ലാവോസിന് പിന്നാലെ മ്യാന്മറിലും ഡാം ദുരന്തം.




മ്യാൻമറിലെ ബാഗോ പ്രവിശ്യയിലുള്ള സ്വാർ ചൗങ് ഡാം തകർന്ന് നൂറിലധികം ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. അറ ലക്ഷത്തിലധികം പേരെ മാറ്റിതാമസിപ്പിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മൺസൂൺ മഴയെ തുടർന്ന് ജൂലൈ മധ്യത്തോടെ തന്നെ മ്യാന്മാർ പ്രളയക്കെടുതികൾ നേരിടുന്നുണ്ട്. കഴിഞ്ഞ തിങ്കളാഴ്‌ച തന്നെ ഡാം കവിഞ്ഞൊഴുകാൻ ആരംഭിച്ചിരുന്നു. ബുധനാഴ്ച്ച വൈകുന്നേരത്തോടെ ഡാം ഷട്ടറുകൾ തകരുകയായിരുന്നു. ഡാം കവിഞ്ഞൊഴുകാൻ തുടങ്ങിയപ്പോൾ തന്നെ ജനങ്ങൾ ആശങ്ക പ്രകടിപ്പിച്ചിരുന്നെങ്കിലും ഡാം സുരക്ഷിതമാണെന്നായിരുന്നു അധികൃതർ പറഞ്ഞിരുന്നത്. ഹെക്ടർ കണക്കിന് പ്രദേശത്തെ കൃഷി നശിച്ചതായാണ് പ്രാഥമിക കണക്കുകൾ. മ്യാൻമറിലെ പ്രധാന പട്ടണങ്ങളായ യാങ്കോൺ, മണ്ഡലായ് എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാലം ഒലിച്ച് പോയതോടെ ഗതാഗതം സതംഭിച്ചിരിക്കുകയാണ്. 

 

2001 ലാണ് സ്വാർ ചൗങ് ഡാം നിർമ്മാണം പൂർത്തിയായത്. ഡാമിന്റെ ഡിസൈനിൽ ഉണ്ടായ പിഴവുകളാണ് തകർച്ചയിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. മ്യാൻമറിലെ പ്രളയക്കെടുതിയിൽ ഇത് വരെ ഒന്നര ലക്ഷത്തോളം ആളുകളെ പുനരധിവസിപ്പിക്കേണ്ടി വന്നിട്ടുണ്ട്. കൃഷി നശിച്ചതോടെ ഗ്രാമീണ മേഖലയിൽ ഉള്ളവർ കടുത്ത പട്ടിണി അനുഭവിക്കുന്നതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ മാസം തെക്കൻ ലാവോസിലെ ഡാം തകർന്ന് 27 പേർ കൊല്ലപ്പെട്ടിരുന്നു. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment