വെളിയം ഭൂമി തട്ടിപ്പ് ; സർക്കാർ ഭൂമി ക്രഷർ ഉടമയ്ക്ക് വിട്ടു നല്കാൻ പഞ്ചായത്തിന്റെ ഒത്തുകളി
വിവാദമായ വെളിയം ഭൂമി തട്ടിപ്പിൽ ഉൾപ്പെട്ട സർക്കാർ ഭൂമി ക്രഷർ മാഫിയക്ക് വിട്ടു കൊടുക്കാൻ വേണ്ടി വെളിയം പഞ്ചായത്ത് ഒത്തുകളിക്കുന്നതായി ആരോപണം. സ്വകാര്യ വ്യക്തികൾ കൈവശപ്പെടുത്തിയെന്ന് വിജിലൻസ് കണ്ടെത്തിയ ഭൂമിയിൽ തുടങ്ങാനിരിക്കുന്ന വൻകിട ക്രഷർ യൂണിറ്റിന് വേണ്ടിയാണ് കോടതിയിൽ പഞ്ചായത്ത് നിലപാട് സ്വീകരിക്കുന്നത്. രേഖകൾ എല്ലാം ഉണ്ടായിട്ടും ക്രഷറിന് അനുമതി നൽകുന്നില്ല എന്ന് കാണിച്ച് പഞ്ചായത്ത് കമ്മിറ്റിക്കെതിരെ ക്രഷർ ഉടമകൾ നൽകിയ കേസിലാണ് പഞ്ചായത്ത് സെക്രട്ടറിയുടെ ഒത്തുകളിയെന്ന് മാലയിൽ മലപ്പുത്തൂർ സമരസമിതി നേതാവ് അഡ്വക്കേറ്റ് വി.കെ സന്തോഷ്‌കുമാർ പറഞ്ഞു. 

 

വിവരാവകാശ രേഖ നൽകാതെ സെക്രട്ടറിയുടെ ഒളിച്ചുകളി 

 

പഞ്ചായത്തിന് എതിരായ കേസായിട്ട് പോലും ക്രഷർ ഉടമകൾക്ക് അനുകൂലമായ നിലപാടാണ് പഞ്ചായത്തിന് വേണ്ടി ഹാജരായ സ്റ്റാൻഡിങ് കൗൺസൽ കോടതിയിൽ സ്വീകരിക്കുന്നതെന്ന് സന്തോഷ്‌കുമാർ പറയുന്നു. വിജിലൻസ് അന്വേഷണത്തിൽ വ്യാജരേഖകൾ ചമച്ച് സ്വകാര്യ വ്യക്തി തട്ടിയെടുത്തതാണെന്ന് വ്യക്തമാവുകയും, ലാൻഡ് റവന്യൂ ബോർഡ് തരംമാറ്റിയതിനാൽ തിരിച്ച് പിടിക്കണമെന്ന് ഉത്തരവിടുകയും ചെയ്ത ഭൂമിയായിട്ടും, ഈ ഭൂമി സർക്കാർ ഭൂമി ആണെന്നതിന് രേഖകൾ ഒന്നും പഞ്ചായത്തിൽ ലഭ്യമല്ല എന്ന് കാണിച്ച് പഞ്ചായത്ത് സെക്രട്ടറി ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഇത് മനസിലാക്കിയ സമരസമിതി പ്രവർത്തകർ 15 ദിവസം മുൻപ് വിവരാവകാശ നിയമപ്രകാരം ക്രഷറിന് അനുമതി നൽകിയ രേഖകൾ ആവശ്യപ്പെടുകയും, ഇന്ന് കോടതി കേസ് പരിഗണിക്കുന്ന സാഹചര്യത്തിൽ കോടതിയിൽ നൽകാനെന്ന് ചൂണ്ടിക്കാട്ടി ഇന്നലെ രാവിലെ മറ്റൊരു വിവരാവകാശ അപേക്ഷ കൂടി നൽകുകയും ചെയ്‌തെങ്കിലും, സെക്രട്ടറി വിവരങ്ങൾ നല്കാൻ തയ്യാറാകാതെ തന്ത്രപരമായി മാറി നിൽക്കുകയാണെന്നും ഇത് ക്രഷർ മാഫിയയെ സഹായിക്കാൻ ആണെന്നും അഡ്വ. സന്തോഷ്‌കുമാർ ആരോപിക്കുന്നു. 

 

കേരളം കണ്ട ഏറ്റവും വലിയ ഭൂമി തട്ടിപ്പ് കേസിനെ പോലും നിയമപരമായി ബാധിച്ചേക്കാവുന്ന നിലപാടാണ് പഞ്ചായത്ത് സ്വീകരിക്കുന്നത്. ചുരുക്കം ചിലരൊഴിച്ച് എല്ലാ പഞ്ചായത്ത് അംഗങ്ങളും ക്രഷർ മാഫിയക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. പഞ്ചായത്ത് സെക്രട്ടറി ലീവിൽ ആണെങ്കിൽ അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ വിവരങ്ങൾ ലഭ്യമാക്കണമെന്നാണ് നിയമമെങ്കിലും അതൊന്നും ചെവിക്കൊള്ളാതെയാണ് പഞ്ചായത്ത് വിവരങ്ങൾ നിഷേധിക്കുന്നത്. ഇത് കേസിൽ ക്രഷർ ഉടമകളെ സഹായിക്കാൻ വേണ്ടി തന്നെയാണ്. സന്തോഷ്‌കുമാർ ആരോപിക്കുന്നു. 

 

100 കോടിയുടെ ഭൂമി തട്ടിപ്പ് 

 

വെളിയം പഞ്ചായത്തിലെ മാലയിൽ മലപ്പുത്തൂർ മലയിൽ 140 ഏക്കറോളം വരുന്ന സർക്കാർ ഭൂമി വ്യാജ രേഖകൾ ചമച്ച് കൈവശപ്പെടുത്തുകയായിരുന്നു. ഈ ഭൂമിയാണ് ക്രഷർ ഉടമകൾ പിന്നീട് വാങ്ങുകയും വമ്പൻ ക്രഷർ യൂണിറ്റ് സ്ഥാപിക്കുകയും ചെയ്തത്. എന്നാൽ ക്രഷറിനെതിരെ പ്രദേശവാസികൾ സമര രംഗത്ത് വന്നതോടെയാണ് കേരളം കണ്ട ഏറ്റവും വലിയ ഭൂമി തട്ടിപ്പുകളിൽ ഒന്നിന്റെ ചുരുളഴിഞ്ഞത്. ഈ ഭൂമിയുടെ രേഖകൾ അന്വേഷിച്ച് പോയ സന്തോഷ്‌കുമാറും സമരസമിതിയും സുദീഘമായ നിയമപോരാട്ടത്തിലൂടെ തട്ടിപ്പ് പുറത്ത് കൊണ്ട് വന്നു. വിജിലൻസ് നടത്തിയ അന്വേഷണത്തിൽ റവന്യൂ രേഖകൾ വ്യാപകമായി അട്ടിമറിച്ച് വില്ലേജ് ഓഫീസർ, സബ് രജിസ്ട്രാർ, തഹസിൽദാർ തുടങ്ങിയ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടന്ന 100 കോടി രൂപയ്ക്ക് മുകളിലുള്ള തട്ടിപ്പാണിതെന്ന് തെളിഞ്ഞിരുന്നു. ഈ ഭൂമിയിൽ വീണ്ടും ക്രഷർ നടത്താനുള്ള  ക്രഷർ മാഫിയയുടെ നീക്കത്തിന് ഒത്താശ ചെയ്യുന്ന നിലപാടാണ് പഞ്ചായത്ത് സ്വീകരിക്കുന്നത്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment