പറക്കമുറ്റാത്ത ആ പക്ഷികുഞ്ഞുങ്ങളെ ചുട്ടെരിച്ചിട്ട് നിങ്ങൾ എന്താണ് നേടിയത്?
പാലക്കാട്: ഭാരതപ്പുഴയിൽ ഷൊർണൂർ മായന്നൂർ ഭാഗത്തെ കാടുകൾ തീയിട്ടവർ കൊന്നത് നിരവധി ജീവനുകളെ. ഭാരതപ്പുഴയിൽ വളർന്ന നിൽക്കുന്ന പുൽക്കാടുകൾ തീയ്യിട്ട സാമൂഹ്യവിരുദ്ധരുടെ നടപടിയിൽ വെന്ത് ഇല്ലാതായത് ദേശാടന പക്ഷികളിൽ ഏറ്റവും ഭംഗിയുള്ള കുങ്കുമ കുരുവികൾ. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നത്.


മായന്നൂർ പാലത്തിന് ചുവടെയാണ് ഈ ക്രൂരത നടന്നത്. ദേശാടന പക്ഷികളിൽ ഏറ്റവും ഭംഗിയുള്ള പറക്കമുറ്റാത്ത ഈ ചെറുപക്ഷികളുടെ കൂടുകളാണ് തീയിട്ട് നശിപ്പിച്ച നിലയിൽ കണ്ടത്. ഫോട്ടോഗ്രാഫർമാരുടെ ഇഷ്‌ട ഇടം കൂടിയാണ് ദേശാടന പക്ഷികൾ ഏറെ എത്തുന്ന ഇവിടം. എന്നാൽ, ഇതേ പ്രദേശത്ത് മദ്യപിക്കാനും നിരവധി ആളുകൾ എത്താറുണ്ട്. ഫോട്ടോഗ്രാഫർമാർ എത്തുന്നത് മദ്യപ സംഘത്തിന്റെ സ്വൈര്യ വിഹാരത്തിന് തടസമാകാറുണ്ട്. 


ഇതിന്റെ ദേഷ്യത്തിൽ, ഫോട്ടോഗ്രാഫർമാർ ആ സ്ഥലത്തേക്ക് ഇനി വരാതാരിക്കാനാണ് ഇവിടം തീയിട്ട നശിപ്പിച്ചതാണ് ലഭ്യമാകുന്ന വിവരം. ഇവിടെ കൂടി കൂട്ടിയിരുന്ന പക്ഷികളും ഈ തീയിൽ വെന്ത് ഇല്ലാതാവുകയായിരുന്നു. ഫോട്ടോ എടുക്കാനെത്തിയ സംഘം തന്നെയാണ് ഈ വേദനിപ്പിക്കുന്ന ചിത്രം എടുത്തത്. അതേസമയം, പക്ഷികൾ മാത്രമല്ല, ചെറു പ്രാണികൾ മുതൽ പാമ്പും മറ്റു ചെറു ജീവികളും ഇത്തരം തീയിൽ പെട്ട ഇല്ലാതാകുന്നുണ്ട്. മനുഷ്യന് മാത്രമല്ല ജീവനുള്ളത്, ഈ ഭൂമി മനുഷ്യന്റേത് മാത്രവുമല്ല. ഈ ഭൂമി നിലനിൽക്കണമെങ്കിൽ മനുഷ്യൻ മാത്രം ഉണ്ടായാലും പോരാ. ഓരോ സൂക്ഷ ജീവികൾക്ക് പോലും ഈ മണ്ണിൽ അവകാശമുണ്ട്. നമ്മൾ എന്നാണ് ഇതൊക്കെ പഠിക്കുക. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment