പ്രളയത്തിൽ തകർന്ന പത്തനംതിട്ടയുടെ കളക്ടർ കാണാൻ; വടശ്ശേരിക്കരയിൽ ഇന്നും ക്വാറി പ്രവർത്തിക്കുന്നുണ്ട്




പ്രളയത്തിന് ശേഷവും പാഠം പഠിക്കാതെ പത്തനംതിട്ട. പ്രളയത്തിന് ശേഷം ജില്ലയിൽ എല്ലാ  ഖനനങ്ങളും നിരോധിച്ചിരിക്കുകയാണ്. എന്നാൽ പത്തനംതിട്ടയിലെ ക്വാറി മാഫിയ ഈ നിരോധനങ്ങളെയും ഉരുൾപൊട്ടൽ ഭീഷണിയെയും എല്ലാം പുല്ലുവില കൽപ്പിച്ച് കൊണ്ട് പാറ ഖനനം തുടരുകയാണ്. അതീവ പരിസ്ഥിതി ലോല പ്രദേശമായ വടശ്ശേരിക്കര പഞ്ചായത്തിൽ തെക്കുംമല പ്രദേശത്ത് മോഡേൺ റോക്ക് ഇൻഡസ്ട്രീസിൽ  ഇപ്പോഴും വൻതോതിൽ പാറപൊട്ടിക്കലും ക്രഷർ പ്രവർത്തനവും നിർബാധം നടക്കുകയാണ്. റവന്യൂ, മൈനിംഗ് ആൻഡ് ജിയോളജി അധികൃതരോട് പരാതിപ്പെട്ടെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് തെക്കുംമല ഗ്രാമസംരക്ഷണ സമിതി പറയുന്നു. 

 

കസ്തൂരിരംഗൻ റിപ്പോർട്ടിൽ പരിസ്ഥിതിലോല പ്രദേശത്ത് ഉൾപ്പെടുന്ന വില്ലേജാണിത്. ഇവിടെ ക്വാറി പ്രവർത്തിക്കുന്നതിന് പാരിസ്ഥിതിക അനുമതി നൽകിയിട്ടില്ലെന്ന് സംസ്ഥാന പരിസ്ഥിതി ആഘാത നിർണ്ണയ അതോറിറ്റി വിവരാവകാശ നിയമപ്രകാരം നൽകിയ രേഖയിൽ വ്യക്തമാക്കുന്നു. പാരിസ്ഥിതിക അനുമതി ഇല്ലാത്ത ക്വാറിക്ക് അനുമതി നല്കാൻ പഞ്ചായത്തിന് അധികാരമില്ലെന്ന് പഞ്ചായത്ത് തന്നെ നൽകിയ വിവരവകാശത്തിലും പറയുന്നുണ്ട്. എങ്കിലും പഞ്ചായത്ത് ഈ ക്വാറിക്ക് ഈ വർഷവും ലൈസൻസ് പുതുക്കി നൽകുകയായിരുന്നു. പ്രളയത്തിന് ശേഷവും ഖനനം തുടർന്നപ്പോൾ തങ്ങൾ പഞ്ചായത്ത് സെക്രട്ടറിയെ കണ്ടു കാര്യം പറഞ്ഞെങ്കിലും തനിക്കൊന്നും ചെയ്യാനാകില്ലെന്നും, ഈ പ്രളയകാലത്ത് അവിടെ ഉരുൾപൊട്ടൽ ഉണ്ടാകരുതേ എന്നായിരുന്നു തന്റെ പ്രാർത്ഥനയെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്ന് തെക്കുംമല ഗ്രാമസംരക്ഷണ സമിതി പ്രവർത്തകൻ അനിൽ പറയുന്നു. 

 

അടുത്തിടെ സ്ഥലം സന്ദർശിച്ച മൈനിംഗ് ആൻഡ് ജിയോളജി ഉദ്യോഗസ്ഥർ ഇവിടെ യാതൊരു ഖനനവും നടക്കുന്നില്ലെന്നാണ് റിപ്പോർട്ട് നൽകിയതെന്നും, ക്വാറിക്ക് അകത്തേക്ക് കയറാൻ പോലും അവർ തയ്യാറായില്ലെന്നും സമിതി ആരോപിക്കുന്നു. പഞ്ചായത്ത് റോഡിൽ നിന്ന് വെറും മൂന്ന് മീറ്റർ മാത്രം അകലെയാണ് ക്വാറി പ്രവർത്തിക്കുന്നത്. പല ഉദ്യോഗസ്ഥരും ഇവിടെ എത്തിയിട്ട് ക്വാറിക്ക് അകത്തേക്ക് കയറാൻ ഭയക്കുന്ന സാഹചര്യമാണ് ഉള്ളത്. ജില്ലാ കളക്ടറോട് ഇവിടെ നിരോധനം ലംഘിച്ച് പാറപൊട്ടിക്കുന്ന വിവരം ഞങ്ങൾ പറഞ്ഞു. ഈ ക്വാറിക്ക് പാരിസ്ഥിതിക അനുമതി ഇല്ലല്ലോ എന്ന് ഞങ്ങൾ ചോദിച്ചപ്പോൾ അദ്ദേഹം തന്നെ പറഞ്ഞു, ഇല്ല, എങ്കിൽ ഈ ക്വാറി നിർത്താൻ ഉത്തരവ് കൊടുത്തുകൂടെ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു അന്വേഷിക്കാമെന്ന്. അടുത്ത ദിവസവും പാറ പൊട്ടിക്കൽ തുടർന്നു. ഞങ്ങൾ പിന്നെയും കളക്ടറെ വിളിച്ചു. അപ്പോൾ അദ്ദേഹം പറയുന്നത്  നിങ്ങൾ സർക്കാരിനെ സമീപിക്കാനാണ് . കളക്ടർ സർക്കാരിന്റെ ഭാഗമല്ലേ? അനിൽ ചോദിക്കുന്നു. 

 

ഞങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ്. പാകം ചെയ്ത ആഹാരം പോലും കഴിക്കാൻ പറ്റാത്ത വിധത്തിലുള്ള പൊടിയാണ്. ഒരു വയസ്സുള്ള കുഞ്ഞിന് പോലും ആസ്തമ പിടിപെട്ടിരിക്കുന്നു. ക്യാൻസർ രോഗികളുടെ എണ്ണം കൂടുകയാണ്. വർഷങ്ങളായി ഞങ്ങൾ പരാതി നൽകാത്ത ഉദ്യോഗസ്ഥരില്ല. ആരും ഈ പരസ്യമായ നിയമലംഘനത്തിനെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അനിൽ പറയുന്നു. നിരോധനം ലംഘിച്ച്  ഇന്നും ക്വാറിയും ക്രഷറും പ്രവർത്തിക്കുന്നതിന്റെ  സമരസമിതി പ്രവർത്തകർ പകർത്തിയ ദൃശ്യങ്ങൾ കാണാം. 
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment