വികസനകാലത്തെ ഹരിത രക്തസാക്ഷികൾ




കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ പരിസ്ഥിതിക്കും തദ്ദേശവാസികളുടെ നിലനിൽപ്പിനും വേണ്ടി നടന്ന സമരങ്ങളിൽ കൊല്ലപ്പെട്ടവരുടെ കണക്കുകൾ നിരത്തി വ്യവസായത്തിന്റെ മാറിയ പ്രവണതകൾക്കെതിരെ വിരൽ ചൂണ്ടുകയാണ് ദ ഗാർഡിയനുൾപ്പടെയുള്ള മാധ്യമങ്ങൾ. 


തൂത്തുക്കുടിയിൽ വേദാന്തയ്ക്കുവേണ്ടി ഗവൺമെൻറ് കൊലപ്പെടുത്തിയ 13 പേരുൾപ്പടെ 50 പേരാണ് കഴിഞ്ഞവർഷം ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ നടന്ന  ജനകീയ സമരങ്ങളിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ മൂന്നുവർഷങ്ങളിലായി ലോകത്തോട്ടാകെ 580 ലധികം പരിസ്ഥിതി -സാമൂഹിക പ്രവർത്തകർ കൊല്ലപ്പെട്ടിരുന്നു. 2017 ൽ 200 ഓളം പേരാണ് കൊല്ലപ്പെട്ടത്. മുൻ വർഷങ്ങളിലാകട്ടെ 201 ,197 എന്നിങ്ങനെയാണ് ഉന്മൂലനത്തിന്റെ കണക്കുകൾ.


കഴിഞ്ഞവർഷം കോംഗോയിലെ വിരുഗ നാഷണൽ പാർക്കിൽ 7 ഫോറസ്ററ് ഗാർഡുമാർ മരിച്ച സംഭവം ലോകത്തെ നടുക്കിയ ഒന്നായിരുന്നു .മൗണ്ടൻ ഗൊറില്ലകളെ സംരക്ഷിക്കുന്ന ഇവിടെ കഴിഞ്ഞ ഇരുപതുകൊല്ല ത്തിനുള്ളിൽ മരിച്ചത് 170 ഫോറസ്ററ് റെയ്ഞ്ചർ മാരാണ്. ചാർക്കോൾ നിർമ്മാണക്കമ്പനിയും പ്രാദേശിക മാഫിയകളുമായിരുന്നു ഇതിനുപിന്നിൽ.


ഫ്യുഡൽ  വ്യവസ്ഥിതിയിൽ നിന്ന് മുന്നോട്ടുപോയി മനുഷ്യൻ തൊഴിലാളിയും ഫാക്ടറികൾ പുതിയ തൊഴിൽ ഭൂമികയുമായി രൂപപ്പെട്ടപ്പോൾ പുകക്കുഴലുകളും ഓവുചാലുകളും തൊഴിൽ രംഗത്തെ കൊടിയ ചൂഷണവും പുത്തൻ പ്രഹേളികകളായി മാറി കൊണ്ടിരുന്നു. ചാപ്ലിനും ഹെൻറി തോറോയും ഗാന്ധിയും  റേച്ചൽ കഴ്സണുമൊക്കെ ഈ പ്രവണതകളിൽ ആശങ്കാകുലരായിരുന്നു. മാർക്സ് വിശാലമായ ചരിത്ര ബോധത്തിന്റെ പശ്ചാത്തലത്തിൽ ഈ പ്രവണതകളുടെ  കുരുക്കഴിച്ചു. മനുഷ്യ ചരിത്രത്തിലെ ദിശാസൂചികകളിലൊന്നായ വ്യവസായ മുന്നേറ്റത്തെ നിയന്ത്രിച്ചു മുന്നോട്ട് കൊണ്ടുപോകാൻ ശേഷിയുള്ള നിയമനിർമാണങ്ങളും പ്രക്ഷോഭങ്ങളും അതിനെത്തുടർന്നുണ്ടായി.


ആ തടുത്തുനിൽപ്പുകളെ അപ്രസക്തമാക്കുകയിരുന്നു ആഗോളവൽക്കരണ നവ ഉദാരവൽക്കരണ പ്രക്രിയകൾ . വിപണിയെ കെട്ടഴിച്ച് വിടുന്നതിലൂടെ ഉപഭോക്താവ് രാജാവാകുമെന്നായിരുന്നു അതിന്റെ അവകാശവാദം .
പക്ഷേ കാര്യങ്ങൾ പിടിവിട്ടുപോയിരിക്കുന്നു. ഭരണകൂടങ്ങളെ ഭരിക്കുന്ന കോർപ്പറേറ്റുകളും അതിസമ്പന്നന്മാരും ലാഭത്തിന്റെ പുതിയ ദേവഗണങ്ങളും ചേർന്ന് ചൂഷണത്തിന്റെ വികസനമാതൃകകൾ രൂപപ്പെടുത്തിയിരിക്കുന്നു.


ലോകത്തെ  എല്ലാ അധികാര കേന്ദ്രങ്ങളും പിന്തുടരുന്ന വികലവും മനുഷ്യത്വ വിരുദ്ധവുമായ നയങ്ങളെ ചോദ്യം ചെയ്യപ്പെടുമ്പോൾ അടിച്ചമർത്തത്തലുകൾ ഉണ്ടാകുന്നു. അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് അധികാരത്തിൽ വന്ന ആദ്യ നാളുകളിൽ തന്നെ ആഗോള താപനം വലിയ പ്രശ്നമില്ലെന്ന് അഹങ്കാരത്തോടെ പറഞ്ഞിരുന്നു. എങ്കിലും തുടർന്നുവന്ന പരിസ്ഥിതി സംരക്ഷണ സമീപനങ്ങൾ സംസ്ഥാനങ്ങളെല്ലാം പിന്തുടർന്നു .
പക്ഷെ ലോകത്തിന് മുന്നിൽ ഈ സമീപനം വെല്ലുവിളിയായിത്തുടരുന്നു.


പരിസ്ഥിതിയുടെ കാര്യത്തിൽ ആകുലതകൾ ഉള്ള ശാസ്ത്രജ്ഞന്മാർ മുന്നോട്ടുവച്ച നിഗമനങ്ങൾ കഴിഞ്ഞ കുറെ  മാസങ്ങളായി സംഭവ്യമായിക്കൊണ്ടിരിക്കുന്നു എന്നുവേണം പറയാൻ '' ഹീറ്റ് വേവ് യൂറോപ്പിനെ തകർത്തുകൊണ്ടിരിക്കയാണ്. കാനഡയിൽ എഴുപതും ഗ്രീസിലും ജപ്പാനിലും അത്രതന്നെയും പേർ മരിക്കുകയും ബ്രിട്ടനിലുൾപ്പടെ കൃഷിയെ ബാധിക്കുകയും ചെയ്തുകൊണ്ടി രിക്കുന്നു.വളരെ വർഷങ്ങൾ കൂടുമ്പോൾ സംഭവിക്കുന്ന പ്രവണതകൾ കാലാവസ്ഥാവ്യതിയാനത്തിന്റെ ഭാഗമായി പലതോതുകളിൽ സംഭവിക്കുന്നത് . ഇതിനൊക്കെ താൽക്കാലിക ശമനമുണ്ടായാൽത്തന്നെ തുടർച്ച തടഞ്ഞു നിർത്താനുള്ള ശ്രമങ്ങൾക്ക് ഈ രക്തസാക്ഷികൾ നൽകിയ ജീവൻ പ്രേരണയാകണം.


വിരുഗനാഷണൽ പാർക്കിലെ ഫോറസ്റ്റുഗാഡുകൾ പറയുന്നത് ഞങ്ങൾ ഏതുനിമിഷവും കൊല്ലപ്പെടാം പക്ഷെ ദൗത്യം തുടരുകതന്നെ ചെയ്യുമെന്നാണ്. പുതിയ ഉൾക്കാഴ്ചകളിൽനിന്നുണ്ടാകുന്ന ഇത്തരം നിലപാടുകളെ ഏറ്റെടുക്കാനാണ് കാലം ആവശ്യപ്പെടുന്നത്.

Green Reporter

Ganesh Anchal

Visit our Facebook page...

Responses

0 Comments

Leave your comment