പട്ടയഭൂമിയിൽ നിന്ന് മരം മുറിക്കാൻ അനുമതി നൽകി പുതിയ ഓർഡിനൻസ്




മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടാകുമെന്ന് നിയമത്തിൽ തന്നെ പറയുന്ന പട്ടയഭൂമിയിൽ നിന്ന് യഥേഷ്ടം മരം മുറിക്കാൻ അനുമതി നൽകി സർക്കാരിന്റെ പുതിയ ഓർഡിനൻസ്. ഇടുക്കി ജില്ലയിലെ ഏലം പട്ടയ മേഖലയിൽ മരങ്ങൾ മുറിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയ 1986 ലെ നിയമമാണ് ഇപ്പോൾ ഭേദഗതി ചെയ്തിരിക്കുന്നത്. ഇടുക്കി ജില്ലയിൽ ചിന്നക്കനാൽ വില്ലേജിൽ ഉൾപ്പെടുന്ന ചിന്നക്കനാൽ അൺറിസർവ്വിലേയും, പള്ളിവാസൽ, വെള്ളത്തൂവൽ, കുഞ്ചിത്തണ്ണി, ആനവിരട്ടി എന്നീ വില്ലേജുകളിൽ ഉൾപ്പെട്ട ചിന്നക്കനാൽ അൺറിസർവ്വിലേയും പ്രദേശങ്ങളിൽ നിന്ന് മരം മുറിക്കുന്നത് ഉരുൾപൊട്ടലിനും, മണ്ണൊലിപ്പിനും, മറ്റു പാരിസ്ഥിതിക പ്രശ്നങ്ങൾക്കും കാരണമാക്കുമെന്നും സർക്കാരിന് ഭീമമായ സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്നും കാട്ടിയാണ് 1986 ലെ നിയമത്തിൽ ഈ പ്രദേശങ്ങളിലെ മരം മുറി തടഞ്ഞത്. ഈ  പ്രദേശത്ത് നിൽക്കുന്ന യാതൊരു വൃക്ഷത്തെയും എന്നത് മാറ്റി ഈ പ്രദേശത്തെ 1960 ലെ ഭൂപതിവ് നിയമ പ്രകാരം പതിച്ച് നൽകിയ പട്ടയഭൂമികൾ ഒഴിച്ചുള്ള എല്ലാ ഭൂമികളിലും നിൽക്കുന്ന എല്ലാ വൃക്ഷത്തെയും എന്നാണ് ഭേദഗതി ചെയ്തിരിക്കുന്നത്. 

 

ഏലപ്പട്ടയ, ഏലപ്പാട്ട ഭൂമികളിലെ വൃക്ഷസമ്പത്തിന്റെ ഉടമസ്ഥത സർക്കാരിൽ നിക്ഷിപ്തമാണെന്ന് നിയമത്തിൽ പറയുന്നു. ഈ പ്രദേശങ്ങളിൽ വിവേകശൂന്യമായ മരംമുറി ഉരുൾപൊട്ടലിനും, മണ്ണൊലിപ്പിനും, മറ്റു പാരിസ്ഥിതിക പ്രശ്നങ്ങൾക്കും കാരണമാക്കുമെന്ന് നിയമത്തിൽ തന്നെ പറയുകയും ചെയ്യുന്നു. ഈ പ്രദേശത്തിന്റെ പൊതു പാരിസ്ഥിതിക സവിശേഷത ഇങ്ങനെയായിരിക്കെ, പട്ടയഭൂമിക്ക് മാത്രമായി എങ്ങനെയാണ് മാറ്റമുണ്ടാകുന്നത് എന്നതാണ് ഉയരുന്ന സംശയം. 1986 ൽ മരം മുറിക്കുന്നത് ദോഷകരമെന്ന് കണ്ടെത്തിയ സർക്കാർ ഇപ്പോൾ നിലപാട് മാറ്റുന്നതിന് എന്ത് സാധൂകരണമാണുള്ളതെന്ന് വ്യക്തമല്ല. 1986 നെ അപേക്ഷിച്ച്  പശ്ചിമഘട്ടത്തിന്റെ അവസ്ഥ കൂടുതൽ ഗുരുതരമായിരിക്കുന്ന സാഹചര്യത്തിൽ പട്ടയഭൂമിയിൽ നിന്ന് യഥേഷ്ടം മരം മുറിക്കാനുള്ള അനുമതി നൽകുന്നത് വൻ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് ഇടയാക്കും. 

 


പശ്ചിമഘട്ടത്തിലെ അതീവ പരിസ്ഥിതി ദുർബലമായ ഒരു പ്രദേശത്ത് സ്വാഭാവികമായി ഉള്ള നിയന്ത്രണങ്ങൾ എടുത്തു മാറ്റാനുള്ള എന്ത് സാഹചര്യമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത് എന്നത് സംബന്ധിച്ച് സർക്കാർ യാതൊരു വിശദീകരണവും നൽകിയിട്ടില്ല. ഈ പ്രദേശങ്ങളിലെ വൃക്ഷ സംരക്ഷണ സംഗതികളിൽ വ്യക്തത വരുത്തേണ്ടതുണ്ട് എന്നാണ് ഇത് സംബന്ധിച്ച വിജ്ഞാപനത്തിൽ പറയുന്നത്. ഇടുക്കി ജില്ലയിലെ പശ്ചിമഘട്ട സംരക്ഷണത്തെ അട്ടിമറിക്കുന്ന  മത - രാഷ്ട്രീയ ശക്തികളുടെ സമ്മർദ്ദഫലമാണ് പുതിയ ഓർഡിനൻസ് എന്നാണ് ആക്ഷേപം ഉയരുന്നത്. 

 


കഴിഞ്ഞ  ജൂൺ മാസത്തിൽ തോട്ടം മേഖലയെ ഇ.എഫ്.എൽ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കി കൊണ്ട് സർക്കാർ ഉത്തരവിറക്കിയിരുന്നു. കേരളത്തിലെ തോട്ടം ഭൂമിയിൽ 90 ശതമാനവും പശ്ചിമഘട്ട മലനിരകളിൽ ആയിരിക്കെ പശ്ചിമഘട്ടത്തിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയാവുന്ന തീരുമാനമാണതെന്ന് പരക്കെ വിമർശനമുയർന്നു. ഇതിന് പിന്നാലെയാണ് പുതിയ നിയമഭേദഗതി കൂടി കൊണ്ട് വന്നിരിക്കുന്നത് . 

 


കനത്ത മഴയിൽ ഉരുൾപൊട്ടിയും മണ്ണിടിഞ്ഞും 20 ലധികം പേരാണ് ഈ കാലവർഷത്തിൽ കൊല്ലപ്പെട്ടത്. മണ്ണിടിപ്പും അനധികൃത നിർമ്മാണങ്ങളും മരം മുറിയും നടന്ന സ്ഥലങ്ങളൊക്കെ ദുരന്തഭീതിയിലാണ്. ഇങ്ങനെ കടുത്ത പാരിസ്ഥിതിക ദുരന്തത്തെ കേരളം മുഖാമുഖം കാണുന്ന സമയത്താണ് മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടാക്കാമെന്ന് സർക്കാർ തന്നെ നിയമത്തിൽ പറയുന്ന ഭൂമിയിൽ നിന്ന് മരം മുറിക്കാൻ അനുമതി നൽകിക്കൊണ്ടുള്ള നിയമഭേദഗതി എന്നതാണ് ശ്രദ്ധേയമായ കാര്യം.  

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment