പള്ളിവാസൽ മേഖലയിൽ റിസോർട്ടുകൾ തുറക്കുന്നത് വിശദമായ പഠനത്തിന് ശേഷം




ഉരുൾപൊട്ടൽ മേഖലയിൽ പ്രവർത്തിക്കുന്ന വിവാദ റിസോർട്ടായ പ്ലം ജൂഡി തുറക്കാൻ അനുമതി നൽകേണ്ടെന്ന് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. പ്ലം ജൂഡി അടക്കം പള്ളിവാസൽ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ റിസോർട്ടുകളും വിശദമായ പഠനത്തിന് ശേഷം തുറന്നാൽ മതിയെന്നാണ് തീരുമാനം.  ആഗസ്റ്റ് ഒൻപതിന് ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് റിസോർട്ട് അടച്ചിട്ടിരിക്കുകയാണ്. റിസോർട്ടിന്റെ 50 മീറ്റർ അകലെ ഉണ്ടായ ഉരുൾപൊട്ടലിൽ നിന്ന് തലനാരിഴയ്‌ക്കാണ് പ്രധാന കെട്ടിടം രക്ഷപ്പെട്ടത്. വൻ ദുരന്തമാണ് ഇതിലൂടെ ഒഴിവായത്. മാതൃഭൂമി ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

 

ഓഗസ്റ്റ് ഒമ്പതിനുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വിദേശ സഞ്ചാരികൾ ഉൾപ്പെടെ റിസോർട്ടിൽ കുടുങ്ങിയിരുന്നു.  പ്രത്യേക രക്ഷാസംഘത്തെ അയച്ചാണ് ഇവരെ രക്ഷിച്ചത്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് റിസോര്‍ട്ടില്‍ കുടുങ്ങി കിടക്കുന്ന 17 വാഹനങ്ങള്‍ ഇനിയും പുറത്തെത്തിക്കാനായിട്ടില്ല. വഴിയിലെ പാറകൾ പൊട്ടിച്ച് മാറ്റി വാഹനങ്ങൾ പുറത്തെടുക്കാനുള്ള നീക്കങ്ങൾ നടക്കുകയാണ്. ഉരുൾപൊട്ടിയത് മറച്ച് വെക്കാനാണ് റിസോർട്ട് അധികൃതർ ശ്രമിച്ചതെന്ന് ആരോപണം ഉയർന്നിരുന്നു.  

 

ദേവികുളം എം.എൽ.എ എസ് രാജേന്ദ്രന് പ്രത്യേക താല്പര്യമുള്ള റിസോർട്ടാണ് പ്ലം ജൂഡി. ഉരുൾപൊട്ടൽ മേഖലയിൽ പ്രവർത്തിക്കുന്ന റിസോർട്ട് അടച്ച് പൂട്ടേണ്ട ആവശ്യമില്ലെന്നാണ് എസ്.രാജേന്ദ്രൻ എം .എൽ .എ പറഞ്ഞത് . ഉരുൾപൊട്ടലിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ റിസോര്‍ട്ട് അടച്ചുപൂട്ടുവാന്‍ നിര്‍ദേശിച്ചിരുന്നു. റിസോർട്ട് അടച്ച് പൂട്ടേണ്ടതില്ലെന്നും, മണ്ണിടിച്ചിലൊക്കെ ഇടുക്കിയിൽ സാധാരണമാണെന്നുമായിരുന്നു എം.എൽ.എയുടെ പ്രതികരണം. പ്രളയനാന്തര കേരളം പുനർനിർമ്മിക്കുന്നത് ചർച്ച ചെയ്യാൻ ചേർന്ന പ്രത്യേക നിയമ സഭാ യോഗത്തിലും പ്ലം ജൂഡിയെ കുറിച്ച് പറയാനായിരുന്നു എം.എൽ.എ ശ്രമിച്ചത്.

 

പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി തുരങ്ക നിര്‍മ്മാണം നടക്കുന്ന മേഖലയിലാണ് പ്ലം ജുഡി റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നത്. നേരത്തെയും ഇവിടെ പാറക്കഷണങ്ങള്‍ അടര്‍ന്നുവീണ് അപകടം ഉണ്ടായിട്ടുണ്ട്.  ആദ്യ തവണ ഉണ്ടായ അപകടത്തില്‍ റിസോര്‍ട്ടില്‍ പാര്‍ക്കുചെയ്തിരുന്ന മൂന്ന് വാഹനങ്ങള്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. ഇതൊടെയാണ് റിസോർട്ട്  അടച്ചൂപൂട്ടാന്‍ ഉത്തരവിട്ടത്.പിന്നീട് ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവ് മറികടന്ന് റിസോർട്ട് പ്രവർത്തനം ആരംഭിച്ചത്. 

 

 
കഴിഞ്ഞ വർഷം ആഗസ്റ്റ് ആറിന്‌ വലിയ പാറകൾ റിസോർട്ടിലേക്ക് ഇടിഞ്ഞു വീണിരുന്നു. റിസോർട്ടിന്റെ വെറും 150 മീറ്റർ അകലെയാണ് പാറ വീണത്. ഇതിനെ തുടർന്ന് റിസോർട്ട് അടച്ച് പൂട്ടാൻ ജില്ലാ കളക്ടർ നൽകിയ നോട്ടീസ് റിസോർട്ട് അധികൃതർ അവഗണിക്കുകയും സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ ആക്രമിക്കുകയും ചെയ്തു. മാർച്ച് 13 ന് പാറയിടിഞ്ഞു  വീണ് നിരവധി വാഹനങ്ങൾ തകരുകയും ചെയ്തിരുന്നു.

 

പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചാണ് നിരന്തരം പാറ ഇടിഞ്ഞു വീഴുന്ന സ്ഥലത്ത് റിസോർട്ട് നിർമ്മിച്ചിരിക്കുന്നതെന്നും റിസോർട്ടിന് അനുമതി നൽകാനാവില്ലെന്നും കഴിഞ്ഞ വർഷം സർക്കാർ കോടതിയെ അറിയിച്ചിരുന്നു. പ്ലംജുഡി റിസോര്‍ട്ട് അടച്ചുപൂട്ടാന്‍ നേരത്തെ ദേവികുളം സബ് കലക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ പിന്നീട് ഹൈക്കോടതിയിടപെടലിനെ തുടര്‍ന്നാണ് റിസോര്‍ട്ട് വീണ്ടും പ്രവര്‍ത്തിച്ചത്.പരിസ്ഥിതി ലോല പ്രദേശത്തെ നിര്‍മ്മാണം നിയമലംഘനമാണെന്ന് കാണിച്ചായിരുന്നു റിസോര്‍ട്ടിനെതിരെ  നടപടിയെടുത്തത്. 

 
കൃഷി ആവശ്യത്തിന് മാത്രമായുള്ള ഭൂമിയിലാണ് റിസോർട്ട് പ്രവർത്തിക്കുന്നതെന്നും, റവന്യൂ വകുപ്പിൽ നിന്ന് അനുമതി വാങ്ങിയിട്ടില്ലെന്നും കഴിഞ്ഞ സെപ്റ്റംബറിൽ സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment