പക്ഷി മനുഷ്യന്റെ പിറന്നാൾ ഓർമ്മയിൽ...
പ്രകൃതിയുടെ വാനം പാടികൾക്കായി സ്വന്തം ജീവിതം മാറ്റി വെച്ച സാലീം അലിയുടെ ജന്മദിനത്തെ (Nov. 12), ദേശീയ പക്ഷി നിരീക്ഷണ ദിനമായി  ആഘോഷിച്ചു വരുന്നു. അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ പക്ഷികളെ അടുത്തറിയുവാനും  പ്രകൃതി സ്നേഹത്തിനും അടിത്തറയിട്ടു. ഒരു കുരുവിയുടെ പതനം  അദ്ദേഹത്തിന്റെ ആത്മ കഥയാണ്. മുംബെയിൽ ജനിച്ച ,പക്ഷി ശാസ്ത്രത്തിൽ നാഷണൽ പ്രൊഫസറായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തെ വിവിധ സർവകലാശാലകൾ ഡോക്ടറേറ്റ് നൽകി ആദരിച്ചു. തന്റെ പക്ഷി നിരീക്ഷണ ഇടമായി കേരളത്തെ തെരഞ്ഞെടുത്ത സാലീം അലി സംസ്ഥാനത്തിന്റെ ചരിത്രത്തിന്റെ ഭാഗമായി മാറുകയായിരുന്നു ലാറി ബെക്കറെ ഓർമ്മിപ്പിക്കും വിധം. 


പക്ഷി മനുഷ്യൻ എന്നു പിൽക്കാലത്ത്  അറിയപ്പെട്ട അദ്ദേഹം, കുട്ടിക്കാലത്ത് കുരുവികളെ വെടിവെച്ചിടുക വിനോദമാക്കിയിരുന്നു. വീട്ടിലെ തൊഴുത്തിൽ വാസമുറപ്പിച്ചിരുന്ന കുരുവികളെ വെടിവെച്ചിടുന്നതിനിടയിൽ ഒരു പെൺകുരുവി മുട്ടയിട്ട്‌ അടയിരിക്കുന്നതായും ഒരു ആൺ കുരുവി അതിനു കാവലിരിക്കുന്നതായും സാലിം കണ്ടെത്തി, ആൺ കുരുവിയെ സാലിം വെടിവെച്ചിട്ടു, മണിക്കൂറുകൾക്കുള്ളിൽ പെൺ കുരുവി മറ്റൊരു ആൺ കുരുവിയെ സമ്പാദിച്ച്‌ തത്സ്ഥാനത്ത്‌ ഇരുത്തി, അങ്ങനെ എട്ട്‌ ആൺ കുരുവികളെ സാലിം വെടിവെച്ചിട്ടെങ്കിലും പെൺകുരുവി ഒമ്പതാമൊരു ഇണയെ കണ്ടെത്തുകയാണുണ്ടായത്‌. സാലിം തന്റെ ഡയറിയിൽ ഈ വിവരങ്ങൾ  കുറിച്ചിട്ടു. സാലിം അലി എന്ന പക്ഷിശാസ്ത്രജ്ഞന്റെ ആദ്യ നിരീക്ഷണരേഖകളാണവ.

 


പന്ത്രണ്ടാം വയസ്സിൽ വെടിവെച്ചിട്ട കുരുവിയുടെ കഴുത്തിൽ ഒരു മഞ്ഞ അടയാള മുണ്ടായിരുന്നു. തിന്നാൻ പറ്റിയ മാംസമാണോ ഇതെന്ന സംശയവുമായി  ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയിലെ (BNHS) മില്യാഡ്‌ സായ്പിന്റെ അടുത്തേക്ക്‌ എത്തിയ സാലീം അലി വെടിവെച്ചു വീഴ്ത്തിയ പക്ഷി മഞ്ഞത്താലി (Yellow throated sparrow- Petronia xanthocollis) ആണെന്ന് തിരിച്ചറിഞ്ഞു. സായിപ്പ് അലിയെ  പരീക്ഷണ മുറികളിലേക്കു കൊണ്ടുപോയി പലതരം കുരുവികളേയും അവയുടെ വ്യത്യാസങ്ങളും കാണിച്ചുകൊടുത്തു, നിരവധി അറകൾ തുറന്ന് ഭാരതത്തിലെ നിരവധി പക്ഷികളേയും പരിചയപ്പെടുത്തി.സാലിം അലി എന്ന ലോകപ്രസിദ്ധനായ പക്ഷിശാസ്ത്രജ്ഞൻ തന്റെ പ്രവർത്തനങ്ങൾ അവിടെ നിന്നാരംഭിച്ചു.


1935-ൽ  തിരുവിതാംകൂർ, കൊച്ചി ഭാഗങ്ങളിലെ പക്ഷികളെ കുറിച്ച്‌ പഠിക്കാനുള്ള ഒരു പദ്ധതി തിരുവിതാംകൂർ സർക്കാർ തയ്യാറാക്കുകയും സാലിം അലിയെ ഈ പഠനത്തിനു വേണ്ടി നിയോഗിക്കുകയും ചെയ്തു. അദ്ദേഹം മറയൂർ ഭാഗത്ത് നിരീക്ഷണങ്ങൾ തുടങ്ങി.ചാലക്കുടി, പറമ്പിക്കുളം, കുരിയാർ കുട്ടി തുടങ്ങിയ സ്ഥലങ്ങളിൽ എത്തി.കുരിയാർ കുട്ടിയിലെ ചെറിയ ഒരു സത്രത്തിലിരുന്നാണ്‌ കേരളത്തിലെ പക്ഷിശാസ്ത്രത്തിന്റെ ആരംഭം കുറിച്ചത്‌, അദ്ദേഹത്തിന്റെ ജീവിത പങ്കാളി തെഹ്മിന വിവരങ്ങൾ രേഖപ്പെടുത്തി.തുടർന്ന് തട്ടേക്കാടെത്തി അവിടുത്തെ പക്ഷി സമ്പത്തിനെകുറിച്ച്‌ തിരിച്ചറിയുകയും പ്രദേശത്തെ സംഭരണകേന്ദ്രം (Collection center) ആയി തിരഞ്ഞെടുക്കുകയും ചെയ്തു. മൂന്നാർ,കുമളി,  ചെങ്കോട്ട, അച്ചൻകോവിൽ മുതലായ സ്ഥലങ്ങളിൽ പഠനം തുടർന്നു. നിരീക്ഷണങ്ങൾ പരിഷ്കരിച്ച്‌ കേരളത്തിലെ പക്ഷികൾ എന്ന പേരിൽ പുസ്തകം പുറത്തിറക്കുകയുണ്ടായി.പക്ഷി നിരീക്ഷകയായിരുന്ന ഇന്ദിരാ ഗാന്ധിയുടെ പ്രിയപ്പെട്ട പുസ്തകങ്ങളിൽ പലതും സലീം അലി രചിച്ചവയായിരുന്നു.

 


ഭരത്പൂർ വനങ്ങളെ വന്യജീവി സന്ങ്കേതമാക്കി മാറ്റാനും സൈലന്റ് വാലി കാടുകളെ സംരക്ഷിക്കാനും അദ്ദേഹം പരിശ്രമിച്ചു.അനേകം പക്ഷികളുടെ മരണത്തിന് കാരണമായ കന്നുകാലി മേയാൽ ഭരത്പൂർ വന്യ ജീവി സങ്കേതത്തിൽ നിന്നും ഇല്ലായ്മ ചെയ്തത് വഴി പരിസ്ഥിതി സംരക്ഷകനെന്ന നിലയിലും അദ്ദേഹം അറിയപെട്ടു. തൊന്നൂറ്റി ഒന്നാം വയസ്സിൽ (1987) ൽ സാലിം മുഇസുദ്ദീൻ അബ്ദുൾ അലി അന്തരിച്ചു.


കേരളം നേരിടുന്ന വൻ പാരിസ്ഥിതിക ദുരന്തങ്ങളുടെ പ്രഥമ ഇരകൾ നമ്മുടെ പക്ഷികൾ തന്നെ.അതിനുള്ള കാരണങ്ങളിൽ കാലാവസ്ഥ വ്യതിയാനം വലിയ പങ്കു വഹിക്കുന്നു.കാലാവസ്ഥാ വ്യതിയാനത്താൽ ഓരോ സമയത്തും പക്ഷികൾക്കു ലഭിക്കേണ്ട ഭക്ഷണത്തിന്റെ സ്വഭാവത്തിലും അളവിലും ഉണ്ടാകുന്ന മാറ്റം പക്ഷികളെ പൊതുവേയും ദേശാടന പക്ഷികളെ പ്രത്യേകിച്ചും  ബുദ്ധിമുട്ടിച്ചു വരുന്നു. അന്യ ദേശക്കാരായ ജീവികളുടെ വർദ്ധിച്ച സ്വാധീനം (invasive species) പക്ഷികളുടെ പ്രജനനത്തിന് തടസ്സം നിൽക്കുന്നു. വനനശീകരണം, ചതുപ്പു നിലങ്ങളും കണ്ടൽ കാടുകളുടെ നാശവും പാടം നികത്തൽ എന്നിവ പക്ഷികൾക്കു ഭീഷണിയാണ്. പെട്രൂളിയം വിഭവങ്ങൾ കടലിൽ ഒഴുകി എത്തുന്നതും മലിന വസ്തുക്കൾ നിറഞ്ഞ നദിയും മറ്റും പ്രതിസന്ധികളാണ്. ജനിത വിത്തുകളുടെ വ്യാപനം പക്ഷികളുടെ പ്രജനത്തിന് തടസ്സമായിക്കഴിഞ്ഞു.കാറ്റാടി യന്ത്രങ്ങൾ പക്ഷികളെ ഭയപ്പെടു ത്തുകയാണ്. പ്ലാസ്റ്റിക്കുകളുടെ വർദ്ധിച്ച സ്വാധീനം പക്ഷികൾക്ക് വലിയ ദുരിതങ്ങൾ സമ്മാനിച്ചു വരുന്നു.250 തരം പക്ഷികളെ പരിശോധനക്കു വിധേയമാക്കിയപ്പോൾ  63 തരം പക്ഷികളുടെ വയറ്റിൽ നിന്നും പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങൾ കണ്ടെത്തിയതായി ശാസ്ത്രജ്ഞന്മാർ പറയുന്നു. 

 


പക്ഷികൾ അനുഭവിക്കുന്ന പ്രതികൂലമായ സാഹചര്യങ്ങളിൽ ഒട്ടുമിക്കതും കേരളത്തിലും സജ്ജീവമാണ്. ഈ സാഹചര്യങ്ങളെ ഗൗരവതരമായി പരിഗണിക്കുവാൻ കേരളത്തിന് ഇനി എങ്കിലും കഴിയുമോ എന്ന ചോദ്യം സാലീം അലി എന്ന ലോകോത്തര പക്ഷി നിരീക്ഷകന്റെ വാർഷിക ജന്മദിനത്തിൽ  പ്രസക്തമാണ്.


സാലീം അലിയുടെ പുസ്തകങ്ങൾ


The book of Indian Birds (1941), Indian Hill Birds (1949),
The Birds of Kuch (1945), The Birds of Kerala, The Birds of Sikkim, 
Hand book of the birds of India and Pakistan Common Birds (1967),
Field guid to the birds of Eastern Himalayas, The fall of a Sparrow (ആത്മകഥ)

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment