്വാറി ക്രഷർ മുതലാളിമാരുടെ പോഷക സംഘടനയായി ജില്ല അതോറിറ്റി മാറിയിരിക്കുന്നു. വൻകിട ക്വാറി മുതലാളിമാരുടെ താൽപര്യം സംരക്ഷിക്കാനായി നിയോഗിച്ച ഉദ്യോഗസ്ഥരാണ് പാരിസ്ഥിതിക കമ്മറ്റിയിൽ ഉള്ളതെന്നും പശ്ചിമഘട്ട സംരക്ഷണ സമിതി ആരോപിച്ചു. ജിയോളജിസ്റ്റിന്റെ ബിനാമി ക്വാറികൾ ഏറത്തും ഏനാദിമംഗലത്തും ഉണ്ടെന്നും സമിതി ആരോപിക്കുന്നു. 

 


കഴിഞ്ഞ ദിവസം ആറന്മുള ഖനനവകുപ്പ് ജില്ലാ ഓഫീസിൽ നടന്ന കമ്മിറ്റിയിൽ പാരിസ്ഥിതിക അനുമതിയ്ക്കായി സമർപ്പിച്ച അഞ്ച് അപേക്ഷകളിൽ മൂന്നണ്ണം ബിനാമി പേരുകളിലുള്ളതാണെന്ന് ബന്ധപ്പെട്ടരേഖകൾ പരിശോധിച്ചാൽ മനസിലാകും. ഏനാദിമംഗലം കിൻഫ്രാ വ്യവസായ പർക്കിലും, തെക്കൻ കേരളത്തിലെ പ്രശസ്തമായ ക്രിസ്ത്യൻ തീർത്ഥാടന കേന്ദ്രമായ മരുതിമൂട് സെന്റ് ജൂഡ് ദേവാലയത്തിനും ചർച്ച് ഓഫ് ഗോഡിനും സമീപത്തായി നൂറ് കണക്കിന് കുടുംബങ്ങൾ താമസിക്കുന്ന ജനവാസ മേഖലയിലും ,ഹിന്ദുമതാചാരപ്രകാരം മലദൈവങ്ങളെ ദശാബ്ദങ്ങളായി ആരാധാന നടത്തിവരുന്ന ഏറത്ത് പഞ്ചായത്തിലെ പുലിമലയിലും ജിയോളജിസ്റ്റ്  മൈനിംഗ് പ്ലാൻ അംഗീകരിച്ച് നൽകിയത് വൻ അഴിമതിയിലേക്കാണ് വിരൽ ചൂണ്ടുന്നത്. പശ്ചിമഘട്ട സംരക്ഷണ സമിതി പറഞ്ഞു. 

 


മാസങ്ങൾക്ക് മുമ്പ് അടൂർ തഹസിൽദാർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ മിന്നൽ പരിശോധനയിൽ അനധികൃതമായി സർക്കാർ ഭൂമി കൈയ്യേറിയും മുൻകാല പെർമിറ്റിന്റെ മറവിലും ലക്ഷക്കണക്കിന് മെട്രിക് ടൺ പാറ  പുലിമലയിൽ നിന്നും കടത്തികൊണ്ടു പോയതായി കണ്ടെത്തിയിരുന്നു. ക്വാറിയുടെ പ്രർത്തനം നിർത്തിവയ്പ്പിച്ച് റവന്യൂ അധികാരികൾ അന്ന് തലയൂരി. അനധികൃതമായി ഖനനം നടത്തി പൊതു ഖജനാവിന് കോടികളുടെ നഷ്ടമുണ്ടാക്കിയ ഉടമയ്ക്കെതിരെ നടപടി സ്വീകരിക്കാതെ ഉന്നത രാഷ്ട്രീയ ബന്ധത്താൽ വീണ്ടും മാനദണ്ഡങ്ങൾ പാലിക്കാതെ പാരിസ്ഥിതിക അനുമതി നൽകുന്നത് ലക്ഷങ്ങൾ കോഴവാങ്ങിയാണെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. അടിയന്തിരമായി അഴിമതിയിൽ മുങ്ങി നിൽക്കുന്ന പാരിസ്ഥിതിക കമ്മറ്റി പിരിച്ചുവിടണമെന്നും അഴിമതിക്കാരനായ ജിയോളജിസ്റ്റിനെ തൽസ്ഥാനത്തു നിന്ന് നീക്കണമെന്നും  പശ്ചിമഘട്ട സംരക്ഷണ സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.


ഫോട്ടോ : പുലിമലയിൽ ക്വാറിയോടു ചേർന്നുള്ള കാവും ആൽത്തറയും

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment