പുനർനിർമ്മാണത്തിന് പാർശ്വവത്കൃത ജനകീയ ബദൽ ; ദ്വിദിന ശിൽപ്പശാല സംഘടിപ്പിക്കുന്നു




കേരളം പുനർനിർമ്മിക്കുമ്പോൾ ആദിവാസി ദളിത് മത്സ്യത്തൊഴിലാളി കർഷക വിഭാഗങ്ങളെ കൂടി ഉൾക്കൊള്ളുന്ന വികസന നയം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദ്വിദിന ശിൽപ്പശാല സംഘടിപ്പിക്കും. പുനരധിവാസ പ്രവർത്തനങ്ങൾക്കുള്ള വികസന നയത്തിനുള്ള ജനകീയ മാർഗ്ഗരേഖ തയ്യാറാക്കാനാണ് സെപ്റ്റംബർ 15,16 തീയതികളിലായി എറണാകുളം ശിക്ഷക് സദനിൽ ശിൽപ്പശാല സംഘടിപ്പിക്കുന്നതെന്ന് ശില്പശാല കോർഡിനേറ്റർമാരായ എം.ഗീതാനന്ദൻ, പി.ജി ജനാർദ്ദനൻ എന്നിവർ അറിയിച്ചു. പ്രളയക്കെടുതി കേരളത്തിന്റെ പ്രകൃതിയിൽ ഏൽപ്പിച്ച ആഘാതം ഏവരുടെയും കണ്ണ് തുറപ്പിക്കുന്നതാണ്. വികസനത്തിന്റെ പേരിൽ പശ്ചിമഘട്ടത്തിനും, കുന്നുകൾക്കും, നെൽവയൽ തണ്ണീർ തടങ്ങൾക്കും, കടൽ കായൽ തീരപ്രദേശങ്ങൾക്കും ഏൽപ്പിച്ച ആഘാതം വൻതോതിൽ ഉരുൾപൊട്ടലിനും പ്രളയത്തിനും കാരണമായിട്ടുണ്ട്. വികസനത്തിന്റെ പേരിൽ നടത്തിക്കൊണ്ടിരുന്ന വിനാശത്തിനെതിരെ ദശകങ്ങളായി സാധാരണ ജനങ്ങളും പരിസ്ഥിതി സംരക്ഷകരും ഉയർത്തിക്കൊണ്ടിരുന്ന പ്രതിഷേധങ്ങൾ സർക്കാരിന്റെ കണ്ണ് തുറപ്പിച്ചിരുന്നില്ല. 

 

പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മിതിക്കായി വൻതോതിൽ വിഭവസമാഹരണം നടത്തുന്നുണ്ടെങ്കിലും നിർമ്മാണ ലോബികളെയും, മാഫിയ മൂലധന ശക്തികളെയും, ധനകാര്യ സ്ഥാപനങ്ങളെയും ശക്തിപ്പെടുത്തുന്ന വികസന പാതയാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് ന്യായമായും സംശയിക്കുന്നതെന്ന് സംഘാടക സമിതി പറയുന്നു. ലോകബാങ്ക്,എ.ഡി.ബി തുടങ്ങിയ ധനകാര്യ സ്ഥപനങ്ങളും മറ്റു ധനകാര്യ ഏജൻസികളും പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ കടന്നു വരുന്നതിനെയും സംശയത്തോടെ നോക്കിക്കാണണം. 

 

കേരള മോഡൽ വികസനം ആദിവാസികൾ, ദളിതർ, മൽസ്യത്തൊഴിലാളികൾ, തോട്ടം തൊഴിലാളികൾ, കർഷകർ എന്നിവർക്ക് ദുരന്തം  മാത്രമേ സമ്മാനിച്ചിട്ടുള്ളൂ. വനം,തണ്ണീർത്തടങ്ങൾ, വയലുകൾ, തീരപ്രദേശം എന്നിവയെ ഉപജീവനത്തിനായി ആശ്രയിച്ചിരുന്ന ജനവിഭാഗങ്ങളെ വിഭവാധികാരത്തിൽ നിന്ന് മുറിച്ച് മാറ്റി, ജാതിക്കോളനികളിലും, ചേരികളിലും തളച്ചിടുകയാണ് വികസനത്തിന്റെ [പേരിൽ ചെയ്തത്. കാട്വെട്ടിത്തെളിച്ചും, പശ്ചിമഘട്ടം തുരന്നും, ക്വാറികൾ സ്ഥാപിച്ചും, മണൽ വാരിയും, വ്യാജരേഖകളിലൂടെ പൊതുഭൂമി എസ്റ്റേറ്റുകളാക്കി പിപ്രകൃതിയെ നശിപ്പിച്ച ഹാരിസൺ ടാറ്റ മുതലാളിമാരെ സംരക്ഷിച്ചും, വയലുകളിലും,കുന്നുകളിലും വിമാനത്താവളം സ്ഥാപിച്ചുമാണ് വികസന ഭീകരത കേരളത്തിന് മേൽ അടിച്ചേല്പിച്ചത്. 

 

പരിസ്ഥിതിയെ സംരക്ഷിക്കുന്ന ദളിത്-ആദിവാസി-മൽസ്യത്തൊഴിലാളി-കർഷക വിഭാഗങ്ങളെ ഉൾക്കൊള്ളുന്ന പുനർനിർമ്മാണ നയം നടപ്പിലാക്കാനുള്ള രാഷ്ട്രീയ ഇടപെടലാണ്  ഇപ്പോൾ വേണ്ടതെന്നും പ്രസ്താവനയിൽ പറയുന്നു. ഈ വിഭാഗങ്ങളുടെ സാങ്കേതിക വിദ്യകളെയും പരമ്പരാഗത അറിവുകളെയും സംരക്ഷിക്കുകയും, അവരുടെ വിഭവാധികാരം പുനഃസ്ഥാപിക്കുകയും ചെയ്ത് പരിസ്ഥിതിയെ നിലനിർത്തുന്നതിലൂടെ മാത്രമേ കേരളത്തെ പുനർ നിർമ്മിക്കാനാവൂ. 

 

ഡാം മാനേജ്‌മെന്റിനെ കുറിച്ച് വിദഗ്ധ സമിതി പഠനം നടത്തുക, കാലഹരണപ്പെട്ട ഡാമുകൾ ഡീക്കമ്മീഷൻ ചെയ്യുക, നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക, നെൽവയൽ നീർത്തട നിയമഭേദഗതി റദ്ദാക്കുക, ഗാഡ്ഗിൽ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ പരിഗണിക്കുക, കുട്ടനാടിനെ സംരക്ഷിക്കാൻ തണ്ണീർമുക്കം ബണ്ടും തോട്ടപ്പള്ളി സ്പിൽവേയും തുറന്നിടുക, പരിസ്ഥിതി പുനഃസ്ഥാപനം ഗ്രാമസഭകളുടെ അവകാശത്തിൽ കൊണ്ട് വരിക, ആദിവാസി വനാവകാശ നിയമവും, പെസ ആക്ടും നടപ്പിലാക്കുക, ഹാരിസൺ ടാറ്റ എസ്റ്റേറ്റുകൾ ഏറ്റെടുത്ത് ഭൂരഹിതരായ ദളിത് ആദിവാസി തോട്ടം തൊഴിലാളികൾക്ക് നൽകുക, മൽസ്യത്തൊഴിലാളികളുടെ കടലാവകാശം അംഗീകരിക്കുക തുടങ്ങിയ ജനകീയ ആവശ്യങ്ങളും ശില്പശാലയിൽ ചർച്ചയ്ക്ക് വരും. 

 

പ്രളയക്കെടുതിക്ക് ശേഷവും ദളിത്-ആദിവാസി-മൽസ്യത്തൊഴിലാളി വിഭാഗങ്ങൾ വിവേചനം നേരിടുന്നുണ്ട്. പാർശ്വവത്കൃതർക്ക് പ്രത്യേക പാക്കേജ് പുനരധിവാസത്തിന്റെ ഭാഗമായി പരിഗണിക്കപ്പെടുന്നില്ല. ഓരോ വിഭാഗത്തിനുമുള്ള പ്രത്യേക പാക്കേജ് മിഷൻ മാതൃകയിൽ നടപ്പിലാക്കണമെന്നും ആവശ്യം ഉയരുന്നു. കേരളത്തെ പുനർനിർമ്മിക്കാനുള്ള ഒരു പാർശ്വവത്കൃത ജനകീയ ബദൽ സർക്കാരിന് സമർപ്പിക്കുകയാണ് ശില്പശാലയുടെ ലക്‌ഷ്യം. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment