പരിസ്ഥിതി പ്രവർത്തകർക്ക് നേരെ ക്വാറി മാഫിയയുടെ വധശ്രമം




കോഴിക്കോട് കൂടരഞ്ഞിയിൽ പരിസ്ഥിതി പ്രവർത്തകർക്ക് ക്വാറി മാഫിയയുടെ ക്രൂര മർദ്ദനം. കൂടരഞ്ഞി മരഞ്ചാട്ടിയിൽ ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം ഉണ്ടായത്. സമീപത്ത് പ്രവർത്തിക്കുന്ന ക്രഷർ യൂണിറ്റിനെതിരെ സമരം ചെയ്തു വരുന്ന കൂരപ്പള്ളി ബാബു, പി.കെ ബഷീർ എന്നിവർക്കാണ് ക്രൂരമർദ്ദനമേറ്റത്. മർദ്ദനമേറ്റ ഇവർ മണിക്കൂറുകളോളം റോഡിൽ കിടന്നു. പിന്നീട് മുക്കത്ത് നിന്ന് പോലീസ് സംഘമെത്തിയാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. മർദ്ദനത്തിൽ ഇരുവർക്കും ശരീരമാസകലം പരിക്കുണ്ട്. ഇനി ക്വാറിക്കെതിരെ ശബ്ദിച്ചാൽ കൊന്നു കളയുമെന്ന് അക്രമിസംഘം ഭീഷണിപ്പെടുത്തിയതായും ഇവർ പറയുന്നു. 

 

രാവിലെ വീട്ടിൽ നിന്ന് വരുന്ന വഴിക്കാണ് ബാബുവിനെ ക്രഷറിലെ ടിപ്പർ തൊഴിലാളികൾ ചേർന്ന് മർദ്ദിച്ചത്. ഇത് കണ്ടു കൊണ്ട് വന്ന ബഷീർ ബാബുവിനെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതോടെ അക്രമികൾ ബഷീറിന് നേരെയും തിരിയുകയായിരുന്നു. തൊട്ടടുത്ത് പ്രവർത്തിക്കുന്ന പൂനൂർ പൊയിൽ ക്രഷർ യൂണിറ്റിലെ ടിപ്പർ തൊഴിലാളികളാണ് അക്രമത്തിന് പിന്നിൽ. ക്രഷറിനെതിരെ നിരവധി തവണ ഇവർ പരാതികൾ നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് തങ്ങളെ വധിക്കാൻ ശ്രമിച്ചതിന് പിന്നിലെന്ന് ബാബുവും ബഷീറും പറയുന്നു. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment