കേരള സർക്കാർ ഖനന മാഫിയകൾക്കായി സുപ്രീം കോടതിയിൽ വീണ്ടും
ലോകത്തെ മൂന്നാമത്തെ പരിസ്ഥിതിക്ക് വേണ്ടി മാത്രമുള്ള ദേശിയ കോടതി ഇന്ത്യയില്‍ (ദേശിയ ഹരിത ട്രിബ്യൂണല്‍) ആരംഭിച്ചത് 2010 ഒക്ടോബര്‍18നാണ്. അതിനാവശ്യമായ ബില്‍ ശ്രീ ജയറാം രമേശ്‌ 2009ല്‍ കൊണ്ടു വന്നു. International Court for the Environment രൂപീകരിക്കുവാനുള്ള ചര്‍ച്ചകള്‍ക്ക് കയോട്ടോ ഉടമ്പടി(1997) ആക്കം കൂട്ടിയിരുന്നു. 41രാജ്യങ്ങളില്‍ (ആസ്ട്രേലിയ, ക്യാനഡ, അമേരിക്ക, യുറോപ്യന്‍ യൂണിയനില്‍പെട്ട ഡെന്മാര്‍ക്ക്‌, ഫിന്‍ലന്‍ഡ്‌, സ്വീഡന്‍) പരിസ്ഥിതിയെ മുന്‍ നിര്‍ത്തിയുള്ള കോടതികള്‍ സ്ഥാപിക്കപെട്ടു. 1997നു 10 വര്‍ഷം മുന്‍പ് (1987) മോണ്ട്രിയല്‍ സമ്മേളനത്തില്‍ എടുത്ത തീരുമാനം ഓസോണ്‍ കുടയുടെ ശോഷണ ത്തെ പരിഹരിക്കാനായിരുന്നു.


ക്യോട്ടോ ഉടമ്പടിയിലെ ഹരിത വാതകങ്ങളെ നിയന്ത്രിക്കണമെന്ന നിര്‍ദ്ദേശങ്ങള്‍ ഭൂമിയുടെ നിലനില്‍പ്പിന് ഏറെ അനിവാര്യമായിരുന്നു.അര ഡസ്സന്‍ ഹരിത വാതക ങ്ങളെ ഓരോ രാജ്യവും എത്രനാള്‍ കൊണ്ട് എങ്ങനെ പരിഹരിക്കുവാന്‍ ശ്രമിക്കണമെന്ന തീരുമാനം ലോകം ഏറ്റെടുക്കുവാന്‍ തയ്യാറായപ്പോള്‍ അമേരിക്ക, ക്യാനഡ എന്നീ രാജ്യങ്ങള്‍ തീരുമാനത്തോട് തണുപ്പന്‍ പ്രതികരണങ്ങളാണ് നടത്തിയത്. ഉടമ്പടികളിലെ വ്യത്യസ്ഥ പരിമിതികള്‍ ലക്ഷ്യത്തിലെത്താന്‍ സഹായിച്ചില്ല എന്ന് പിന്നീടു ലോകം അംഗീകരിച്ചു. ലോകത്തെ വിവിധ രാജ്യങ്ങളില്‍ ഹരിത സംരക്ഷണ ത്തിനായി കോടതികളും മറ്റും സ്ഥപിക്കപെടുവാൻ വേഗത്തിൽ അവസരമുണ്ടായി  എന്നതാണ് 1997 ലെ ലോക പരിസ്ഥിതി സമ്മേളനത്തിന്‍റെ പരിണിത ഫലങ്ങളിൽ ഒന്ന്.


ലോകത്താദ്യമായി ഭരണ ഘടനയില്‍ പ്രകൃതി സംരക്ഷണം സര്‍ക്കാരിന്‍റെയും ജനങ്ങളുടെയും ഉത്തരവാദിത്തമായി അംഗീകരിച്ച ഇന്ത്യയുടെ ഉന്നത കോടതിയില്‍ നിന്നും പരിസ്ഥിതി വിഷയത്തില്‍ വ്യക്തമായ ധാരണകള്‍ ഉള്ള വിധക്ത കോടതി കള്‍ ഉണ്ടാകണം എന്ന അഭിപ്രായം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. MC മെഹ്ത vs union of India കേസ്സില്‍ 1986 ല്‍ സുപ്രീം കോടതി പരിസ്ഥിതി കേസ്സിനായി പ്രത്യേകം കോടതി വേണ്ടതുണ്ട് എന്ന് അഭിപ്രായപെട്ടു.1996 ലും പരമോന്നത കോടതി സമാനമായ പ്രതികരണങ്ങള്‍ നടത്തിയിട്ടുണ്ട്.


ഹരിത ട്രൈബ്യൂണൽ 7 പരിസ്ഥിതി സമ്പന്തിയായ വിഷയങ്ങളെ ബന്ധപ്പെടുത്തി തീരുമാനങ്ങളെടുക്കും. The Water(Prevention and Control of Pollution)Act,1974, The Water (Prevention and Control of Pollution) Cess Act,1977,The Forest (Conservation)Act,1980,The Air(Prevention and Control of Pollution) Act,1981, The Environment (Protection)Act,1986,The Public Liability Insurance Act,1991 and The Biological Diversity Act, 2002 എന്നിവയാണ് അവ. 


ദേശീയ ഹരിത ട്രൈബ്യൂണലിൽ ചെയർ പേഴ്സണന്റെ നേതൃത്വത്തിൽ10(ൽ കുറ യാത്ത)മുതൽ 20 വരെ അംഗങ്ങൾ വേണം.അവരിൽ പകുതി ആളുകൾ പരിസ്ഥി തി വിധക്തരും മറ്റുള്ളവർ നിയമജ്ഞരുമായിരിക്കണം. ദേശീയ സമിതിയുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകാത്തതിൽ 2012 ൽ സുപ്രീം കോടതി നടത്തിയ വിമർശനം ഇന്നും പ്രസക്തമാണ്. ആണവ മാലിന്യം മുതൽ നദീ സംരക്ഷണ വിഷയത്തിലും പാറ പൊട്ടിക്കലിലു മൊക്കെ ഇടപെടേണ്ട സമിതിയിൽ ഇന്ത്യൻ ഭരണ നിർവ്വഹണ വിധക്തരെ മാത്രം  പ്രധാന മായി തിരുകി കയറ്റുന്നത് സമിതിയുടെ തീരുമാനങ്ങളെ ഗുണപരമാക്കു ന്നില്ല.ഗംഗാ സംരക്ഷണം,ഡൽഹി മലിനീകരണം, ഖര മാലിന്യ സംസ്ക്കരണം മുതലായ വിഷയങ്ങളിൽ ദേശീയ ഹരിത ട്രൈബ്യൂണൽ തീരുമാനങ്ങൾ നടപ്പിലാകാതെ പോയിട്ടുള്ളത് പ്രധാനമായും ഇത്തരം കാരണങ്ങളാലാണ്.


പരിസ്ഥിതി വിഷയങ്ങൾക്ക് പ്രാധാന്യമുള്ള (substantial) കാര്യങ്ങളിൽ എന്ന ഹരിത ട്രൈബ്യൂണൽ നിയമത്തിലെ പരാമർശം സമിതിയുടെ പ്രവർത്തനങ്ങളുടെ കരുത്തു ചോർത്തിയിട്ടുണ്ട്.നിയമത്തിലെ Section 16 സൂചിപ്പിക്കുന്ന 30 ദിവസത്തിനകം തീരുമാനങ്ങളെ ചോദ്യം ചെയ്യാം(30 days for challenging an order under the Tribunal's appellate jurisdiction),Section 14(3)ൽ 6 മാസത്തിനകം(6 months on disputes of substantial questions related to environment),Section 15(3)ലെ നഷ്ട പരിഹാരം 5 വർഷത്തിനുള്ളിൽ എന്നീ വിശദീകരണങ്ങൾ ട്രൈബ്യൂണലിന്റെ പ്രവർത്തനത്തെ ഗുണപരമാക്കുന്നില്ല.


ലോകത്തെ പരിസ്ഥിതി വിഷയത്തിൽ എണ്ണം പറഞ്ഞ തീരുമാനങ്ങൾ എടുത്ത ഇന്ത്യയുടെ സംഭാവനയായിരുന്ന ദേശീയ ഹരിത ട്രൈബ്യൂണൽ ബാലാരിഷ്ടത കടക്കാതെ നീങ്ങുമ്പോഴാണ്,കേരളത്തിന്റെ നട്ടെല്ലൊടിക്കുന്ന ഖനന വിഷയത്തിൽ വൈകി എങ്കിലും ദേശീയ ഹരിത ട്രൈബ്യൂണൽ ഇടപെട്ടു.


2020 ജൂലൈ 21ലെ പരിസ്ഥിതി കോടതിയുടെ തീരുമാനം പശ്ചിമഘട്ടത്തിന്റെ തകർ ച്ചയുടെ വേഗത കുറക്കും.സാമാന്യ യുക്തിയെ പോലും പരിഗണിക്കാതെ,മലകളും കുന്നുകളും തകർക്കുവാൻ ഉതകും വിധമുള്ള ദുരുപയോഗപ്പെടുത്തലുകൾ കണ്ടില്ല എന്നു സംസ്ഥാന സർക്കാർ നടിക്കുകയാണ്.ദേശീയമായി പരിസ്ഥിതി പ്രധാനമായ കേരളത്തിലെ ജന ബാഹുല്യത്തെയും കൂടി പരിഗണിക്കാതെയാണ് കേരള സർക്കാർ പ്രവർത്തിക്കുന്നത്.ഖനനത്തിനായി 500 മീറ്റർ ദൂരം നാട്ടുകാരിൽ നിന്നു ണ്ടാകണം എന്ന ദേശീയ ധാരണക്കു പകരം,നാട്ടിൽ 50 മീറ്റർ അകലം മതി എന്ന ശാസ്ത്ര വിരുധതയെ തിരിച്ചറിയുവാൻ ദേശീയ ഹരിത ട്രൈബ്യൂണൽ തയ്യാറായി.


ദേശീയ ഹരിത ട്രൈബ്യൂണൽ , ദേശീയ മലിനീകരണ സമിതിയുടെ സഹായത്തോടെ സ്ഫോടനത്തിലൂടെയുള്ള പാറ ഖനനങ്ങൾ 200 മീറ്റർ എങ്കിലും വിട്ടാകണം എന്നു  തീരുമാനമെടുത്തപ്പോൾ ,അതിനെ എതിർക്കുവാൻ ലാഭം മാത്രം മുൻ നിർത്തി പ്രവർത്തിക്കുന്ന ആയിരത്തോളം വരുന്ന ഖനന കരാറുകാർ തയ്യാറായി.അവർ കേരളത്തെ മാഫിയാവൽക്കരിക്കുവാൻ ശ്രമിക്കുകയാണ് എന്ന് 2014 ൽ തന്നെ സംസ്ഥാന നിയമസഭാ സമിതി അഭിപ്രായപ്പെട്ടിരുന്നു.


പ്രതിവർഷം അര ലക്ഷം മുതൽ ഒരു ലക്ഷം കോടി വരെ വിലയുള്ള പാറ വിഭവങ്ങൾ മാർക്കറ്റിൽ എത്തിക്കുന്ന ഖനന മുതാലാളിമാർ കഴിഞ്ഞ വർഷം സർക്കാരിന് നൽകിയത് 71 കോടി രൂപക്ക് താഴെ മാത്രം.രാഷ്ട്രീയ പാർട്ടികളെയും സാമുദായിക സംഘടനകളെയും കൂടെ നിർത്തി,അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ വിപുലമായ കണ്ണികളെ സഹായികളാക്കി നടത്തുന്ന ഖനനത്തെ നിയന്ത്രിക്കുവാൻ ശ്രമിച്ച ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിയമപരമായ സാധുതയെ തന്നെയാണ് സുപ്രീം കോടതിയിൽ ഇക്കൂട്ടർ ചോദ്യം ചെയ്തിരിക്കുന്നത്.


ലോകം അനുഭവിക്കുന്ന കാലാവസ്ഥാ ദുരന്തത്തെ നേരിടുവാനുള്ള അന്തർദേശീയ ധാരണയുടെ ഭാഗമായി രൂപീകരിക്കപ്പെട്ട  ദേശീയ ഹരിത ട്രൈബ്യൂണലിന്റെ പരിമിതമായ അവകാശങ്ങളെ തന്നെ കേരളത്തിലെ ക്വാറി മാഫിയകൾ ചോദ്യം ചെയ്യുകയാണ്.അതിനെ പിൻതുണക്കുവാൻ കേരള സർക്കാരും വൻകിട നിയമ വിധക്തരുമൊപ്പം കൂടിയിട്ടുണ്ട് എന്നത് നമ്മുടെ ജനാധിപത്യത്തിന്റെ ദുരന്തത്തെ ഓർമ്മിപ്പിക്കുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment