ബഹുമാനപ്പെട്ട പത്തനംതിട്ട കളക്ടർ ; നിങ്ങൾക്കെന്താണവിടെ പണി ? 




എന്താടോ തനിക്കിവിടെ പണി എന്ന ചോദ്യം കേട്ടിട്ടില്ലാത്തവര്‍ നമ്മുടെ നാട്ടില്‍ ആരും കാണില്ല. ഇത്തരം ഒരു ചോദ്യം ചോദിക്കുവാന്‍ നാട്ടിൽ ഏറ്റവും യോഗ്യതയുള്ളവര്‍ ആരായിരിക്കും ?

 


 ഇങ്ങനെ ഒരു ചോദ്യം കഴിഞ്ഞ ദിവസം ഉന്നയിച്ചത് പത്തനംതിട്ട ജില്ലാ കളക്ടർ ആണ്. അദ്ദേഹം തന്റെ ജില്ലയിലെ ഒരു വില്ലേജ് ആപ്പീസറെ ശകാരിക്കുന്ന വാർത്ത പുറത്തു വന്നിരുന്നു. നിരുത്തരവാദിയായി പെരുമാറിയതിന് . ജന സേവനത്തിനായി IAS എന്ന പദവി സ്വീകരിച്ചു പണി ചെയ്യുന്ന  ജില്ലാ ഭരണാധിപൻ (പർ) നിങ്ങളോട് ഇത്തരം  ചോദ്യങ്ങൾ  ചോദിക്കേണ്ടി വന്നിരിക്കുന്നു. നിങ്ങൾ ജനങ്ങളോടു മറുപടി പറയുവാൻ ബാധ്യസ്തമാണ്. കാരണം ഞങ്ങൾ ., ജനങ്ങളാണ് നിങ്ങളുടെ നായകർ.

 

കേരളത്തെ പറ്റി പറഞ്ഞാല്‍ മൂന്നേകാല്‍ കോടി ആളുകളും ഈ ചോദ്യം ചോദിക്കേണ്ടത്  കേരളത്തിന്‍റെ മുഖ്യമന്ത്രിയോടാണ്. അതിനു ശേഷം അദ്ധേഹത്തിനൊപ്പമുള്ള മന്ത്രിമാരോടും. മലയാളികളായ നമ്മള്‍ വേണ്ട സമയം വേണ്ട വിധത്തില്‍ ഇത്തരം ചോദ്യങ്ങള്‍ ചോദിച്ചിട്ടില്ല എന്നതാണ് നാം അനുഭവിക്കുന്ന ഗതികേട്.

 

ഒന്നുകില്‍ എന്‍റെ പാര്‍ട്ടിയെ കുരുക്കുന്ന ചോദ്യങ്ങള്‍ പാടില്ല എന്നോ ചോദ്യം ചോദിച്ച് താന്‍ എന്തിനു കുരുങ്ങണം എന്നോ നമ്മളില്‍ പലരും കരുതുന്നു. ചോദ്യം ചോദിച്ചിട്ട് കാര്യമില്ല എന്ന് കരുതുന്നവരും ഇല്ലാതെയില്ല. പൊതു ജനം മഠയന്മാരും(മടിയന്മാരും)ആണ് എങ്കിലും 5 വര്‍ഷത്തില്‍ ഒരിക്കല്‍ രാഷ്ട്രീയക്കാരെ വീട്ടില്‍ വരുത്തി കഴിയുമെങ്കില്‍ ശിക്ഷിക്കുവാനും ജനാധിപത്യം അവസരം കൊടുക്കാറുണ്ട്.

 

നാട്ടിലെ ജനങ്ങള്‍ രാഷ്ട്രീയ നേതാക്കളുടെ പണികളില്‍ (വിശിഷ്യാ മന്ത്രിമാരുടെ)പൊതുവേ മടുപ്പ് കാട്ടുന്നവരാണ്.അവിടെ പലപ്പോഴും മാന്യതയുടെ അടയാളമായി പ്രത്യക്ഷപെടുവാന്‍ കളക്ടര്‍മാര്‍ക്കും ഉന്നത പോലീസ് പദവികളില്‍ ഉള്ളവര്‍ക്ക് അവസരം കിട്ടാറുണ്ട്. (കിണറ്റില്‍ വീണ ഗര്‍ഭിണിയെ രക്ഷിച്ചെടുത്ത അഗ്നിശമന സേനാ അംഗത്തെ പോലും ഹീറോ ആയി നമ്മള്‍ അംഗീകരിക്കാറില്ല) .

 

കേരളത്തിന്‍റെ പ്രളയ കാലം ഒത്തിരി അനുഭവങ്ങള്‍ നമ്മള്‍ക്ക് നല്‍കി. സര്‍ക്കാര്‍ ചെയ്തു കൂട്ടിയ തെറ്റുകള്‍ ഒരു വശത്ത്, ജനങ്ങളുടെ പൊതുവായ പ്രകൃതിവിരുദ്ധ സമീപനം, അഴിമതിക്കായി നടക്കുന്ന നിയമ ലംഘനങ്ങള്‍, ഉദ്യോഗസ്ഥകേടു കാര്യസ്ഥതയും അവരുടെ രാഷ്ട്രീയ-കച്ചവടലോബീ സവ്ഹൃതവും ഒക്കെ കേരളത്തെ ദുരിത ഭൂമിയാക്കി .


കേരളം കഴിഞ്ഞ അര നൂറ്റാണ്ടില്‍ നടപ്പിലാക്കിയ വികസന നയ സമീപനങ്ങള്‍ തീരുമാനിച്ചതില്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ പ്രധാന പങ്കു വഹിച്ചു. അതുകൊണ്ട്  കേരളം നേടിയ നേട്ടങ്ങള്‍ക്കും കോട്ടങ്ങള്‍ക്കും അവര്‍ പ്രധാന ഉത്തരവാദികള്‍ ആയിരിക്കുന്നു. അത് കഴിഞ്ഞാല്‍ നമ്മുടെ 5.50 ലക്ഷം വരുന്ന ഉദ്യോഗസ്ഥന്മാര്‍ ബാധ്യസ്തരാണ്. അത്തരം വിലയിരുത്തലുകള്‍ നടത്തുവാന്‍ നമ്മള്‍ മുതിര്‍ന്നിട്ടില്ല എന്നാണ് സത്യം.
 

കേരളം നേരിടേണ്ടിവന്ന ദുരിത മുഖങ്ങളില്‍ നിന്നും  മാധ്യമ ശ്രദ്ധ നേടിയ വരില്‍ (സര്‍ക്കാര്‍ സംവിധാനങ്ങളില്‍ )മുന്നില്‍ നില്‍ക്കുന്നവര്‍ ജില്ലാ കലക്ടര്‍മാരാണ്.  രാപ്പകല്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ നേതൃത്വം വഹിക്കുകയും അതിന്‍റെ വാര്‍ത്തകള്‍ പുറത്തു വരുകയും ചെയ്തു. (പ്രത്യേക ഘട്ടത്തില്‍ ഉദ്യോഗസ്ഥര്‍ 24 മണിക്കൂറും പണിചെയ്യുവാന്‍ ബാധ്യസ്ഥരാണ്.) ചുമട് എടുക്കല്‍ മുതല്‍ പാത്രം കഴുകല്‍ വരെ ചെയ്ത ജില്ലാ കലക്റ്റര്‍മാര്‍ വാര്‍ത്തകളില്‍ ഇടം നേടി. എങ്ങനെയാണ് ഇവരുടെ വ്യക്തിപരമായ പ്രവര്‍ത്തികള്‍ പുറം ലോകത്ത് എത്തിയത് ? മറ്റൊരു സംസ്ഥാനത്തെ IAS ഉദ്യോഗസ്ഥന്‍ ചുമടെടുത്ത് വാര്‍ത്തയില്‍ ഇടം നേടി. 

 

മന്ത്രിമാര്‍, ജഡ്ജിമാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥര്‍, സന്യാസിമാർ , ജനങ്ങൾ ഒക്കെ സേവനം ചെയ്യേണ്ടവര്‍ തന്നെ.അതിൽ ചിലരുടെ സേവനം  വാര്‍ത്ത‍യാകുന്നതിനു പിന്നില്‍ നടക്കുന്ന കളികള്‍ നമ്മുടെ പ്രധാന മന്ത്രിക്കായി പ്രവര്‍ത്തിക്കുന്ന പ്രചരണ കമ്പനിയുടെ മിനിയേച്ചര്‍ തന്നെയാണ്. 


 
ഇന്നത്തെ ഒട്ടു മിക്ക IAS കാരും കളക്റ്റര്‍ മുതല്‍ മുകളിലേക്കുള്ള പദവികളില്‍ പണിചെയ്യുന്നവരാണ്. പ്രകൃതി വിഭവങ്ങള്‍ കൊള്ള അടിക്കുന്നതിനു വഴി ഒരുക്കുന്ന തരത്തിൽ  പലപ്പോഴും നമ്മുടെ കലക്റ്റര്‍മാര്‍ കാട്ടി വരുന്ന നിരുത്തരവാദപരമായ നിലപാടുകള്‍ കുപ്രസിദ്ധമാണ് . കേരളത്തിന്‍റെ പതിമൂന്നാം നിയമസഭാ സമിതി കണ്ടെത്തിയ ക്വാറികളുടെ പ്രവര്‍ത്തനവും നിയമ ലംഘനവും ഞെട്ടിപ്പിക്കുന്നതായിരുന്നു.. സംസ്ഥനത്തെ ഭൂമി കൈയേറ്റങ്ങള്‍, നെല്‍ പാടങ്ങള്‍ മൂടി അനധികൃത കെട്ടിടം വെക്കല്‍ , കായല്‍ കൈയേറ്റങ്ങള്‍ മുതല്‍ കണ്ടല്‍ കാടുകള്‍ നശിപ്പിക്കല്‍, ഷോളക്കാടുകള്‍ വെട്ടി നിരപ്പാക്കല്‍ മുതലായ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയക്കാരുടെ(ഭരണ നേതാക്കളുടെ) താല്‍പര്യങ്ങളെ തൃപ്തി പെടുത്തുവാന്‍ ജില്ലാ ഭരണ നേതൃത്വം കാട്ടുന്ന സഹകരണം ലജ്ജാവഹവും അപലനീയവുമാണ്.

 

സംസ്ഥാനത്തെ ചെറുകിട ഖനനം എങ്ങനെയായിരിക്കണം നടത്തേണ്ടത് എന്ന് നിരവധി നിയമങ്ങള്‍ അനുശാസിക്കുന്നു. ആ നിയമങ്ങളില്‍ ദിനം പ്രതി വെള്ളം ചേര്‍ക്കുന്നതില്‍ സര്‍ക്കാര്‍  താല്‍പ്പര്യങ്ങൾ കുപ്രസിദ്ധമായി തുടരുകയാണ് .അവിടങ്ങളില്‍ കലക്ടര്‍ എന്ന ജില്ലാ ഉദ്യോഗസ്ഥ പ്രധാനി കാട്ടിവരുന്ന നിയമ ലംഘകര്‍ക്കുള്ള പിന്തുണ അവിശ്വസനീയമാണ്. 

 

തിരുവനന്തപുരം മുതല്‍ കാസര്‍ഗോട് വരെ അതിനു തെളിവാണ്.തിരുവനന്തപുരം ജില്ലയിലേക്ക് വരാം. ജില്ലയിലെ കോട്ടക്കലില്‍ നിയമ രഹിതമായി പ്രവര്‍ത്തിച്ച ക്വാറിയില്‍ അപകടം നടന്ന് രണ്ടു ജീവനുകള്‍ പൊലിഞ്ഞു. ജില്ലാ ഭരണാധികാരിയുടെ കീഴില്‍ നടന്ന അനധികൃത ഖനനത്തിനും അപകടത്തിനും കൊലക്കുറ്റത്തിനു പ്രതിയാകുവാൻ കലക്റ്റര്‍ യോഗ്യയാണ്. എന്നാല്‍ എന്താണ് അവരുടെ ഭാഗത്തു നിന്നും ഉണ്ടായത്? അതേ പഞ്ചായത്തില്‍ നടന്നു വരുന്ന ഒരു സമയത്ത് നിയമപരമായി അനുവാദം ഉണ്ടായിരുന്ന ക്വാറിയുടെ 37 നിയമ ലംഘനങ്ങള്‍ അക്കമിട്ട് ജില്ലാ കലക്റ്റരുടെ മിന്നില്‍ എത്തിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞു.

 

ജില്ലയില്‍ നിയമങ്ങള്‍ എല്ലാം കാറ്റില്‍ പറത്തി വിവിധ രാഷ്ട്രീയ നേതാക്കളുടെ സുരക്ഷിത വലയത്തില്‍ ഖനനം  നടക്കുമ്പോള്‍ കണ്ടില്ല എന്ന് നടിക്കുന്ന ജില്ലാ ഭരണകൂടവും അതിന്‍റെ തലപ്പത്തിരിക്കുന്ന ആളുകളും ആഫ്രിക്കന്‍ രാജ്യങ്ങളിലെ പ്രാകൃത ഭരണ സംവിധാനങ്ങളെ നാണിപ്പിച്ചു വരുന്നു. കിളിമാനൂര്‍ താലൂക്കില്‍ നടക്കുന്ന ഖനനങ്ങളുടെ നിയമ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ചെയ്യുന്ന സേതു എന്ന ചെറുപ്പക്കാരന്‍റെ സമരം 500 ദിവസം  പിന്നിട്ടു. ക്വാറി ഉടമകളുടെ ഗുണ്ടകള്‍ നടത്തിയ ആക്രമണത്തെ പട്ടികജാതി പീഡന വകുപ്പില്‍ പെടുത്തി കേസ്സുകള്‍ എടുക്കുവാന്‍ മടിക്കുന്ന ജില്ലാ ഉദ്യോഗസ്ഥ സംവിധാനത്തിന്‍റെ ഖനന മാഫിയകളോടുള്ള ദാസ്യ മനോഭാവം അറിയുവാന്‍ മംഗലപുരം എന്ന പഞ്ചായത്തില്‍ നടക്കുന്ന ക്ലേ ഖനന സ്ഥലം സന്ദർശിക്കുക.

 

ഖനനം എങ്ങനെ നടത്തണം ? എപ്പോള്‍ ? എത്ര വരെ ? ഉണ്ടാകുന്ന കുഴികള്‍ എങ്ങനെ മൂടണം ? എങ്ങനെയാണ് ആതിനെ വേലി കെട്ടി തിരിക്കേണ്ടത്‌ ? ദിനം പ്രതി സര്‍ക്കാര്‍ നിയമങ്ങളെ ഷണ്ണീകരിക്കുമ്പോഴും അവശേഷിക്കുന്ന നിയമങ്ങള്‍ പോലും പാലിക്കുന്നുവോ എന്ന് ശ്രദ്ധിക്കുവാന്‍ താല്‍പര്യം ഇല്ലാത്ത/ കഴിവില്ലാത്ത/ ജില്ലാ കളക്ടറുടെ/കലക്ടര്‍മാരുടെ (ജില്ലാ ദുരന്ത നിവാരണ അധ്യക്ഷയുടെ ഓഖി ദിനത്തിലെ പ്രസ്ഥാവനകള്‍ ശ്രദ്ധിക്കുമല്ലോ) ദുരിത ക്യാമ്പിലെ പ്രകടനം സ്വയം പറഞ്ഞു നടക്കുകയും മറ്റു ചിലര്‍ പൊതുയിടങ്ങളിൽ പ്രദര്‍ശിപ്പിക്കുകയും ചെയ്യുമ്പോള്‍ പാവം ജനം ഒരിക്കല്‍ കൂടി വിഡ്ഢികളാകുയാണ്.

 

വെള്ളപൊക്കം അപ്രതീക്ഷിത ദുരന്തം വിതച്ച ജില്ലയാണ് പത്തനംതിട്ട. ഇവിടെ ഏറ്റവും വലിയ ആരോപണം വെള്ളപ്പൊക്ക ദിവസം ഉണ്ടായത് മണി മലയാര്‍-പമ്പ-അച്ചന്‍കോവില്‍ മുതലായ നദിയുടെ ഓരങ്ങളില്‍ മുന്നറിയിപ്പ് കൊടുക്കുവാന്‍ വൈകിയ ജില്ലാ ഭരണ നേതൃത്വത്തിന്റെ പിടിപ്പു കേടിനെ പറ്റിയാണ്. ആനത്തോട്ടിലെ ഡാം വാല്‍വുകള്‍ യഥാസമയം തുറക്കുവാന്‍ മടിച്ച ഭരണ സംവിധാനം, കുത്തൊഴുക്കില്‍ വെള്ളം 4 മണിക്കൂര്‍ എടുത്ത് പെരുനാട്ടില്‍ എത്തിയിട്ടും  ജനങ്ങളെ അറിയിക്കുവാന്‍ മറന്നുപോയ സംവിധാനം പൂര്‍ണ്ണ പരാജയം ആയിരുന്നു എന്ന് ജനങ്ങള്‍ക്ക് പരാതിയുണ്ട്. 

 


ഉരല്‍പൊട്ടലുകളും  മണ്ണിടിച്ചിലും തമ്മിലുള്ള ബന്ധങ്ങള്‍ നാട്ടുകാര്‍ മനസ്സിലാക്കുന്നു.ജന രോഷം ഭയന്ന് സര്‍ക്കാര്‍ പത്തനംതിട്ട-മലപ്പുറം ജില്ലയില്‍ ക്വാറി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെച്ചു എന്ന് വാര്‍ത്ത‍വന്നു . എന്നാല്‍ ദുരന്തങ്ങൾ ഉണ്ടായിട്ടും  ജില്ലയുടെ തെക്കേ അതിർത്തിയായ കലഞ്ഞൂര്‍ മുതല്‍ അരുവാപ്പുലം,വെച്ചൂച്ചിറ,പെരിനാട് തുടങ്ങി മല നിരകള്‍ നിറഞ്ഞ പ്രദേശങ്ങളില്‍ നിയമങ്ങളെ  കാറ്റില്‍ പറത്തി ക്വാറികള്‍ പ്രവര്‍ത്തിച്ചു വരുന്നു. ദുരന്തങ്ങളുടെ ഭീതി ഒഴിഞ്ഞു മാറുന്നതിന് മുന്‍പു തന്നെ പുതിയ ക്വാറികള്‍ക്ക് പച്ചകൊടി കൊടുക്കുന്നു.സുപ്രീം കോടതി നിഷ്ക്കര്‍ഷിക്കുന്ന പാരിസ്ഥിതിക അനുമതിയും മറ്റും അവഗണിച്ച് ജില്ലയിൽ നടക്കുന്ന ഖനനം  ഇതൊക്കെ അറിയുന്ന/അറിയേണ്ട കലക്റ്റര്‍ നിയമ ലംഘനങ്ങള്‍ക്ക് കൂട്ടു നില്‍ക്കുന്നു. ജില്ലയിലെ റാന്നി MLA ക്വാറി യൂണിയൻ നേതാവായി ഖനന മാഫിയക്ക് ചുക്കാന്‍ പിടിക്കുന്നു.

 


പത്തനംതിട്ട ജില്ലയില്‍ ജന ജീവിതത്തിനു സുരക്ഷ ഒരുക്കേണ്ട കളക്ടറും അയാളുടെ ഉദ്യോഗസ്ഥരും പരാതികള്‍ അവഗണിച്ചും ഖനന മാഫിയകളെ സഹായിക്കുവാന്‍ ഇടതടവില്ലാതെ യഞ്ജിക്കുമ്പോള്‍ തന്നെ താഴെ തട്ടില്‍ പ്രവര്‍ത്തിക്കുന്ന വില്ലേജ് ഗുമസ്തനെ താക്കീത് ചെയ്ത നടപടി എന്തോ മഹത്തായ വിപ്ലവ പ്രവര്‍ത്തനമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നു. 

 

ക്യാബിനറ്റ് സെക്രട്ടറി മുതല്‍ പിയൂണ്‍ വരെയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജനങ്ങളുടെ സേവകരായി പ്രവര്‍ത്തിക്കുകയാണ് വേണ്ടത്.  എന്നാല്‍ വേട്ടക്കാര്‍ക്കൊപ്പം വേട്ടയും അവസരം കിട്ടുമ്പോള്‍ മുയലുകള്‍ക്കൊപ്പം കഴിഞ്ഞു കൂടലും ഫാഷനാക്കിയ ചില ഉദ്യോഗസ്ഥരും രാഷ്ടീയക്കാരും നമ്മുടെ ഇടയിലുണ്ട്. ഇത്തരം കാപട്യങ്ങളെ തിരിച്ചറിയലാണ് ജനാധിപത്യത്തിന്‍റെ ധര്‍മ്മം. 

 

അതിന് കഴിഞ്ഞില്ല എങ്കില്‍ ജനം എന്ന നമ്മള്‍ കുറെ കൂടി വിഡ്ഢികളായി തീരും ? പകരം നമ്മുടെ നേതാക്കളോട് , ഉദ്യോഗസ്ഥരോട് നിങ്ങൾക്കൊക്കെ എന്താണു പണി എന്നു നമ്മൾ ഉറക്കെ ചോദിച്ചു കൊണ്ടിരിക്കണം. 

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment