ഇട്ടിവയിൽ കുപ്പിവെള്ള പ്ലാന്റിനെതിരായ സമരത്തിന് നേർക്ക് പോലീസ് ലാത്തിച്ചാർജ്ജ് ; പഞ്ചായത്തംഗം ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്
കൊല്ലം : ഇട്ടിവയിൽ കുപ്പിവെള്ള പ്ലാന്റിനെതിരെ സമരം ചെയ്യുന്ന ജനങ്ങൾക്ക് നേരെ പോലീസ് നടപടി. പോലീസ് ലാത്തിച്ചാർജ്ജിൽ വാർഡ് മെമ്പർ ഉൾപ്പെടെ നിരവധി സമരപ്രവർത്തകർക്ക് പരിക്കേറ്റു. പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് സംരക്ഷണം നൽകാനെത്തിയ പോലീസ് സമരപ്രവർത്തകർക്ക് നേരെ ലാത്തി വീശുകയായിരുന്നു. പ്ലാന്റ് ഉടമയുടെ ബന്ധുക്കളും ജോലിക്കാരും ഉയരത്തിലുള്ള പ്ലാന്റിന്റെ കോമ്പൗണ്ടിൽ നിന്ന് പോലീസിനെതിരെ കല്ലെറിഞ്ഞതാണ് സംഭവങ്ങളുടെ തുടക്കമെന്ന് ഉറവ ജലസംരക്ഷണ സമിതി കൺവീനർ ബൈജു പറഞ്ഞു. തഹസിൽദാർ സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണ് . കോടതി പോലീസ് സംരക്ഷണത്തിനുള്ള ഉത്തരവ് നൽകിയതിനെ തുടർന്ന് പ്ലാന്റിന് മുന്നിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജനങ്ങൾ രാപകൽ സമരം നടത്തി വരികയാണ്. 

 

രണ്ടു വർഷം മുൻപാണ്  ഓഡിറ്റോറിയം നിർമ്മാണത്തിനെന്ന വ്യാജേന കുന്നിടിച്ച് നിരത്തി പ്ലാന്റ് നിർമ്മാണം ആരംഭിച്ചത്. രൂക്ഷമായ കുടിവെള്ള ക്ഷാമം നിലനിൽക്കുന്ന പ്രദേശത്ത് പ്രതിദിനം ലക്ഷക്കണക്കിന് ലിറ്റർ വെള്ളം ഊറ്റിയെടുക്കുന്നത്തിനെതിരെയാണ് ജനങ്ങൾ ഒന്നടങ്കം പ്രതിഷേധ രംഗത്തുള്ളത്. സ്‌പെഷൽ ഗ്രാമസഭയും, പഞ്ചായത്തും പദ്ധതിക്കെതിരെ രംഗത്ത് വന്നെങ്കിലും വ്യവസായ വകുപ്പ് ഏകജാലക സംവിധാനം വഴി പ്ലാന്റിന് അനുമതി നൽകുകയായിരുന്നു. ഇതിനെ തുടർന്നാണ് രാപ്പകൽ സമരം ആരംഭിച്ചത്. 
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment