നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം അട്ടിമറിക്കുന്നത് ഇങ്ങനെ




നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ ഭേദഗതികൾ ബിൽ നമ്പർ 149 ആയി ജൂൺ 18 ന് നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെയും 22 ന് നിയമസഭയുടെയും പരിഗണനയ്ക്ക് വരികയാണ്. അവശേഷിക്കുന്ന നെൽവയലുകൾ കൂടി ഇല്ലാതാക്കുന്നതാണ് പുതിയ ഭേദഗതി. ജനങ്ങൾക്കും നിയമസഭാ അംഗങ്ങൾക്കും അഭിപ്രായം പറയാനുള്ള അവസരങ്ങൾ പരമാവധി ഒഴിവാക്കിയാണ് ബിൽ നിയമസഭയ്ക്ക് മുന്നിൽ എത്താൻ പോകുന്നത്. നിർണ്ണായക ഇടതുമുന്നണി യോഗത്തിലും നഗരപ്രദേശങ്ങളെ ഒഴിവാക്കാനുള്ള നീക്കം മാത്രമാണ് ഒഴിവാക്കിയത്. ഇതിന്റെ മറവിൽ മറ്റു ഭേദഗതികൾഒളിച്ച് കടത്താനാണ് ശ്രമിക്കുന്നതെന്നും ആരോപണമുണ്ട്. 

 

2008 ലെ നിയമത്തെ അട്ടിമറിക്കുന്ന പ്രധാന ഭേദഗതികൾ 

 

വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമി എന്ന വർഗ്ഗീകരണം ഭേദഗതിയിൽ ചേർത്തിരിക്കുന്നു. അടിസ്ഥാന നികുതി രജിസ്റ്ററിൽ നിലമായി രേഖപ്പെടുത്തിയിട്ടുള്ളതും ഡാറ്റ ബാങ്കിൽ ഉൾപ്പെടുത്തി വിജ്ഞാപനം ചെയ്തിട്ടില്ലാത്തതുമായ ഭൂമി എന്നാണർത്ഥം. ഈ ഭൂമിയെ റെഗുലറൈസ് ചെയ്യാനുള്ള പുതിയ ഉപവകുപ്പുകൾ ഭേദഗതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.  600 ഓളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇനിയും ഡാറ്റ ബാങ്ക് അന്തിമ വിജ്ഞാപനത്തിന് തയ്യാറാക്കിയിട്ടില്ല എന്നത് കൂടി ഇതോടൊപ്പം ചേർത്ത് വായിക്കണം. 

 

വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമി വിജ്ഞാപനം മുഴുവൻ ആറു മാസം കൊണ്ട് വിജ്ഞാപനം ചെയ്യും എന്നതായിരുന്നു ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. പിന്നീട് കൃഷി റവന്യൂ മന്ത്രിമാരും ഈ വാഗ്ദാനം ആവർത്തിച്ചു. ഇതിന് വിരുദ്ധമായാണ് വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമി എന്ന പുതിയ വർഗ്ഗീകരണം കൊണ്ട് വന്നു കൂടുതൽ സങ്കീർണ്ണമാക്കിയിരിക്കുന്നത്. 

 

പൊതു ആവശ്യത്തിന് പരിവർത്തനം ചെയ്യുന്നത് സംബന്ധിച്ച് പ്രാദേശിക സംസ്ഥാന സമിതികൾക്ക് ഉണ്ടായിരുന്ന ശുപാർശ ചെയ്യാനുള്ള അധികാരം എന്നത് റിപ്പോർട്ട് ചെയ്യാനുള്ള അധികാരം എന്നാക്കി മാറ്റി. ഇത് വഴി പ്രാദേശിക സമിതികളെ വെറും റിപ്പോർട്ടിംഗ് ഏജൻസികൾ മാത്രമാക്കി. പൊതു ആവശ്യങ്ങൾക്ക് നിലം നികത്താനുള്ള അധികാരം പൂർണമായും സർക്കാരിൽ നിക്ഷിപ്തമായി. സ്വകാര്യ സംരംഭങ്ങളും പൊതു ആവശ്യമായി പരിഗണിക്കപ്പെടുകയും മുതലാളിമാർക്ക് യഥേഷ്ടം നിലം നികത്താൻ അനുവാദം ലഭിക്കുകയുമാവും ഫലം. 

 

പരിവർത്തനം മൂലമുള്ള പരിസ്ഥിതി പ്രശ്നങ്ങൾ പരിഗണിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി. സമീപപ്രദേശത്ത് നെൽകൃഷി ഏതെങ്കിലും ഉണ്ടെങ്കിൽ എന്ന് കൂട്ടിച്ചേർത്ത് നെൽകൃഷി ഇല്ലെങ്കിൽ നികത്താം എന്നാക്കിയിരിക്കുന്നു. പരിവർത്തനം നെൽകൃഷിയെ ബാധിക്കുമോ എന്ന് പരിശോധിക്കണമെന്നും പരിഹാരമാർഗ്ഗങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് ചെയ്യണമെന്നും മാത്രമാക്കി ചുരുക്കി. ഈ റിപ്പോർട്ട് രണ്ടു മാസത്തിനകം നൽകണമെന്നും അല്ലാത്തപക്ഷം നിർണ്ണയിക്കപ്പെടാവുന്ന പ്രകാരമുള്ള മറ്റു അധികാരസ്ഥാപനത്തിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ട് അതനുസരിച്ച് തീരുമാനം എടുക്കാനുള്ള അധികാരം സർക്കാരിന് നൽകുന്നു. ചുരുക്കത്തിൽ വിദഗ്ധരുടെ സമിതിയെ മറികടന്ന് ഉദ്യോഗസ്ഥ സമിതിക്കോ ഒരു പക്ഷെ സ്വകാര്യ ഏജൻസിക്കോ തീരുമാനിക്കാമെന്ന വ്യവസ്ഥയായി. പൊതു ആവശ്യങ്ങൾക്കുള്ള സ്കീമുകൾ എന്നതിനൊപ്പം പദ്ധതികൾക്ക് എന്നും കൂടി കൂട്ടിച്ചേർത്തിരിക്കുന്നു. സ്വകാര്യ പദ്ധതികളെ സഹായിക്കാനാണ് ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 

 

നിയയമത്തിലെ 27 ആം വകുപ്പിൽ  കൂട്ടിച്ചേർത്ത പുതിയ ഉപവകുപ്പുകൾ പ്രകാരം പരിവർത്തനം അനുവദിച്ചാൽ പലയിടങ്ങളിലും വയലിന്റെ ഉൾഭാഗങ്ങളിലേക്ക് ഉള്ള ഗതാഗത സൗകര്യം ഇല്ലാതാവും. വരമ്പുകളില്ലാതെയാവും. ജലത്തിന്റെ ആഗമന നിർഗ്ഗമന മാർഗ്ഗങ്ങൾ അടക്കരുതെന്ന് പറയുന്നുണ്ടെങ്കിലും കൃഷി ആവശ്യത്തിനുള്ള വഴികൾ അടയ്ക്കരുതെന്ന്  പറയുന്നില്ല. ചുറ്റും കെട്ടി അടച്ച് അകത്തുള്ള വയൽ തട്ടിയെടുക്കാൻ ഇത് റിയൽ എസ്റ്റേറ്റ് മാഫിയക്ക് അവസരമൊരുക്കും. 

 

നിയമം ലംഘിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കാനും അതിലുള്ള മണ്ണ്, മണൽ, കളിമണ്ണ് മുതലായവ പിടിച്ചെടുക്കാനും കയ്യൊഴിക്കാനും കളക്ടർക്ക് അധികാരം നൽകുന്നു. അതായത് ലേലം ചെയ്തു വിറ്റഴിക്കാൻ അധികാരം നൽകുന്നു. മണ്ണ്  മണൽ മാഫിയക്ക് ഒരു ഐ.എ.എസ് ഇടനിലക്കാരനെ ഉണ്ടാക്കി കൊടുക്കലാണ് ഇതിലൂടെയുണ്ടാകുന്നത്. പിടിച്ചെടുത്ത മണൽ പുഴയിൽ നിക്ഷേപിക്കാനുള്ള നടപടി പോലെ പിടിച്ചെടുത്ത മണ്ണ് മണൽ കളിമണ്ണ് എന്നിവ എടുത്ത സ്ഥലത്ത് തിരിച്ചിട്ട് പൂർവ്വസ്ഥിതിയിലാക്കാനും അതിന്റെ ചെലവ് നിയമലംഘകരിൽ നിന്ന് ഈടാക്കാനും നിയമം വേണമെന്നാണ് ഉയരുന്ന ആവശ്യം. 


ഈ ഭേദഗതിയിലെ ഏറ്റവും വിചിത്രമായ കാര്യമായി ചൂണ്ടിക്കാട്ടപ്പെടുന്നത് ഉത്തരവ് മൂലം സങ്കടമനുഭവിക്കുന്നവർക്ക് അപ്പീൽ നല്കാൻ 5000 രൂപ ഫീസ് അടക്കണമെന്നതാണ്. 27 ആം ഉപവകുപ്പ് പ്രകാരം വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമി പരിവർത്തനം ചെയ്യാനുള്ള അനുമതിക്കായി ഭൂവുടമയ്ക്ക് ആർ.ഡി.ഓയെ സമീപിക്കാം. അദ്ദേഹം പരിശോധിച്ച് ഉത്തരവിറക്കുകയും അതിൽ സങ്കടമനുഭവിക്കുന്നവർക്ക് ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും 5000 രൂപ ഫീസും സഹിതം അപ്പീൽ സമർപ്പിക്കാം എന്നുമാണ് വ്യവസ്ഥ. നിലം നികത്താനുള്ള അനുമതി നല്കാൻ ആർ.ഡി.ഒയെ ചുമതലപെടുത്തുന്നു എന്ന് മാത്രമല്ല, അതിൽ പരാതി ഉന്നയിക്കാനുള്ള അവസരങ്ങൾ തന്നെ ഏറെക്കുറെ ഇല്ലാതാക്കുന്നു. 

 

നിലംനികത്തലിനെതിരെ പരാതിയുള്ള പരിസ്ഥിതി സാമൂഹ്യപ്രവർത്തകർക്ക് ഉത്തരവിന്റെ കോപ്പി വിവരാവകാശം വഴി ലഭ്യമാക്കി, 5000 രൂപ ഫീസും അടച്ചാലും സങ്കടമനുഭവിക്കുന്നവരാണ് എന്ന് കൂടി തെളിയിക്കേണ്ട അവസ്ഥയാണുള്ളത്. ഒരു മാസത്തിനുള്ളിൽ ഉത്തരവിന്റെ പകർപ്പ് സഹിതം അപ്പീൽ നൽകുക എന്നതും അസാധ്യമാണ്. വിവരാവകാശ നിയമം ഉള്ള നാട്ടിൽ ഒരു അപ്പീൽ നല്കാൻ 5000 രൂപ 'സങ്കടനികുതി' അടയ്ക്കാൻ ആവശ്യപ്പെടുന്നത് പരാതി നൽകുന്ന സാഹചര്യം തന്നെ ഇല്ലാതാക്കാനാണ്. 

 

ഭേദഗതിയിലെ പത്താം വകുപ്പിൽ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നത് സംബന്ധിച്ച് പറയുന്നു. നെൽവയലിൽ ഉടമസ്ഥന്റെ രേഖാമൂലമുള്ള അനുമതി കൂടാതെ സ്ഥിരനിർമ്മാണങ്ങളോ എടുപ്പുകളോ നിർമ്മിക്കാൻ പാടുള്ളതല്ല എന്ന് വ്യവസ്ഥ ചെയ്യുന്നു. നിലം നികത്താൻ ആഗ്രഹിക്കുന്ന ഭൂവുടമക്ക്  രേഖാമൂലമുള്ള അനുമതിയും ആവശ്യമായ ചെലവുകളും കൊടുത്ത് പാട്ടക്കാരനെ കൊണ്ട് നിർമ്മാണം നടത്തിക്കാം. നെൽവയലിൽ സ്ഥിരനിർമ്മാണം പാടില്ല എന്ന നിയമം നിലനിൽക്കെയാണ് ഇങ്ങനെയൊരു പഴുത് ഭേദഗതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 


 സംസ്ഥാനത്തെ നെൽവയലുകളും തണ്ണീർത്തടങ്ങളും 50 ശതമാനമായി ചുരുങ്ങിയെന്നും ഇത് ഭക്ഷ്യോൽപ്പാദനത്തിൽ 75 ശതമാനം കുറവുണ്ടാക്കിയെന്നും ഗുരുതരമായ പാരിസ്ഥിതിക ആഘാതങ്ങൾക്ക് കാരണമായി എന്നുമൊക്കെയാണ് സർക്കാർ പുറത്തിറക്കിയ പരിസ്ഥിതി ധവളപത്രം പറയുന്നത്. അവശേഷിക്കുന്ന നെൽവയലുകൾ  കൂടി ഇല്ലാതാക്കാനുള്ള ഭേദഗതിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്. ബിൽ നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വരുന്ന ജൂൺ 18 ന് പരിസ്ഥിതി പ്രവർത്തകരുടെ ആഭിമുഖ്യത്തിൽ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. 
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment