ക്വാറികൾക്ക് പാരിസ്ഥിതികാഘാത പഠനം നിർബന്ധം ; ഹരിതട്രിബ്യുണൽ ഉത്തരവിന്റെ പൂർണ്ണരൂപം




25 ഹെക്ടറിൽ താഴെയുള്ള ഖനനങ്ങൾക്കും പാരിസ്ഥിതികാഘാത പഠനം നിർബന്ധമാക്കി ദേശീയ ഹരിത ട്രിബ്യുണൽ. 25 ഹെക്ടർ വരെയുള്ള ക്വാറികളെ പാരിസ്ഥിതിക ആഘാത പഠനത്തിൽ നിന്നും ഒഴിവാക്കി കൊണ്ടുള്ള വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ 2016 ജനുവരി 15 ന് പുറത്തിറക്കിയ വിജ്ഞാപനം ദീപക് കുമാർ വേഴ്‌സസ് സ്റ്റേറ്റ് ഓഫ് ഹരിയാന കേസിൽ സുപ്രീം കോടതി ഉത്തരവിന് ഘടകവിരുദ്ധമാണെന്ന് ഹരിത ട്രിബ്യുണൽ ചൂണ്ടിക്കാട്ടി. ക്വാറികൾക്ക് അനുമതി നൽകുന്നതിന് മുൻപായി പൊതുജനാഭിപ്രായം തേടണമെന്നും കോടതി ഉത്തരവിട്ടു. പാരിസ്ഥിതിക അനുമതിക്കായി പാരിസ്ഥിതിക ആഘാത പഠനവും, എൻവിറോൺമെൻറ് മാനേജ്‌മെന്റ് പ്ലാനും സംസ്ഥാന പാരിസ്ഥിതികാഘാത നിർണ്ണയ അതോറിറ്റിക്ക് സമർപ്പിക്കണം. 

 


25 ഹെക്ടറിന് താഴെയുള്ള ക്വാറികൾക്ക് അനുമതി നൽകുന്നതിനായി ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ രൂപീകരിച്ച ജില്ലാ തല പരിസ്ഥിതികാഘാത നിർണ്ണയ അതോറിറ്റികൾക്ക് അതിനുള്ള സാങ്കേതിക പരിജ്ഞാനം ഉണ്ടാകില്ലെന്നും, ഇനി മുതൽ എല്ലാ ഖനന അനുമതികളും സംസ്ഥാന പാരിസ്ഥിതികാഘാത നിർണ്ണയ അതോറിറ്റിയിൽ നിന്ന് വേണം നേടാനെന്നും ഉത്തരവിൽ പറയുന്നു. വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനം സുപ്രീം കോടതി വിധിയെ മറികടക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് ചൂണ്ടിക്കാട്ടി സതേന്ദ്ര പാണ്ഡെ സമർപ്പിച്ച ഹർജിയിലാണ് ഹരിത ട്രിബ്യുണൽ പ്രിൻസിപ്പൽ ബെഞ്ചിന്റെ ഉത്തരവ്. 

 

ഉത്തരവിനെ മറികടക്കാനായി പല സംസ്ഥാനങ്ങളിലും ഭൂമി തുണ്ടുകളായി തിരിച്ച് പാരിസ്ഥിതിക അനുമതി നേടിയെടുത്ത പശ്ചാത്തലത്തിലാണ് സുപ്രീം കോടതി ദീപക് കുമാർ കേസിൽ പാരിസ്ഥിതികാഘാത പഠനം നിർബന്ധമാക്കിയതെന്നും കോടതി ചൂണ്ടിക്കാട്ടി. ഭൂമിയെ തുണ്ടുകളാക്കി ഈ ഉത്തരവിനെ മറികടക്കാൻ ശ്രമിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു. ഖനനം മൂലമുണ്ടാകുന്ന ആഘാതം പരിഹരിക്കപ്പെടാൻ എത്ര സമയമെടുക്കുമെന്നത് കൂടി പരിഗണിച്ച് നടപടിക്രമങ്ങളിൽ മാറ്റം വരുത്താനും, അശാസ്ത്രീയവും നിയമവിരുദ്ധവുമായ ഖനനത്തിലൂടെ നഷ്ടപ്പെട്ട പാരിസ്ഥിതിക മൂല്യത്തിന്റെ കണക്കെടുക്കുന്നതിനും, അത് പരിഹരിക്കുന്നതിനുള്ള ചെലവ് കണക്കാക്കുന്നതിനുമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കാനും വനം പരിസ്ഥിതി മന്ത്രാലയത്തോട് കോടതി നിർദ്ദേശിച്ചു. വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ 2016 ജനുവരി 15 ന് പുറത്തിറക്കിയ വിജ്ഞാപനം ഇതിനനുസരിച്ച് മാറ്റാനും ഉത്തരവിൽ പറയുന്നു. 

 

ഹരിതട്രിബ്യുണൽ ഉത്തരവിന്റെ പൂർണ്ണരൂപം വായിക്കാം

 

 

  NGT Order About Mining by GreenReporter on Scribd

 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment