ഹാരിസൺ മലയാളം ; സർക്കാരിന് ഇച്ഛാശക്തി ഉണ്ടെങ്കിൽ നിയമനിർമ്മാണം നടത്തണം : അഡ്വ.സുശീല ഭട്ട് സംസാരിക്കുന്നു




ഹാരിസൺ മലയാളം പ്ലാന്റേഷൻസിന്റെ 38000 ഏക്കർ ഭൂമി പിടിച്ചെടുത്ത സർക്കാർ നടപടി റദ്ദാക്കിയ ഹൈക്കോടതി നടപടി ഇന്ന് സുപ്രീം കോടതി ശരിവെച്ചു. വ്യാജ രേഖകൾ ചമച്ചും വിദേശ കമ്പനിയുടെ പേരിലുള്ള പട്ടയങ്ങൾ ഉപയോഗിച്ചുമാണ് ഹാരിസൺ മലയാളം ഭൂമി കൈവശം വെച്ചിരിക്കുന്നത് എന്ന ആരോപണമാണ് സർക്കാർ ഉന്നയിച്ചത്. എന്നാൽ സ്‌പെഷൽ ഓഫീസർക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം നിർണ്ണയിക്കാനുള്ള അധികാരമില്ലെന്നും, സർക്കാർ സിവിൽ കോടതിയെ സമീപിക്കാനും പറഞ്ഞ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിയെ സുപ്രീം കോടതിയും അംഗീകരിക്കുകയായിരുന്നു. കേരളത്തിൽ വൻകിട കമ്പനികൾ കൈവശം വെച്ചിരിക്കുന്ന ലക്ഷക്കണക്കിന് ഏക്കർ ഭൂമി തിരിച്ച് പിടിക്കാനുള്ള നീക്കങ്ങൾക്ക് വലിയ തിരിച്ചടിയാകുന്ന വിധിയാണിത്. 


ഹാരിസൺ മലയാളം ഉൾപ്പെടെയുള്ള കേസുകളിൽ ധീരവും ശക്തവുമായ നിലപാടുകൾ സ്വീകരിക്കുകയും രേഖകളുടെ അടിസ്ഥാനത്തിൽ കമ്പനിക്കെതിരെ ശക്തിയുക്തം വാദിക്കുകയും ചെയ്ത സർക്കാർ അഭിഭാഷകയാണ് സുശീല ഭട്ട്. ഹൈക്കോടതി സിംഗിൾ ബെഞ്ചിൽ നിന്ന് ഭൂമി ഏറ്റെടുക്കൽ കേസിൽ അനുകൂല വിധി നേടിയെടുക്കാനും അവർക്ക് സാധിച്ചിരുന്നു. വിവാദമായ പൊന്തൻപുഴ വനഭൂമി കേസിലും വനം രേഖകൾ വളരെ ബുദ്ധിമുട്ടി കണ്ടെത്തി കോടതിയിൽ സമർപ്പിച്ച് സർക്കാരിന് അനുകൂലമായ അവസ്ഥ സൃഷ്ടിക്കുന്നതിന് അവർക്ക് സാധിച്ചിരുന്നു. എന്നാൽ ഈ സർക്കാർ വന്നതോടെ സുശീല ഭട്ടിനെ വനം റവന്യൂ കേസുകളുടെ സ്‌പെഷൽ ഗവൺമെൻറ് പ്ലീഡർ സ്ഥാനത്ത് നിന്ന് മാറ്റിയ നടപടി വിവാദമായിരുന്നു. ഹാരിസൺ മലയാളം കേസിലെ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ  ഹാരിസൺ കേസിന്റെ വിശദാംശങ്ങളെ സംബന്ധിച്ചും, സർക്കാരിന് മുന്നിലുള്ള മാർഗ്ഗങ്ങളെ കുറിച്ചും അഡ്വ. സുശീല ഭട്ട്  ഗ്രീൻ റിപ്പോർട്ടറോട് സംസാരിക്കുന്നു.

 

വളരെ നിർഭാഗ്യകരമായ ഒരു വിധിയാണ് ഉണ്ടായിട്ടുള്ളത്. സാധാരണ സർക്കാർ അപ്പീലിൽ പൊതുതാൽപ്പര്യം കൂടി പരിഗണിച്ച്, രണ്ടു ഭാഗവും വിശദമായി കേട്ടിട്ട് മെറിറ്റ് അടിസ്ഥാനമാക്കിയാണ് സുപ്രീം കോടതിതീരുമാനം എടുക്കാറുള്ളത്. ഹൈക്കോടതി സിംഗിൾ ബെഞ്ച് ഈ കേസിൽ സർക്കാരിന് അനുകൂലമായി വിധിച്ചിരുന്നു.അതിന്റെ അർത്ഥം,  ഇതിൽ സങ്കീർണ്ണമായ നിയമപ്രശ്നങ്ങളുണ്ട്, സങ്കീർണ്ണമായ വസ്തുതകൾ ഉണ്ട്. ഒരു പേജ് വിധികളൊന്നുമല്ല ഈ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിയും, സിംഗിൾ ബെഞ്ച് വിധിയും. ഒഴിപ്പിച്ചിരിക്കുന്ന ഭൂമി തന്നെ 38000 ഏക്കറാണ്. വ്യാജരേഖകൾ വെച്ചിട്ട്, വിദേശ കമ്പനിയുടെ പേരിൽ, കുടിയാൻ എന്ന രീതിയിൽ കൈവശം വെച്ചിരിക്കുന്നു എന്നാണ് സർക്കാർ കേസ്. എന്താണത് എന്ന് പരിശോധിക്കാനും, എന്താണ് സംഭവമെന്ന് ആരായാനും സുപ്രീം കോടതി ഔചിത്യം കാണിച്ചില്ല എന്നത് തീർത്തും ദൗർഭാഗ്യകരമാണ്. 

 

204 പേജുള്ള വിധിയാണ് ഡിവിഷൻ ബെഞ്ചിന്റേത്, സിംഗിൾ ബെഞ്ച് വിധി എന്നത് 65 പേജാണ്. അതിൽ മുഴുവൻ സർക്കാരിന് അനുകൂലമായ കാര്യങ്ങളാണുള്ളത്. ആ വിധിക്ക് ശേഷമാണ് ഡിവിഷൻ ബെഞ്ചിൽ നിന്ന് ഹാരിസൺ അനുകൂല വിധി വാങ്ങിയതും, ഇപ്പോൾ സുപ്രീം കോടതി അത് ശരിവെച്ചതും. പക്ഷേ വിദേശ കമ്പനിക്ക് കുടിയാനാകാൻ കഴിയുമോ എന്ന സുപ്രധാന നിയമ പ്രശ്നവും, വ്യാജരേഖകളുടെ അടിസ്ഥാനത്തിൽ ഭൂമി കൈവശം വെച്ചിരിക്കുന്നു എന്ന ആരോപണവും ഉന്നയിക്കാനുള്ള അവസരം പോലും ലഭിച്ചില്ല എന്ന് വേണം മനസിലാക്കാൻ. അവിടെ എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാത്തത് കൊണ്ട് കോടതിയിൽ വാദിച്ചതിൽ പിഴവ് വന്നോ എന്നൊന്നും  ഉറപ്പിച്ച് പറയാൻ കഴിയില്ല, സർക്കാർ അഭിഭാഷകൻ ചിലപ്പോൾ നല്ല രീതിയിൽ വാദിക്കാൻ തയ്യാറെടുത്തിട്ടുണ്ടാവും. 

 

ഹാരിസൺ മലയാളത്തിന്റെ ചരിത്രം എടുത്ത് നോക്കിയാൽ അവരുടെ ശക്തി എത്രത്തോളം ഉണ്ടെന്ന് മനസിലാക്കാം. ബിനോയ് വിശ്വം വനം വകുപ്പ് മന്ത്രിയായിരുന്ന സമയത്ത്, മലക്കപ്പാറയിൽ 4000 ഏക്കർ ഭൂമി ഏറ്റെടുക്കാൻ ഉത്തരവിട്ടു. ഞായറാഴ്‌ച ആയിരുന്നിട്ടും ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ നിന്ന് സ്റ്റേ വാങ്ങിക്കൊണ്ട് വന്നവരാണ് ഹാരിസൺ കമ്പനി. പത്ത് ബെഞ്ചുകൾ ഈ കേസുകൾ കേൾക്കുന്നതിൽ നിന്ന് ഒഴിഞ്ഞു മാറി. ഒടുവിലാണ് നീതിയുക്തമായി കേസ് കേൾക്കുന്ന ഒരു ബെഞ്ചിൽ കേസ് എത്തുകയും സിംഗിൾ ബെഞ്ച് സർക്കാരിന് അനുകൂലമായ വിധി പുറപ്പെടുവിക്കുകയും ചെയ്തത്. ആ കേസും പക്ഷേ ഡിവിഷൻ ബെഞ്ചിന് വിടുകയും, അവിടെ നേരാംവണ്ണം കേസ് നടത്താതെ പരാജയപ്പെടുകയുമാണ് ഉണ്ടായത്. 

 

ടാറ്റ ഉൾപ്പെടെ അഞ്ചര ലക്ഷം ഏക്കർ ഭൂമിയെ ഈ വിധി ബാധിക്കും.ഹാരിസൺ മലയാളം ലിമിറ്റഡിന് ഈ ഭൂമിയിൽ  ഉടമസ്ഥാവകാശം ഉണ്ടെന്ന് കോടതി വിധിയിൽ പറഞ്ഞിട്ടില്ല. വിധികളിൽ പറഞ്ഞിട്ടുള്ളത് ഉടമസ്ഥാവകാശം ഇല്ലെന്ന് തെളിയിക്കേണ്ടത് സർക്കാർ സിവിൽ കോടതിയിലൂടെയാണ് എന്നാണ്. സ്‌പെഷൽ ഓഫീസർക്ക് അധികാരം ഇല്ലെന്ന് മാത്രമാണ് പറഞ്ഞിട്ടുള്ളത്. ഗവൺമെന്റിന് ഇവരുടെ അവകാശവാദം അംഗീകരിക്കാൻ കഴിയുമോ? അങ്ങനെ അംഗീകരിക്കാൻ ഉള്ള ഒരു സാഹചര്യവും നിലനിൽക്കുന്നില്ല, ഇവരാണ് ഉടമകൾ എന്ന് ഫയലിൽ എഴുതി അവരിൽ നിന്ന് ടാക്സ് വാങ്ങാനുള്ള ഒരു തീരുമാനം ഈ ഗവൺമെന്റിന് എടുക്കാനും സാധിക്കില്ല. 8 ജില്ലകളിലായി ഒരു ലക്ഷം ഏക്കർ ഭൂമിയാണ് ഇവർ കൈവശം വെച്ചിരിക്കുന്നത്. ആ എട്ടു ജില്ലകളിലും സർക്കാർ സിവിൽ കേസ് കൊടുക്കേണ്ടി വരും. 

 

ഇവർക്കെതിരെ വ്യാജരേഖകൾ ചമച്ചതിന് 45 ക്രൈംബ്രാഞ്ച് കേസുകൾ നിലവിലുണ്ട്. അതിന്റെയൊക്കെ എഫ്.ഐ.ആർ റദ്ദാക്കാൻ ഒക്കെ അവർ ശ്രമിച്ചതാണ്. ഞാൻ കേസുകൾ കൈകാര്യം ചെയ്യുന്ന സമയത്ത് അത് അനുവദിച്ചിട്ടില്ല. വിജിലൻസ് കേസിലെ എഫ്.ഐ.ആർ റദ്ദാക്കാനും ശ്രമിച്ചു. അന്ന് ഞാൻ ശക്തമായ ഒരു സ്റ്റാൻഡ് എടുത്തിട്ട് കോടതിയിൽ വാദിച്ചു. ആ കേസ് കോടതി തള്ളി. എഫ്.ഐ.ആർ നിലനിൽക്കും എന്ന് കോടതി വിധിച്ചു. ഇത്രയും വിധികളുടെ ബലത്തിലാണ് സ്‌പെഷൽ ഓഫീസർ നടപടികൾ എടുത്തത്. ആ വിധികൾ എല്ലാം അപ്രസക്തമാക്കിക്കൊണ്ടാണ് ഇപ്പോളത്തെ വിധി. എന്നാൽ ഇതേ വാദങ്ങൾ ഉന്നയിച്ച മനോരമയ്‌ക്കെതിരെ പന്തല്ലൂർ ദേവസ്വം ഭൂമി വിഷയത്തിൽ വിധി വന്നു. 

 


മനോരമ ഈ നാട്ടുകാർ ആണെന്ന് എങ്കിലും പറയാം. എന്നാൽ ലണ്ടനിൽ ഉള്ള കമ്പനി ഇവിടുത്തെ ഭൂമിയുടെ കുടിയാൻ ആയി ഇരിക്കുകയാണ് ഇന്നും. ഈ ഭൂമി മുഴുവൻ തിരിച്ച് പിടിക്കാനുള്ള സാധ്യത അടഞ്ഞിട്ടൊന്നുമില്ല. റവന്യൂ മന്ത്രി തന്നെ ഇക്കാര്യം പറഞ്ഞല്ലോ. ഇവരുടെ ഒരുപാട് രേഖകൾ സർക്കാർ കൈവശം ഉണ്ടായിരുന്നു. ഞാൻ കഷ്ടപ്പെട്ട് സംഘടിപ്പിച്ചതാണ് അവ. അത് നേരെ ചൊവ്വേ കോടതിയിൽ ഹാജരാക്കിയിട്ടില്ല. ഇവരുടെ ഭൂമി തിരിച്ച് പിടിക്കാനുള്ള സാധ്യത തുറന്ന് തന്നെ കിടക്കുകയാണ്. 

 


2016 - 17 ലെ ഹാരിസൺ മലയാളത്തിന്റെ വാർഷിക റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട് അവർക്ക് പ്രമാണം ഇല്ലെന്ന്. അവരുടെ ഓഡിറ്റേഴ്‌സ് തന്നെ പറഞ്ഞിരിക്കുകയാണ്. മൊത്തം ഭൂമി നിലവിലില്ലാത്ത വിദേശ കമ്പനികളുടെ പേരിലാണെന്ന് അവർ തന്നെ സർട്ടിഫൈ ചെയ്തിരിക്കുകയാണ്. ആ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട് കൈവശ രേഖകൾ മലയാളം പ്ലാന്റേഷൻസിന്റെയും, ഹാരിസൺ ആൻഡ് ക്രോസ്‌ഫീൽഡ് എന്ന കമ്പനിയുടേയും പേരിലാണെന്ന്. ഇത് രണ്ടും ചത്ത് പോയ ലണ്ടൻ കമ്പനികളാണ്. നമ്മൾ സ്വതന്ത്ര രാജ്യമല്ലേ ? വിദേശ കമ്പനിയാണോ നമ്മുടെ ഇവിടുത്തെ ഉടമസ്ഥാവകാശം തീരുമാനിക്കുന്നത്? ഇവിടുത്തെ എട്ട് ജില്ലകളിലെ ഒരു ലക്ഷം ഏക്കർ ഭൂമിയുടെ ഉടമ ചത്ത് പോയ വിദേശ കമ്പനികളാണ് എന്ന് അംഗീകരിക്കാൻ കഴിയുമോ? ആ കമ്പനി കുടിയാൻ ആണെന്ന് അംഗീകരിക്കാൻ കഴിയുമോ? 1984 ൽ നിലവിൽ വന്ന കമ്പനിയാണ് ഹാരിസൺ മലയാളം. അവരുടെ പേരിൽ ഒരു സർക്കാർ രേഖയിലും ഒരു തുണ്ട് ഭൂമി പോലെ ഇല്ല. ഇപ്പോഴും വിദേശ കമ്പനികളുടെ പേരിലാണ് കരം അടച്ച് കൊണ്ടിരിക്കുന്നത്. എങ്ങനെയാണ് അങ്ങനെ മറ്റൊരാളുടെ പേരിൽ കരം അടയ്ക്കാൻ സാധിക്കുന്നത്? 

 

ഇതൊക്കെയാണ് ഞാൻ അന്ന് വാദിച്ചിരുന്നത്. ഇപ്പോൾ അങ്ങനെയൊന്നും സർക്കാർ വാദിച്ചിട്ടില്ല എന്ന് വേണം കരുതാൻ. അല്ലെങ്കിൽ ഒരു സുപ്രീം കോടതിക്ക് ഇങ്ങനെ അംഗീകരിക്കാൻ കഴിയുമോ ഒരു വിദേശ കമ്പനിയാണ് ഇവിടുത്തെ കുടിയാൻ എന്ന്. സുപ്രീം കോടതി ഈ രേഖകൾ പരിശോധിക്കാത്തതാണോ അതോ സമർപ്പിക്കാത്തതാണോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ല. പക്ഷേ നേരെ ചൊവ്വേ സർക്കാർ ഭാഗം ഉന്നയിക്കപ്പെട്ടിട്ടില്ല എന്നത് 100 ശതമാനം ഉറപ്പാണ്. 

 

ഈ സാഹചര്യത്തിൽ സർക്കാരിന് മുന്നിൽ ഒറ്റ വഴിയേ ഉള്ളൂ. നിയമനിർമ്മാണം നടത്തുക. നിയമസഭ കൂടി ഈ മൊത്തം ഭൂമിയും ഏറ്റെടുക്കാനുള്ള നിയമനിർമ്മാണം നടത്തണം.സർക്കാരിന് ഇച്ഛാശക്തിയുണ്ടെങ്കിൽ അത് കാണിക്കേണ്ട അവസരമാണിത്. 

Green Reporter


Visit our Facebook page...

Responses

0 Comments

Leave your comment