ക്രഷർ മാലിന്യം ഒഴുക്കി 25 ഏക്കർ പാടശേഖരത്തെ കൊല്ലുന്നു ; ആശങ്കയോടെ കർഷകർ




ക്രഷർ യൂണിറ്റിൽ നിന്നുള്ള മലിനജലം 25 ഏക്കറിലെ കൃഷി നശിപ്പിക്കുന്നു. തൃശൂർ ജില്ലയിലെ വേലൂർ ഗ്രാമപഞ്ചായത്തിലെ പഴവൂരിൽ പ്രവർത്തിക്കുന്ന ത്രീസ്റ്റാർ ഗ്രാനൈറ്റ്സ് എന്ന ക്രഷറിൽ നിന്ന് പുറത്തേക്ക് വിടുന്ന മലിനജലമാണ് കർഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ക്രഷറിൽ നിന്ന് പുറന്തള്ളുന്ന  മാലിന്യo ഏക്കറു കണക്കിന് നെൽ വയലിലേക്ക് ഒഴുകിയെത്തി കോൺക്രീറ്റ് പാട പോലെ കെട്ടിക്കിടക്കുകയാണ്. പാറ പൊടിച്ച് കഴുകി മണലെടുത്ത ശേഷം പുറത്തേക്ക് വിടുന്ന സ്ലറിയാണ് പഞ്ചായത്തിൽ ഏറ്റവും വലിയ പാടശേഖരമായിരുന്ന പഴവൂരിന്റ കിഴക്കേ ഭാഗത്തെ നെൽവയലുകളെ മരണാവസ്ഥയിൽ എത്തിച്ചിരിക്കുന്നത്. നെൽവയലിനോട് ചേർന്നുള്ള 2 കുളങ്ങളും നശിച്ചു.  

 

25 ഏക്കർ പാടശേഖരം സിമന്റ് ഇട്ടത് പോലെ പാറപ്പൊടി മൂടി കൃഷിയോഗ്യമല്ലാതായിക്കഴിഞ്ഞു. ഇതിൽ ആറേക്കറോളം കൃഷിയോഗ്യമല്ലെന്ന് കൃഷിവകുപ്പിന്റെ കണക്കിലും പറയുന്നുണ്ട്. കൃഷിയിറക്കാൻ കഴിയാതെ നിസ്സഹായരായി നിൽക്കുന്ന അവസ്ഥയിലാണ് ഇവിടുത്തെ കർഷകർ. കൃഷിഭവനിലും, പഞ്ചായത്തിലും, കളക്ടർക്കും ഉൾപ്പെടെ കർഷകർ പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഇത് വരെ ഉണ്ടായിട്ടില്ല. പഴവൂർ കോട്ടപ്പുറം റോഡും പൊടി അടിഞ്ഞുമൂടി സഞ്ചാരയോഗ്യമല്ലാതായി മാറിയിട്ടുണ്ട്. മൈനിംഗ് ആൻഡ് ജിയോളജി, റവന്യൂ ഉദ്യോഗസ്ഥർ പരിശോധന നടത്തിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പൊടി നീക്കം ചെയ്തു കൊടുക്കാമെന്നാണ് ക്രഷർ ഉടമയുടെ വാഗ്ദാനം. 

 

കാർഷിക മേഖലയെ തകർത്തും പരിസ്ഥിതി നിയമങ്ങൾ കാറ്റിൽ പറത്തിയും കരിങ്കൽ മാഫിയ മുന്നോട്ട് പോകുമ്പോൾ ഭരണ പ്രതിപക്ഷ പാർട്ടികളുടെ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയo ഈ പ്രവർത്തികൾക്ക് സപ്പോർട്ട് ചെയ്യുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment