പിന്നിട്ട 2020 ഉം പരിസ്ഥിതിയും - ഭാഗം 2 

കൊറോണ ലോക്ക് ഡൗൺ അന്തരീക്ഷ മലിനീകരണത്തെ കുറച്ചതായി പറയുമ്പോൾ  പ്രസ്തുത കുറവ് താൽക്കാലികമായിരുന്നു എന്നു കാണാം. ലാഭത്തെ മാത്രം മുൻ നിർത്തിയുള്ള വികസന നിലപാടുകൾ വിവിധ സർക്കാരുകൾ തുടരുന്നതിനാൽ പഴയ അവസ്ഥയിലേക്കു കാര്യങ്ങളെ എത്തിക്കുവാൻ കൂടുതൽ സമയം വേണ്ടി വരില്ല.


കോവിഡിൻ്റെ സാന്നിധ്യത്തിൽ ബ്രസീലിലും ഒരു പരിധി വരെ ഇൻഡോനെഷ്യയിലും സംഭവിച്ചത് കാടുകളുടെ വൻ തോതിലുള്ള നശീകരണമാണ്. 2008നു ശേഷം ആമസോൺ കാടുകളുടെ വെട്ടി വെളിപ്പിക്കൽ 2020ൽ തകൃതിയായി നടന്നു. ബ്രസീലിലെ ബൊൾസനാരൊ സർക്കാർ അതിന് ഒത്താശ ചെയ്തു. ലോക്ക് ഡൗൺ സമയത്തെ  വൻകിട തോട്ടം കർഷകർക്ക് പ്ലാൻ്റേഷൻ കൃഷി വ്യാപിപ്പിക്കുവാനുള്ള അവസരമൊരുക്കുവാൻ സർക്കാർ ശ്രമിച്ചു. 


ഫോസിൽ ഇന്ധന ഉപഭോഗം കുറക്കൽ:


2015  പാരീസ് തീരുമാന പ്രകാരം അന്തരീക്ഷ ഊഷ്മാവിലെ വർധന 1.5 ഡിഗ്രിയിൽ താഴെ നിർത്തണമെങ്കിൽ ഏറ്റവുമധികം വെട്ടികുറക്കൽ നടത്തേണ്ടത് കൽക്കരി, ക്രൂഡ് ഓയിൽ തുടങ്ങിയ വിഭവങ്ങളുടെ ഉപയോഗത്തിലാണ്. 85% പങ്കാണ് ഇവ കാർബൺ ബഹിർ ഗമനത്തിൽ നൽകുന്നത്. സ്വകാര്യ വാഹനങ്ങളുടെ പെരുക്കം, യാത്ര ചെയ്യുന്നവരുടെ ദൂരത്തിലുണ്ടാകുന്ന വർധന ഒക്കെ കാലാവസ്ഥയെ പ്രതികൂലമാക്കുന്നു. ഈ സാഹചര്യത്തിൽ ഫോസിൽ ഇന്ധനങ്ങളെ ഇലക്ട്രിക്ക് ഊർജ്ജത്തിലൂടെ പകരം വെക്കുമ്പോൾ, അന്തരീക്ഷ കാർബൺ അളവിൽ കുറവു സംഭവിക്കും. ഇതിനായി യൂറോപ്പും അമേരിക്കയും വാഹന നിർമ്മാണ രംഗത്തെ പൊളിച്ചെഴുത്തലുകളെ പരിപോഷിപ്പിക്കുകയാണ്. British Petroleum, Moble തുടങ്ങിയവർ കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കുവാൻ ഉതകുന്ന പദ്ധതികളെ സഹായിക്കുന്നു. ഇന്ത്യ ഉൾപ്പെടുന്ന രാജ്യങ്ങൾ വൈദ്യുതി ഉപയോഗിക്കുന്ന വാഹന നിർമ്മാണത്തെ പിൻ തുണക്കുന്നുണ്ട്. കേരളത്തിൻ്റെ KAL ആട്ടോകൾ ഈ രംഗത്തെ പുതിയ കാൽവെപ്പാണ്.


കൊറോണയും അടിച്ചമർത്തലും:


പകർച്ച വ്യാധിയുടെ പേരിൽ വിവിധ സർക്കാരുകൾ നടപ്പിലാക്കിയ ആരോഗ്യ അടിയന്തിരാവസ്ഥ, കർഫ്യു ,144 മുതലായ ശ്രമങ്ങൾ ഫലത്തിൽ അടിച്ചമർത്തലുകളായി മാറി. കൊളംബിയ, ബ്രസീൽ തുടുങ്ങിയ രാജ്യങ്ങളിൽ ഏറ്റവുമധികം ആക്രമിക്കപ്പെട്ടവർ പരിസ്ഥിതി പ്രവർത്തകരും മാധ്യമ രംഗത്തെ വ്യക്തികളുമായിരുന്നു. കൊളംബിയയിൽ അവരുടെ എണ്ണം 300 കഴിഞ്ഞിരുന്നു.


നൂറ്റാണ്ടിലെ ഉയർന്ന ചൂടു രേഖപ്പെടുത്തിയ കഴിഞ്ഞ വർഷത്തിൽ കാട്ടു തീകളുടെ എണ്ണം കൂടുതലാണ്. സൈബീരിയയിലും ആസ്ട്രേലിയയിലും അമേരിക്കയിൽ കാലിഫോർണിയ മുതൽ കോളറാഡൊ വരെയും കാട്ടു തീ രൂക്ഷമായി. അൻ്റാർട്ടിക്കയിൽ താപനില 21 ഡിഗ്രിയിലെത്തി. കാലിഫോർണിയയിലെ Death Valleyയിൽ ഭൂമിയിലെ ഏറ്റവും കൂടിയ ചൂട് അനുഭവപ്പെട്ടു. അറ്റ്ലാൻ്റിക്ക് സമുദ്രത്തിൽ 30 കൊടുംകാറ്റുകൾ പ്രത്യക്ഷപ്പെട്ടു. ഫിലിപ്പൈൻസ്, ഇൻഡോനേഷ്യ, ബംഗാൾ എന്നിവടങ്ങളിൽ ഉണ്ടായ ദുരന്തങ്ങൾ ഭീകരമായിരുന്നു. കേരളത്തിലെ പെട്ടിമുടി ദുരന്തം മറക്കുവാൻ കഴിയുന്നതല്ല.


കാലാവസ്ഥ വിഷയത്തിൽ സാർവ്വ ദേശിയ സ്ഥാപനങ്ങളിൽ പലരും വരുന്ന 10 മുതൽ 20  വർഷങ്ങൾ കൊണ്ട് പൂജ്യം കാർബൺ വികിരണം എന്ന ലക്ഷ്യത്തെ മുൻ നിർത്തി പദ്ധതികൾ ആവിഷ്ക്കരിക്കുകയാണ്. Microsoft കമ്പനി 1975 ലെ അവരുടെ കാർബൺ പുറത്തുവിടൽ അളവിലെക്ക് മടങ്ങുവാൻ ശ്രമിക്കുന്നു. ചൈന 2060 കൊണ്ട് പൂജ്യം ബഹിർഗമനത്തിലെക്കും ജപ്പാൻ, തെക്കൻ കൊറിയ, ഹംഗറി മുതലായവർ 2050 ലും സമാന ലക്ഷ്യം നേടുമെന്ന് ഉറപ്പു നൽകുന്നു.


ലോക സാമ്പത്തിക രംഗത്തെ വൻ ശക്തിയായ അമേരിക്കയുടെ പരിസ്ഥിതി രംഗത്തെ നിലപാടുകൾ മറ്റു രാജ്യങ്ങളെ ശ്രദ്ധേയമായ രീതിയിൽ സ്വാധീനിക്കുവാൻ കരുത്തുള്ളതാണ്. ക്വോട്ടോ ഉടമ്പടിയുമായി നിസ്സഹകരിച്ച അമേരിക്കൻ നിലപാടു മൂലം  പ്രസ്തുത കരാർ ലോക കാലാവസ്ഥ നിയന്ത്രണത്തിനെ വേണ്ടത്ര സ്വാധീനിച്ചില്ല. പാരീസ് ഉടമ്പടിയിൽ ഒപ്പു വെച്ച 198 രാജ്യങ്ങളിൽപെട്ട അമേരിക്കയുടെയും മറ്റു വൻ ശക്തികളുടെയും സമീപനം മോശമല്ലാത്ത തീരുമാനങ്ങളിലെക്ക് ലോകത്തെ എത്തിച്ചിരുന്നു. അത്തരം തീരുമാനങ്ങളിൽ നിന്ന് ജനുവരി അവസാനം പിൻ വാങ്ങുമെന്ന് അഹങ്കരിച്ച അമേരിക്കൻ പ്രസിഡൻ്റിൻ്റെ പരാജയം ലോക പരിസ്ഥിതി രംഗത്തിന് ഏറെ ആശ്വാസകരമായി മാറി.


ഡൊണാൾഡ് ട്രമ്പിൻ്റെ 4 വർഷ ഭരണത്തിൽ വലിയ തരത്തിലുള്ള അട്ടിമറികൾ നടത്തുവാൻ മുതിർന്നു. അതിലൊന്നായിരുന്നു “Waters of the United States” കരാറിൽ നിന്നുള്ള പിൻമാറ്റം. അമേരിക്കയിലെ പുഴകളെയും ചതുപ്പുകളെയും സംരക്ഷിക്കുന്ന നിയമത്തെ മുൻ പ്രസിഡൻ്റ് അട്ടിമറിച്ചു. വായുവിലേക്ക് രസം (mercury) പടരൽ നിയന്ത്രണം ലഘൂകരിച്ചു. Chlorpyrifos എന്ന കീടനാശിനി ഉപയോഗിക്കുവാൻ വീണ്ടും അവസരം നൽകി. ന്യൂ ഇംഗ്ലണ്ടിലെ 13000 ച.കി.മി വ്യവസായ പാതക്കു വേണ്ടിയുള്ള പ്രത്യേക കടൽ തീര സംരക്ഷണം ഒഴിവാക്കി. ദേശീയ പരിസ്ഥിതി നിലപാടിനെ അശക്തമാക്കി. നിലനിൽപ്പിനു ഭീഷണി നേരിടുന്ന ജീവികൾക്കുള്ള സംരക്ഷണ നിയമത്തെ ലഘൂകരിച്ചു. ദേശീയ വന ഉദ്യാനമായ Tonga യുടെ സുരക്ഷ കുറച്ചു.


2050 കൊണ്ട് അമേരിക്കൻ ഐക്യ നാടിനെ കാർബൺ ന്യൂട്രൽ ആക്കുവാൻ തയ്യാറെടുക്കേണ്ട അമേരിക്ക, ജോ ബൈഡൻ്റെ വിജയത്തോടെ പരിസ്ഥിതി രംഗത്ത് ആശാവഹമായ തീരുമാനങ്ങൾ എടുക്കുമെന്ന് കരുതണം. New Mexico യിൽ നിന്നുള്ള Deb Haaland എന്ന ആദിവാസിയെ ക്യാബിനറ്റിൽ എടുക്കുവാൻ തീരുമാനിച്ച നിയുക്ത പ്രസിഡൻ്റ് തീരുമാനം പ്രതീക്ഷ നൽകുന്നു.


2020 വർഷം കൊറോണയുടെ സാന്നിധ്യത്താൽ ലോകം വീർപ്പു മുട്ടുമ്പോൾ അതിൻ്റെ അടിസ്ഥാന കാരണം നിരുത്തരവാദപരമായ മനുഷ്യ സമീപനങ്ങളാണ്. പ്രസ്തുത സാഹചര്യത്തെ മറികടക്കുവാൻ ശാസ്ത്ര ലോകം ശ്രമിക്കുമ്പോൾ അതിൻ്റെ യഥാർത്ഥ കാരണങ്ങൾ പരിഹരിക്കേണ്ടതുണ്ട്. സാമ്പത്തിക കുതിപ്പുകൾ എല്ലാം പരിഹരിച്ചു തരും എന്ന വാദം ശുദ്ധ വിവരക്കേടാണ് എന്ന് അധികാരികൾ ഇനി എങ്കിലും സമ്മതിക്കണം.  


2020 ൽ തന്നെ കൊറോണക്കെതിരായ വാക്സിൻ കണ്ടെത്തിയത് പ്രതീക്ഷ നൽകുന്നു. 2020ലെ അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രമ്പിനുണ്ടായ പരാജയം പുതിയ വർഷത്തിൽ ലോക പരിസ്ഥിതി രംഗത്തിന് ഉണർവ്വ് ഉണ്ടാക്കുമെന്ന് ആഗ്രഹത്തിലാണ് ലോക ജനത.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment