മംഗലപുരത്തെ കളിമൺ ഖനനത്തിന് ഹൈക്കോടതി വിലക്ക്




തിരുവനന്തപുരം ജില്ലയിലെ മംഗലപുരത്തെ കളിമൺ ഖനനത്തിന് ഹൈക്കോടതി സ്റ്റേ. ഇംഗ്ലീഷ് ഇന്ത്യ ക്ലേയ്സ് ലിമിറ്റഡ് എന്ന കമ്പനി നടത്തിയിരുന്ന അനിയന്ത്രിതവും അനധികൃതവുമായ ഖനനത്തിനെതിരെ ജനശക്തി ആക്ഷൻ കൗൺസിൽ നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് സുപ്രധാനമായ വിധി ഉണ്ടായിരിക്കുന്നത്. ഇത് വരെ ഖനനം ചെയ്തെടുത്ത കളിമണ്ണിന്റെ പണം കമ്പനിയിൽ നിന്ന് ഈടാക്കണമെന്നും കോടതി നിർദ്ദേശിച്ചു. കോടതി വിധി പാലിക്കപ്പെടുന്നുവെന്നും ഒരു തരത്തിലുള്ള ഖനനവും നടക്കുന്നില്ല എന്ന് ഉറപ്പ് വരുത്താനും ജില്ലാ കളക്ടർക്കും ജില്ലാ ജിയോളജിസ്റ്റിനും കോടതി നിർദ്ദേശം നൽകി. 

 

മംഗലപുരം,അണ്ടൂർക്കോണം പഞ്ചായത്തുകളിൽ 110 ഹെക്ടറോളം സ്ഥലത്താണ് ചൈന ക്ലേയുടെ ഖനനം നടക്കുന്നത്. പ്രവർത്തനം തുടങ്ങിയിട്ട് 45 വർഷങ്ങളായിരിക്കുന്നു . ഒരു മൈൻ പ്രവർത്തിക്കുന്നതിനാവശ്യമായ യാതൊരു നിയമങ്ങളും പാലിക്കാതെയാണ് ഖനനം എന്ന് ആക്ഷൻ കൗൺസിൽ പ്രവർത്തകർ ആരോപിക്കുന്നു. 45 വർഷങ്ങളായി തുടരുന്ന ഖനനം മൂലം ഈ  പ്രദേശം മുഴുവൻ അഗാധ ഗർത്തങ്ങളായി മാറിയിരിക്കുന്നു. എല്ലാ നിയമങ്ങളെയും കാറ്റിൽ പറത്തിയാണ് ഇംഗ്ലീഷ് ഇന്ത്യ ക്ലേയ്സ് ലിമിറ്റഡ് എന്ന കമ്പനി ഇവിടെ ചൈന ക്ലേ ഖനനം ചെയ്തെടുക്കുന്നത്. ഖനനം നിയമാനുസൃതമായി നിയന്ത്രണങ്ങളോടെ നടക്കുന്നുവെന്ന ഉറപ്പ് വരുത്തേണ്ടുന്ന ഉദ്യോഗസ്ഥ സംവിധാനം മുഴുവൻ സ്വാധീനങ്ങൾക്ക് വഴങ്ങി കമ്പനിക്ക് ഒത്താശ ചെയ്യുകയാണെന്ന് ജനശക്തി ആക്ഷൻ കൗൺസിൽ പ്രവർത്തകർ ആരോപിക്കുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment