ഇന്തോനേഷ്യ, പ്രകൃതി ദുരന്തങ്ങൾ വിട്ടൊഴിയാത്ത നാട്




ഇന്തോനേഷ്യ, പ്രകൃതി ദുരന്തങ്ങൾ ഇടവേളകളില്ലാതെ താണ്ഡവമാടുന്ന മണ്ണ്. സുനാമിയും ഭൂകമ്പവും അഗ്നിപർവത സ്ഫോടനങ്ങളുമെല്ലാം ദിനം പ്രതിയെന്നോണം മാറി മാറി പെയ്തിറങ്ങുകയാണ് ഇവിടെ. ഓരോ ദുരന്തങ്ങളും നിരവധി ജീവനുകൾ കവർന്നും ജീവിതങ്ങൾ തകിടം മറിച്ചും വലിയ നാശനഷ്ടങ്ങളും ഉണ്ടാക്കിയുമാണ് കടന്ന് പോവാറ്. ദുരന്തങ്ങളെ പലപ്പോഴും മുൻകൂട്ടി പ്രവചിക്കാൻ കഴിയാത്തതിനാൽ പ്രതിരോധിക്കാൻ സാധിക്കാത്തതിനാൽ ജനങ്ങൾ ഇപ്പോഴും ഉള്ളിൽ  ഭീതിയോടെയാണ് ജീവിക്കുന്നത്.


ശാന്തസമുദ്രത്തിൽ ഫലകങ്ങൾക്ക് ഇടയ്ക്കിടെ സ്ഥാനചലനം സംഭവിക്കുന്ന 'റിങ് ഓഫ് ഫയർ' മേഖലയിലാണ് ഇന്തോനേഷ്യ സ്ഥിതി ചെയ്യുന്നതിനാലാണ് ദുരന്തങ്ങൾ ഇന്തോനേഷ്യയിൽ പതിവാകുന്നത്. പതിനാല് വര്ഷം മുൻപ് സംഭവിച്ച വൻ സുനാമിയെ ഓര്മിപ്പിക്കുമാറാണ് കഴിഞ്ഞ ദിവസം വീണ്ടും സുനാമി ഉണ്ടായത്. 2004 ലെ ക്രിസ്തുമസ് പിറ്റേന്ന് ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിലും ഇന്ത്യയടക്കം ലോകത്തിന്റെ മറ്റുഭാഗങ്ങളിലും സുനാമി ആഞ്ഞടിച്ചിരുന്നു. മൂന്ന് ലക്ഷത്തോളം ആളുകളാണ് അന്ന് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം ഇന്തോനേഷ്യയിലെ സുനാമിയിൽ ജീവൻ നഷ്ടപെട്ടത് 200 ലേറെ പേർക്കാണ്. 


സുമിത്രയ്ക്കും ജാവയ്ക്കുമിടയിലുള്ള സുൻദ കടലിടുക്കിൽ അനാക് ക്രകതോവ അഗ്നിപർവതമാണ് പൊട്ടിത്തെറിച്ചത്. ജാവ ദ്വീപിന്റെ പടിഞ്ഞാരേ അറ്റത്താണ് ഏറ്റവും കൂടുതൽ നാശനഷ്ടം ഉണ്ടായത്.  15 മുതൽ 20 മീറ്റർ ഉയരത്തിൽ വരെയാണ് രാക്ഷസ തിരമാലകൾ ആഞ്ഞടിച്ചത്. 800 ൽ അധികം ആളുകൾക്കാണ് പരിക്കേറ്റത്. 500 ൽ അധികം വീടുകൾ, ഒൻപത് ഹോട്ടലുകൾ, 60 പാചക സ്റ്റാളുകൾ, 350 ബോട്ടുകൾ എന്നിവയ്‌ക്കെല്ലാം നാശനഷ്ടങ്ങൾ സംഭവിച്ചു. പലതും പൂർണ്ണമായി തകർന്നു. നിരവധി മരങ്ങളും കടപുഴകി വീണു. 


1927 ൽ ക്രകതോവ അഗ്നിപർവതം പൊട്ടിത്തെറിച്ചുണ്ടായതാണ് അനാക് ക്രകതോവ എന്ന ദ്വീപ്. ക്രകതോവയുടെ കുട്ടി എന്നാണു അനാക് ക്രകതോവ അറിയപ്പെടുന്നത്. 1883 ലാണ് ക്രകതോവ അതിന്റെ ഉഗ്രരൂപം പുറത്തെടുത്തത്. അന്ന് 30000 പേരാണ് മരിച്ചത്. 41 മീറ്റർ ഉയരത്തിൽ വരെയാണ് അന്ന് തിരമാലകൾ രൂപം കൊണ്ടത്. ആയിരക്കണക്കിന് കിലോമീറ്റർ വരെ പൊട്ടിത്തെറിയുടെ ശബദം കേട്ട് എന്നാണ് പറയപ്പെടുന്നത്. 


കടലിലെ അഗ്നിപർവ്വതങ്ങൾ പൊട്ടിത്തെറിക്കുമ്പോൾ കരയിലേതുപോലെതന്നെ വലിയ അളവിൽ ലാവയും ചാരവും പുകയും പുറത്തുവരാറുണ്ട്. സ്ഫോടനത്തിന്റെ ഫലമായി ഭൂഫലകങ്ങൾ തെന്നിമാറുകയും തന്മൂലം കൂറ്റൻ തിരമാലകൾ രൂപപ്പെടുകയും ചെയ്യും . ജലനിരപ്പ് പെട്ടന്ന് ഉയരുന്നതിനാൽ ഭൂകമ്പത്തെ പോലെ തിരിച്ചറിയാനോ മുൻകരുതൽ എടുക്കാൻ സാധിക്കാതെ വരും. അത്‌കൊണ്ട് തന്നെ ദുരന്തത്തിന്റെ വ്യാപ്തിയും കൂടും. 


ഭൂമിശാസ്ത്ര പരമായി തന്നെ അപകട സാധ്യതയുള്ള മേഖലയിലായതിനാൽ  ഇന്തോനേഷ്യയിലെ ജനങ്ങൾ ഓരോ നിമിഷവും ഭീതി ഉള്ളിൽ ഒളിപ്പിച്ചാണ് കഴിയുന്നത്.  'റിങ് ഓഫ് ഫയർ' പ്രതിഭാസം ഏത് നിമിഷവും സംഭവിക്കാമെന്നതിനാൽ സുനാമിയായോ അഗ്നിപർവത സ്ഫോടനമായോ ഭൂമികുലുക്കമായോ ഏത് നിമിഷവും ഇവരുടെ ജീവിതം തകർന്നടിയാം. എങ്കിലും ഓരോ ദുരിതങ്ങൾക്കപ്പുറവും ജീവിതത്തെ വെല്ലുവിളിയുടെ കണ്ട് മുന്നോട്ട് പോകാനാണ് ഇവിടുത്തെ ജനങ്ങൾക്ക് ഇഷ്‌ടം.

 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment